പെരുങ്കള്ളന് കഞ്ഞിവച്ച ഉന്നതോദ്യോഗസ്ഥര്‍
ഉയര്‍ന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കി പെരുങ്കള്ളനായ മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ വെട്ടിപ്പുകള്‍ അമ്പരപ്പിക്കുന്നതാണ്. പണം ഇരട്ടിയാക്കിത്തരാമെന്ന തട്ടിപ്പുവീരന്മാരുടെ മോഹനവാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി, ഇത്തരം തട്ടിപ്പുകളില്‍ ജനങ്ങള്‍ ചെന്നുവീഴുന്നത് സാധാരണമാണ്. എത്ര തട്ടിപ്പുകളില്‍ ചെന്നുപെട്ടാലും പിന്നെയും തലവച്ച് കൊടുക്കുക എന്നത് മലയാളിയുടെ സഹജസ്വഭാവമാണ്.
അങ്ങനെയല്ലല്ലോ ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയും ഐ.പി.എസ് അടയാളങ്ങള്‍ വഹിക്കുന്ന പൊലിസ് ഓഫിസര്‍മാരെയും നാം കരുതിപ്പോരുന്നത്. ഏതൊരു കാര്യത്തിലും നിരീക്ഷണബുദ്ധിയോടെയായിരിക്കും അവര്‍ ഇടപെടുക എന്നാണല്ലോ ഇവരെക്കുറിച്ച് പൊതുധാരണ. ഐ.പി.എസ് സിംഹങ്ങള്‍ പത്താംക്ലാസ് പാസാകാത്തവന്റെ വ്യാജഡോക്ടര്‍ പദവിക്ക് മുമ്പില്‍ മയങ്ങിപ്പോയെന്നത് വിശ്വസിക്കാനാവില്ല. സാധാരണക്കാരെ ആകര്‍ഷിക്കാനും അവരില്‍ വിശ്വാസമുണ്ടാക്കാനും മോന്‍സണ്‍ മാവുങ്കലിനെപ്പോലുള്ള പെരുങ്കള്ളന്മാര്‍ അതിനാവശ്യമായ സന്നാഹങ്ങള്‍ ഒരുക്കുക സ്വാഭാവികം. ഉടുപ്പിലും നടപ്പിലും അവര്‍ രാജകുമാരന്മാരെപ്പോലെ തോന്നിപ്പിക്കും. കൊട്ടാര സമാനമായ വീടുകള്‍ വാടകക്കെടുത്ത് വാടക കൊടുക്കാതെ താമസിക്കും. ചെറിയ കൂലി കൊടുത്തു അംഗരക്ഷകരെ വയ്ക്കും. റോഡില്‍ ഓടാന്‍ പറ്റാത്ത ആഡംബര കാറുകള്‍ കാശ് കൊടുക്കാതെ വാങ്ങിയോ വാടകക്കെടുത്തോ വീട്ടുമുറ്റത്ത് നിരത്തും. ഇതെല്ലാം കാണുന്ന സാധാരണക്കാരന്‍ വിശ്വാസം വര്‍ധിച്ച് പെട്ടെന്ന് ലക്ഷപ്രഭുവാകുന്നത് സ്വപ്നം കണ്ട് കിടപ്പാടം വരെ പണയപ്പെടുത്തി പണം തട്ടിപ്പ് രാജാക്കന്മാര്‍ക്ക് കൊടുക്കും. കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്ന് വിരമിക്കുന്നതിന്റെ തൊട്ടുമുമ്പ് കണ്ടെത്തിയ ലോക്‌നാഥ് ബെഹ്‌റക്ക് മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് അത്ഭുതകരം തന്നെ. ഏതോ ആശാരി പണിത കസേരയിലാണ് ഇരിക്കുന്നതെന്നും ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലല്ലെന്നും കണ്ടെത്താന്‍ ബെഹ്‌റക്ക് കഴിഞ്ഞില്ല. അതേപോലെ ചര്‍മ രോഗത്തിനുള്ള ചികിത്സ തേടി കെ.പി.സി.സിയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ കെ.സുധാകരന്‍ കണ്ണൂരില്‍ നിന്നും പലതവണ കൊച്ചിയില്‍ വന്നു എന്നതും അത്ഭുതമുളവാക്കുന്നു. മുഖ്യമന്ത്രിയെ ചവിട്ടിയെന്നവകാശപ്പെടുന്ന കെ.സുധാകരനും ഈ പെരുങ്കള്ളനു മുമ്പില്‍ അത്ഭുതാദരങ്ങളോടെ നിന്നു എന്നതും അതിശയകരം തന്നെ.
ഐ.പി.എസ് ഓഫിസര്‍മാരുടെ കൂട്ടത്തില്‍ ബുദ്ധിമാനും മിടുക്കനുമായ മനോജ് എബ്രഹാം ടിപ്പു സുല്‍ത്താന്റെ വാളെന്ന മട്ടില്‍ ഏതോ കൊല്ലന്‍ പണിത വാള്‍ പിടിച്ചുനില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. രാഷ്ട്രീയപ്പാര്‍ട്ടികളിലെ വമ്പന്‍മാരുടെ ഒരു നിര തന്നെയുണ്ട് മോന്‍സന്റെ സുഹൃദ്‌വലയത്തില്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫ്, ജോസ് കെ. മാണി വിഭാഗം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റ്യന്‍, ഡി.ജി.പി അനില്‍ കാന്ത്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഡി.ഐ.ജി സുരേന്ദ്രന്‍, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, അങ്ങനെ നീളുന്നു തട്ടിപ്പ് രാജാവിന്റെ സൗഹൃദ നിര. മോന്‍സണ്‍ നിരത്തിവച്ച പുരാവസ്തുക്കളുടെ കാലപ്പഴക്കം കാണിക്കുന്ന രേഖ ആവശ്യപ്പെടാന്‍ ഒരു പൊലിസ് ഓഫിസര്‍ക്കും തോന്നിയില്ല.
മിടുക്കരെന്നും പ്രഗത്ഭരെന്നും പൊതുസമൂഹം കരുതിപ്പോരുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയുമാണ് ഈ പെരുങ്കള്ളന്‍ പറ്റിച്ചത്. തട്ടിപ്പില്‍ കുടുങ്ങി കോടികള്‍ നഷ്ടപ്പെട്ടവരെക്കുറിച്ചല്ല കേരളം ആശ്ചര്യപ്പെടുന്നത്. ഇത്തരമൊരു സൂപ്പര്‍ഫ്രോഡിന് വീട്ടില്‍ പൊലിസ് സംരക്ഷണം ഏര്‍പ്പാടാക്കുക, നേരത്തെയുള്ള തട്ടിപ്പു കേസുകള്‍ അട്ടിമറിച്ചു കൊടുക്കുക, ഡി.ഐ.ജിയും എസ്.പിയും ഇയാളുടെ വീട്ടിലെ നിത്യസന്ദര്‍ശകരാവുക, ഇയാള്‍ക്ക് വേണ്ടി പൂത്തിരി കത്തിക്കുക - ഇതൊക്കെയാണ് നടന്നത്.
നമുക്ക് സത്യസന്ധരും മിടുക്കരുമായ എത്രയോ പൊലിസ് ഓഫിസര്‍മാര്‍ ഉണ്ടായിരുന്നു. അവരൊന്നും ഇത്തരം നാണം കെട്ട ഇടപാടുകളില്‍ പെട്ടിരുന്നില്ല. അതിനുകാരണം മോന്‍സണെപ്പോലുള്ള പെരുങ്കള്ളന്മാരില്‍ നിന്നു അവര്‍ നിരീക്ഷണബുദ്ധിയോടെ അകലം പാലിച്ചു എന്നതാണ്. ഇന്നത്തെ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെപ്പോലെ തട്ടിപ്പു വീരന്മാരുടെ ചക്കര വര്‍ത്തമാനത്തില്‍ ഈച്ചകളെപ്പോലെ ചെന്ന് വീഴുന്നവരായിരുന്നില്ല അവരൊന്നും. തങ്ങള്‍ വഹിക്കുന്ന പദവിയെക്കുറിച്ച് ഉത്തമ ബോധ്യമുള്ളവരായിരുന്നു. ഇന്ന് കള്ളന് കഞ്ഞിവച്ച് കൊടുക്കുന്ന പരുവത്തിലേക്ക്, അവര്‍ക്ക് ദാസ്യവേല ചെയ്യുന്നതിലേക്ക് വരെ പല പൊലിസ് ഓഫിസര്‍മാരും അധഃപതിച്ചിരിക്കുന്നു.
2005 മുതല്‍ ഈ തട്ടിപ്പുകാരനെതിരേ പൊലിസ് കേസുകള്‍ ഉണ്ട്. 2018 മുതല്‍ ഇയാള്‍ പെരുങ്കള്ളനാണെന്ന് പൊലിസിന് അറിയാമായിരുന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഉന്നതബന്ധം മുതലാക്കി വാക്ചാതുര്യത്താല്‍ തട്ടിപ്പു നടത്തിപ്പോന്ന മോന്‍സന്റെ പിന്നില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഒരു ഗൂഢസംഘം ഉണ്ടായിരിക്കാം. എന്‍.ഐ.എ പോലുള്ള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുവരൂ. ബെഹ്‌റയെ തുടര്‍ന്നും കൊച്ചി മെട്രോയില്‍ തുടരാന്‍ അനുവദിക്കണോ എന്നതും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കേണ്ടിയിരിക്കുന്നു. തട്ടിപ്പ് വീരന്മാര്‍ ഇനിയും പല രൂപത്തില്‍ പ്രത്യക്ഷപ്പെടും. പെട്ടെന്ന് പണക്കാരാനാകാനുള്ള കൊതിമൂത്ത് സാധാരണക്കാരന്‍ അതില്‍ ഇനിയും വീഴും. പക്ഷേ സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പൊലിസ് ഓഫിസര്‍മാരും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഇത്തരം തട്ടിപ്പുകാര്‍ക്ക് തണലാകുന്നു എന്നത് ഗൗരവമാര്‍ന്ന വിഷയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."