സ്‌നേഹക്കൂട്ടിലെ കുഞ്ഞുങ്ങള്‍, അമ്മമാര്‍
നജീബ് മൂടാടി
മനുഷ്യരും മനുഷ്യജീവിതവും പലപ്പോഴും മഹാത്ഭുതം തന്നെയാണ്. കണക്കുകൂട്ടലുകള്‍ക്കും മുന്‍വിധികള്‍ക്കുമപ്പുറം നമ്മെ അമ്പരപ്പിച്ചുകളയുന്ന മഹാത്ഭുതം. ഈ മക്കളെ കാണുമ്പോഴൊക്കെ ആ അതിശയത്തെക്കുറിച്ച് ഓര്‍ക്കാറുണ്ട്. പിറന്നുവീണ ഉടന്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുകളഞ്ഞ ഈ കുഞ്ഞുങ്ങളാണല്ലോ മാതാപിതാക്കള്‍ക്കുപോലും നല്‍കാനാവാത്ത സ്‌നേഹവും പരിചരണവും അനുഭവിച്ച് ഏറ്റവും മികച്ച സൗകര്യങ്ങളോടെ രാജകീയമായി വളരുന്നതെന്ന്. അവരില്‍ ചിലര്‍ കടല്‍ കടന്ന് അതിലേറെ സൗകര്യത്തോടെ ജീവിക്കുന്നതെന്ന്.
പറഞ്ഞുവരുന്നത്, ശാരീരികമായും ബുദ്ധിപരമായും പ്രയാസമനുഭവിക്കുന്ന കുഞ്ഞാണ് എന്നതിനാല്‍ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട, പരസഹായമില്ലാത്ത ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായരായ കുറെ കുഞ്ഞുമക്കളെ സ്‌നേഹച്ചൂടില്‍ ചേര്‍ത്തുപിടിച്ചു വളര്‍ത്തുന്ന സ്ഥാപനത്തെ കുറിച്ചാണ്. കൊയിലാണ്ടി NESTനെ കുറിച്ചുതന്നെ.
2005ല്‍ കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും അവശരായ മനുഷ്യര്‍ക്കു പാലിയേറ്റിവ് സേവനമായി തുടങ്ങി, 2012ല്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങി ബുദ്ധിപരമായും ശാരീരികപരമായും പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മക്കള്‍ക്കു വേണ്ടിയുള്ള മികച്ച പരിശീലനവും പരിചരണവും നല്‍കുക എന്ന ദൗത്യംകൂടി ഏറ്റെടുത്ത സ്ഥാപനം, ഇന്ന് NIARC (NEST International Acadamy and Research Center) എന്ന പേരില്‍ ഈ രംഗത്തെ ഏറ്റവും പുതിയതും മികച്ചതുമായ സംവിധാനങ്ങളോടെ കൊയിലാണ്ടിയില്‍ ഉദിയച്ചുയര്‍ന്നിരിക്കുകയാണ്. നാലേക്കര്‍ സ്ഥലത്ത് 32,000 സ്‌ക്വയര്‍ ഫീറ്റില്‍ അന്താരാഷ്ട്ര നിലവാരത്തോടെയാണ് ഇന്ന് NIARC പ്രവര്‍ത്തിച്ചുവരുന്നത്.
നെസ്റ്റ് കെയര്‍ ഹോം
ഭിന്നശേഷിരംഗത്ത് NIARC ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതുകൊണ്ടുതന്നെയാണ്, മൂന്നുവര്‍ഷം മുമ്പ് കേരള സര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് അമ്മത്തൊട്ടിലുകളില്‍ ഉപേക്ഷിച്ചുപോകുന്ന കുഞ്ഞുങ്ങളില്‍, ഭിന്നശേഷിക്കാരായ മക്കളെ പ്രത്യേകപരിചരണ നല്‍കി വളര്‍ത്താനുള്ള അന്വേഷണങ്ങളുടെ ഭാഗമായി NIARC നെ സമീപിക്കുന്നത്. നിലവില്‍ സര്‍ക്കാരിനു കീഴിലെ അമ്മത്തൊട്ടിലുകളിൽ ഇതര കുട്ടികൾക്കൊപ്പം ഭിന്നശേഷി കുഞ്ഞുങ്ങളെയും പരിചരിക്കേണ്ടിവരുമ്പോള്‍ പ്രത്യേക ശ്രദ്ധകിട്ടാന്‍ പ്രയാസമുണ്ടായിരുന്നു. അതു മനസിലാക്കി തന്നെയാണ് NIARC ഭാരവാഹികൾ സർക്കാരിന്റെ അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയത്. വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത് എന്നറിഞ്ഞിട്ടും ഭിന്നശേഷിക്കാരും അനാഥരുമായ ഈ കുഞ്ഞുമക്കള്‍ക്കു നേരെ മുഖംതിരിക്കാന്‍ NIARCന് മനസു വന്നില്ല. ആരോഗ്യപ്രശ്‌നങ്ങളും പ്രതിരോധ ശക്തിക്കുറവുമുള്ള ഈ മക്കള്‍ക്കു വേണ്ടി കുറച്ചുകൂടെ സുരക്ഷിതമായും സ്വകാര്യതയോടെയും താമസിക്കാന്‍ ഒരു വീട് വാടകയ്ക്കെടുക്കുകയായിരുന്നു ആദ്യം. ആറുമാസം മുതല്‍ അഞ്ചു വയസുവരെയുള്ള 17 കുഞ്ഞുങ്ങള്‍ അങ്ങനെ ഈ സ്ഥാപനത്തില്‍ എത്തി. അങ്ങനെയാണ് NEST CARE HOME ന്റെ ആരംഭം.
തുടക്കത്തില്‍ കാര്യങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ല. NIARC സ്‌പെഷല്‍ സ്‌കൂളില്‍ വരുന്ന ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം പരിശീലനത്തിന്റെ ഭാഗമായി രക്ഷിതാക്കളും ഉണ്ടാകുമായിരുന്നു. വീട്ടിലും രക്ഷിതാക്കളുടെ കൂടെയാണ് ആ മക്കള്‍. എന്നാല്‍ CARE HOME ലെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ഉറ്റവരായി ആരുമില്ല എന്നത് ചെറിയ വെല്ലുവിളി ആയിരുന്നില്ല. അതും ആരോഗ്യക്കുറവുള്ള, പലവിധ രോഗങ്ങളുള്ള കുഞ്ഞുമക്കള്‍. രാവും പകലും മാറിമാറി ഓരോ കുഞ്ഞുങ്ങളുടെയും കാര്യങ്ങള്‍ നോക്കാന്‍ മാത്രം ഒരു കുട്ടിക്ക് രണ്ടു സ്റ്റാഫുകളെ വീതം നിയമിച്ചു. പുറമെ പാചകം ചെയ്യാന്‍, ശുചീകരണത്തിന്, സെക്യൂരിറ്റി. അങ്ങനെ മറ്റനേകം സ്റ്റാഫുകളും.
അവര്‍ സ്റ്റാഫുകളല്ല, സ്വന്തം അമ്മമാര്‍
ഓരോ കുഞ്ഞും വ്യത്യസ്തരായിരുന്നു. കണ്ണു കാണാത്ത, ചെവി കേള്‍ക്കാത്ത, ഭക്ഷണം കഴിക്കാന്‍ പറ്റാത്ത, ശരീരം ചലിപ്പിക്കാനാവാത്ത... തികച്ചും വ്യത്യസ്ത അവസ്ഥയിലുള്ള കുഞ്ഞുമക്കള്‍. ഈ കുഞ്ഞുങ്ങളെ എങ്ങനെയാണ് പരിപാലിക്കേണ്ടതെന്ന ചോദ്യം ആദ്യമുയര്‍ന്നെങ്കിലും NIARC ലൂടെ ലഭിച്ച പരിശീലനത്തിലൂടെയും ഹൃദയംതുറന്ന സ്‌നേഹംകൊണ്ടും ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ വന്ന ഓരോ സ്റ്റാഫും അവരുടെ പ്രിയപ്പെട്ട അമ്മമാരായി.
രാവും പകലും ഊഴമിട്ട് ആ അമ്മമാര്‍ അവരെ പരിചരിച്ചു. അവര്‍ക്കു കൃത്യസമയത്ത് ഭക്ഷണം നല്‍കി. ഏറ്റവും വൃത്തിയില്‍ അവരെ പരിപാലിച്ചു. മെല്ലെ മെല്ലെ അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ചെറുതായെങ്കിലും അവരില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി.
വായയിലൂടെ കഴിക്കാനാവാത്തതിനാല്‍ മൂക്കില്‍ ട്യൂബിട്ട് ഭക്ഷണം കൊടുക്കേണ്ട കുഞ്ഞിന്റെ കവിള്‍ ചുരുങ്ങിപ്പോവാതിരിക്കാന്‍ ദിവസം 64 പ്രാവശ്യം മസാജ് ചെയ്തു കൊടുക്കേണ്ടതുണ്ട്. മറ്റു കുട്ടികളെപ്പോലെ നിറഞ്ഞ ചിരിയോടെ ആ മുഖം ശോഭിച്ചുനില്‍ക്കുന്നത് ഈ അമ്മമാരുടെ ശ്രദ്ധയോടെയുള്ള മസാജ് കൊണ്ടാണെന്ന് ആരറിയുന്നു. സംസാരശേഷിയില്ലാത്ത, ബുദ്ധിപരമായ പ്രയാസങ്ങളുള്ള കുഞ്ഞിനെ തന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ പരിശീലിപ്പിക്കുന്നത് ടാബില്‍ ഓരോ കാര്യങ്ങള്‍ക്കുമുള്ള ബട്ടന്‍ അമര്‍ത്തുന്നതിലൂടെയാണ്. ഈ പരിചരണവും പരിശീലനവും ഏറെ ക്ഷമ ആവശ്യമായ, ശ്രമകരമായ ദൗത്യമാണെങ്കിലും മടുപ്പില്ലാതെ സന്തോഷത്തോടെ ഇതൊക്കെ നിര്‍വഹിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് കുഞ്ഞുങ്ങളോടുള്ള നിറഞ്ഞ വാത്സല്യമാണ്. അമ്മേ എന്നും ഉമ്മി എന്നും വിളിച്ചും അതിനു കഴിയാത്ത കുഞ്ഞുമക്കള്‍ ചെറിയ ശബ്ദങ്ങളിലൂടെയും നോട്ടംകൊണ്ടും നിഷ്‌കളങ്കമായ സ്‌നേഹത്തോടെ അവരുടെ ഹൃദയത്തിലേക്കാണ് കയറിക്കൂടിയത്.
NIARC ചെയര്‍മാന്‍ അബ്ദുല്ല കരുവഞ്ചേരിയും ജനറല്‍ സെക്രട്ടറി യൂനുസും മറ്റു പ്രധാന ഭാരവാഹികളും സ്ഥാപനത്തിലെ നിത്യസന്ദര്‍ശകരാണ്. കുഞ്ഞുങ്ങളെ കളിപ്പിച്ചും അവരോടൊപ്പം ഒരുപാട് സമയം ചെലവഴിച്ചും ഈ മക്കള്‍ക്ക് ഇവര്‍ ഓരോരുത്തരും ഏറ്റവും പ്രിയപ്പെട്ടവരായി തീര്‍ന്നു. അതുകൊണ്ടുതന്നെ ഏതു പാതിരാവിലും കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും പലപ്പോഴും ഇവര്‍ തന്നെയായിരുന്നു.
ആ കുഞ്ഞുമുഖങ്ങളെ
എങ്ങനെ കാണാതിരിക്കും?
ഇതൊരു വലിയ ഉത്തരവാദിത്വമാണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഈ ദൗത്യം ഏറ്റെടുക്കാന്‍ തയാറായി എന്നതിന് NIARC ജനറല്‍ സെക്രട്ടറി യൂനുസിന്റെ ഉത്തരം ഒരുപാട് ചിന്തിപ്പിക്കുന്നതാണ്.
'മറ്റ് ജീവികളില്‍നിന്ന് മനുഷ്യരെ വ്യത്യസ്തരാക്കുന്നത് ചുറ്റുമുള്ളവരിലെ ദുര്‍ബലര്‍ക്ക് താങ്ങും തണലുമായി കൂടെനില്‍ക്കുന്നതു കൊണ്ടുകൂടിയാണല്ലോ. ഒരേസമയം അനാഥരും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത നിസ്സഹായരുമാണ് ഈ കുഞ്ഞുങ്ങള്‍ ഓരോരുത്തരും. ആ മക്കളെ എങ്ങനെയാണ് കണ്ടില്ലെന്നു വയ്ക്കാനാവുക. ഇതൊരു നിയോഗമായിരിക്കുമെന്ന് വിശ്വസിക്കുന്നു. മനസിന് ഒരുപാട് സംതൃപ്തിയുണ്ട്. NIARCന്റെ ഉത്തരവാദിത്വങ്ങളും തിരക്കുകളും ഏറെയുണ്ടെങ്കിലും ഈ കുഞ്ഞുങ്ങളോടൊപ്പം ഇരിക്കുമ്പോള്‍ മനസിനുണ്ടാവുന്ന ഒരു നിറവുണ്ട്. നമ്മുടെ ജീവിതംകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന സംതൃപ്തി'.
ഇതുതന്നെയാണ് സ്ഥാപനത്തിലെ ഓരോ സ്റ്റാഫിനും പറയാനുള്ളത്. സ്വതവേ പ്രതിരോധശേഷി കുറഞ്ഞ ഈ മക്കള്‍ക്ക് അസുഖങ്ങള്‍ പൊടുന്നനെ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോഴും വര്‍ഷത്തില്‍ 72 ദിവസംവരെ ഈ കുഞ്ഞുങ്ങളുമായി ആശുപത്രിയില്‍ കഴിയേണ്ടി വരുന്നുണ്ട്. പുറത്തു നിന്നുള്ള ഭക്ഷണം ഇവര്‍ക്കുനല്‍കാറില്ല. അവര്‍ക്ക് ഭക്ഷണം തയാറാക്കാന്‍ വേണ്ടി മാത്രം രണ്ടുപേരുണ്ട്. ഇവര്‍ ഉപയോഗിക്കുന്ന സോപ്പും ലോഷനുമടക്കമുള്ള സാധനങ്ങളൊക്കെയും ഏറ്റവും ഗുണനിലവാരമുള്ളത് മാത്രമാണ്.
ഈ മക്കളുടെ ഉറക്കറകള്‍ പോലും വളരെ കരുതലോടെ സംവിധാനിച്ചതാണ്. ധാരാളം കളിപ്പാട്ടങ്ങളും കളിസ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ കുഞ്ഞിനും ആവശ്യമായ തെറാപ്പികള്‍ക്കു വേണ്ടി പ്രത്യേക സ്ഥലങ്ങളും സൗകര്യങ്ങളും സംവിധാനിച്ചിട്ടുണ്ട്.
NEST CARE HOME ന്റെ അഡ്മിന്‍ സ്റ്റാഫ് കൂടിയായ തിരുവനന്തപുരം സ്വദേശിനി നീതുവിന്റെ വാക്കുകളില്‍ ഈ മക്കളോടൊപ്പം കഴിക്കുന്നതിന്റെ എല്ലാ ആഹ്ലാദം തുടിച്ചുനില്‍ക്കുന്നു.
'ഇവിടുത്തെ ഗേറ്റ് കടക്കുന്നതോടെ നമ്മുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മറന്നുപോകും. നിഷ്‌കളങ്കവും നിസ്വാര്‍ഥവുമായ സ്‌നേഹത്തോടെ ഈ കുഞ്ഞുങ്ങള്‍ നമ്മെ ചുറ്റിനില്‍ക്കുമ്പോള്‍ അതില്‍പരം സന്തോഷമെന്താണ്. കിടപ്പിലായ കുഞ്ഞുപോലും നമ്മുടെ ശബ്ദം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ ശ്രദ്ധിക്കും...'
നീതുവിനോടൊപ്പം നസീബ, സമീറ, ആതിര, ശംസീറ, സ്‌നേഹജ, ബിന്ദു, മഞ്ജിത, രമ്യ... അമ്മമാരുടെ നിര നീളുന്നു. ഇവര്‍ക്കായി ഇഷ്ടവിഭവങ്ങള്‍ ഒരുക്കുന്ന റഹ്മത്തും സുഗതയും മറ്റു സ്റ്റാഫുകളായ സുമയും സാജിനയും ശോഭയുമൊക്കെ ഈ കുഞ്ഞുങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
'ഈ മക്കളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുമ്പോള്‍, വേണ്ടതെല്ലാം ചെയ്തുകൊടുക്കുമ്പോള്‍ നമ്മുടെ ജീവിതത്തിനു തന്നെ ഒരര്‍ഥവും വെളിച്ചവുമുള്ളതായി തോന്നും...'- കുട്ടികളുടെ പ്രിയപ്പെട്ട ഉമ്മി നസീബ പറയുന്നു.
നിറഞ്ഞ സ്‌നേഹവും ശ്രദ്ധയും കൃത്യമായ പരിശീലനവും നല്‍കുമ്പോള്‍ ഈ കുട്ടികളില്‍ ക്രമേണയായി ഉണ്ടായിവരുന്ന മാറ്റങ്ങള്‍ നല്‍കുന്ന ആഹ്ലാദം ചെറുതല്ല. കാഴ്ചയില്ലാത്ത, മലവിസര്‍ജനം ചെയ്താല്‍ സ്വന്തം തലയില്‍ പുരട്ടിയിരുന്ന ഓട്ടിസമുള്ള കുഞ്ഞുമോള്‍ ഇപ്പോള്‍ വിസര്‍ജനത്തിനു തോന്നുമ്പോള്‍ അമ്മമാരോട് സൂചിപ്പിക്കുകയും കൈപിടിച്ചു ടോയ്‌ലറ്റിലേക്ക് പോവുന്നതുമൊക്കെ ചെറിയ മാറ്റമൊന്നുമല്ലല്ലോ. പ്രിയപ്പെട്ട അമ്മമാരായാലും മാനേജ്‌മെന്റ് അംഗങ്ങളായാലും അടുത്തുവരുന്ന ശബ്ദം കൊണ്ടുതന്നെ തിരിച്ചറിഞ്ഞ് അവരുടെ മുഖം സന്തോഷംകൊണ്ട് വിടരുന്നത് കാണുമ്പോള്‍ കണ്ണുനിറയാതിരിക്കില്ല. ദിവസങ്ങളോളം ആശുപത്രി വാര്‍ഡില്‍ ഈ മക്കളോടൊപ്പം കഴിയുന്ന അമ്മമാര്‍ ഡോക്ടര്‍മാരടക്കമുള്ള ആശുപത്രി സ്റ്റാഫിനു പോലും അത്ഭുതമാണ്.
ഓണം മറന്ന കൂട്ട്
നീതു ഒരിക്കല്‍ ഓണത്തിന് നാട്ടിലേക്കു പോകാനിറങ്ങുമ്പോഴാണ് പെട്ടെന്ന് ഒരു കുഞ്ഞിന് അപസ്മാരം വന്നതും എടുത്ത് ആശുപത്രിയിലേക്ക് ഓടിയതും. വീട്ടിലേക്ക് പോകാന്‍ പറഞ്ഞിട്ടും കുഞ്ഞിനെ ഈ അവസ്ഥയില്‍ ഇട്ടുപോകാന്‍ മടിച്ച് ആ ഓണം സ്വന്തം മക്കളോടും കുടുംബത്തോടുമൊപ്പം കൂടാതെ ആശുപത്രിയിലാണ് അവർചെലവഴിച്ചത്. മരുന്നുകളേക്കാളും പരിശീലനങ്ങളേക്കാളും ഇവരുടെ ഈ അടുപ്പവും സ്‌നേഹവുമാണ് ഈ മക്കളുടെ വളര്‍ച്ച...' - സെക്രട്ടറി യൂനുസ് പറഞ്ഞു.
സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്ന് പരിശോധനയ്ക്കു വരുന്നവര്‍ക്ക് ഈ സ്ഥാപനത്തിന്റെയും കുഞ്ഞുങ്ങളുടെയും വൃത്തിയും വെടിപ്പും സംവിധാനങ്ങളും അത്ഭുതമാണ്. ഓരോ കുഞ്ഞിൻ്റെയും പിറന്നാള്‍ ഇവിടെ ആഘോഷിക്കുമ്പോള്‍, കൂടപ്പിറപ്പുകളേക്കാളും അടുപ്പവും സ്‌നേഹവും ഈ മക്കളില്‍ പരസ്പരം വിടരുമ്പോള്‍ ഏറ്റെടുത്ത ദൗത്യം സഫലമായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മാനേജ്‌മെന്റും സ്റ്റാഫ് അംഗങ്ങളും.
ആദ്യമെത്തിയ 17 കുഞ്ഞുങ്ങളില്‍ ഏഴുപേരെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വിദേശങ്ങളിലേക്ക് ദത്തെടുക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ CARA ( Cetnral Adoption Resource Authortiy) വഴിയാണ് ദത്തെടുക്കുന്നത്. സ്‌പെയിന്‍, ഫിന്‍ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലായി ദത്തെടുക്കപ്പെട്ട ഏഴു മക്കളും വളരെ സന്തോഷമായാണ് ആ കുടുംബങ്ങളോടൊപ്പം ജീവിക്കുന്നതെന്ന് ഓരോ മാസവും അവരയുക്കുന്ന ചിത്രങ്ങളും വിഡിയോകളും വിളികളും സാക്ഷ്യപ്പെടുത്തുന്നു.
'എനിക്കേറ്റവും പ്രിയപ്പെട്ട മോനെ ഇവിടെനിന്ന് ദത്തെടുത്തപ്പോള്‍ ഞാനാകെ തകര്‍ന്നുപോയിരുന്നു. ഇവിടെ വരുമ്പോള്‍ നടക്കാന്‍ പോലുമാവാതിരുന്ന ആ കുഞ്ഞിനെ മെല്ലെ മെല്ലെ നടത്തം പരിശീലിപ്പച്ചെടുത്തതൊക്കെ ഞങ്ങളാണ്. വല്ലാത്ത വേദനയായിരുന്നു അവന്‍ പോയശേഷമുള്ള കുറെ ദിവസം. ഇങ്ങോട്ടുവരാന്‍ പോലും തോന്നിയില്ല. ഇപ്പോള്‍ അവന്‍ സൈക്കിള്‍ ചവിട്ടുന്നതും നീന്തുന്നതുമൊക്കെ വിഡിയോയില്‍ കാണുമ്പോള്‍ വല്ലാത്ത സന്തോഷമുണ്ട്...'- ഇത് പറയുമ്പോള്‍ നസീബയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.
എങ്ങനെ വളര്‍ത്തുമെന്ന ആശങ്കയില്‍, തങ്ങള്‍ക്ക് ഭാരമാവുമോ എന്ന പേടിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുകളഞ്ഞ മക്കളാണ് ആ മാതാപിതാക്കള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത സൗകര്യങ്ങളോടെയും സന്തോഷത്തോടെയും മറ്റൊരു രാജ്യത്ത് ജീവിക്കുന്നത്. കേരളത്തില്‍ ഇതുപോലുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടി മറ്റൊരു സ്ഥാപനവും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരും മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നത് NEST CARE HOME ആണ്.
ഇത് ചെറിയ ലോകമല്ല
സഹജീവികളോടുള്ള കരുണ്യത്തോടൊപ്പം ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ ഈ കാര്യങ്ങള്‍ ചെയ്യാം എന്ന ഭാവനാത്മകവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ചിന്തയും പ്രവര്‍ത്തനങ്ങളുമാണ് NIARC നെ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ഭിന്നശേഷി സ്ഥാപനങ്ങളിലൊന്നായി മാറ്റിയത്. ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരങ്ങളില്‍ ഏറ്റവും മികച്ച റിഹാബിലിറ്റേഷന്‍ സെന്ററിനുള്ള അവാര്‍ഡ് NIARC നാണ് ലഭിച്ചത്.
നാട്ടിലെ സാധാരണ കൂലിത്തൊഴിലാളി മുതല്‍ വലിയ വ്യവസായികള്‍ വരെ NIARC യുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞും നേരില്‍ക്കണ്ടും സാമ്പത്തികമായി സഹായിക്കാറുണ്ട്. ഖത്തര്‍, യു.എ.ഇ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ കൂട്ടായ്മയായ NIARC ഗള്‍ഫ് ചാപ്റ്ററുകള്‍ നല്‍കുന്ന സാമ്പത്തിക പിന്തുണയാണ് ദൈനംദിന പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതും പുതിയ ആശയങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പിന്തുണയാവുന്നതും. അതോടൊപ്പം സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ അടക്കം വളണ്ടിയര്‍മാരായും അല്ലാതെയും ഈ സ്ഥാപനത്തിനൊപ്പം നില്‍ക്കുന്നുണ്ട്.
ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി NEST കെയര്‍ ഹോമിലെ കുഞ്ഞുമക്കളോടൊപ്പം ദിവസങ്ങളോളം താമസിച്ച് ആ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ടവരായി നിറഞ്ഞ കണ്ണുകളോടെ തിരിച്ചുപോകുന്ന ഓരോ വിദ്യാര്‍ഥിയും പറയുന്നത്, ഈ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തങ്ങള്‍ അനുഭവിച്ച സ്‌നേഹത്തെക്കുറിച്ചാണ്. തിരക്കുകളും സമ്മര്‍ദങ്ങളും മാത്രമുള്ള ജീവിതത്തിനിടയില്‍ കുഞ്ഞുങ്ങളോടൊപ്പം നില്‍ക്കുമ്പോള്‍ ലഭിക്കുന്ന തിരിച്ചറിവും ഉള്‍ത്തണുപ്പും ചെറുതല്ല.
നിലവില്‍ NEST CARE HOME പഴയ വാടകവീട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപന നടത്തിപ്പിനായി പ്രതിമാസം ഭീമമായ ചെലവു വരുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അപര്യാപ്തമാണ്. സാമ്പത്തിക പ്രയാസമുണ്ടെങ്കിലും ഈ കുഞ്ഞുങ്ങളെ ഒന്നിനും ഒരു കുറവുമില്ലാതെ ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. അടുത്ത മാസത്തേക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന് പകച്ചു നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഏതെങ്കിലും സുമനസുകളുടെ സഹായം എത്താറുണ്ട്. ഈ കുഞ്ഞുജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതു പോലെ ഇങ്ങനെ ചില നിയോഗങ്ങള്‍കൂടി നമുക്കുണ്ടല്ലോ എന്ന് തിരിച്ചറിയുന്ന മനുഷ്യരാണ് NIARC നെയും NEST CARE HOME നെയുമൊക്കെ നിലനിര്‍ത്തുന്നത്. അവനവനുവേണ്ടി മാത്രം ജീവിക്കുമ്പോഴല്ലല്ലോ നാം മനുഷ്യരാവുന്നത്.
പിറന്നുവീണ ഉടനെ അനാഥരായിപ്പോവുക എന്നതിലും വലിയ വേദനയില്ല. വാവിട്ടു കരയാന്‍ പോലും കഴിവില്ലാത്ത, പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത ശാരീരികാവസ്ഥ കൂടി ആവുമ്പോള്‍...
എന്നിട്ടും ഈ കുഞ്ഞുങ്ങള്‍ സുരക്ഷിതമായി വളരുകയാണ്. സ്വന്തം അമ്മയുടെ മാറോട് ചേര്‍ന്നുറങ്ങാന്‍ യോഗമില്ലാത്തവരെങ്കിലും അവരെ നെഞ്ചോട് ചേര്‍ക്കാന്‍ എത്ര അമ്മമാര്‍. അവര്‍ക്ക് താങ്ങും തണലുമായി എത്രയെത്ര മനുഷ്യര്‍.
സ്‌നേഹത്തിന്റെ വലിയൊരു ലോകമാണ് ഈ മക്കളിലൂടെ നിർമിക്കപ്പെടുന്നത്. വെറുപ്പും വിദ്വേഷവും പകയും മത്സരവുംകൊണ്ട് ഇടുങ്ങിപ്പോയ നമ്മുടെ ചെറിയ ലോകമല്ല, നിഷ്‌കളങ്കവും നിസ്വാര്‍ഥവുമായ സ്‌നേഹം കൊണ്ട് നമ്മെ അമ്പരപ്പിക്കുന്ന, നമ്മളെത്ര നിസാരരാണെന്ന് മനസിലാക്കിത്തരുന്ന വലിയ ലോകം. ഈ മക്കള്‍ക്ക് താങ്ങാവുമ്പോള്‍ നന്മയുടെ കുഞ്ഞുവെളിച്ചം കൊണ്ട് നമ്മുടെ ജീവിതംകൂടി സുന്ദരമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."