മോന്‍സന്റെ പക്കല്‍നിന്ന് കസ്റ്റഡിയിലെടുത്ത കാറുകളില്‍ കരീനാ കപൂറിന്റെ പോര്‍ഷെയും
ആലപ്പുഴ: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍നിന്ന് പൊലിസ് നേരത്തെ കസ്റ്റഡിയിലെടുത്ത കാറുകളില്‍ ബോളിവുഡ് താരം കരീനാ കപൂറിന്റെ ആഡംബരകാറായ പോര്‍ഷെ ബോക്സ്റ്ററും.
ശ്രീവത്സം ഗ്രൂപ്പുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊലിസ് പിടിച്ചെടുത്ത കാരവന്‍ ഉള്‍പ്പടെ പിടിച്ചെടുത്ത 21 വാഹനങ്ങളുടെ കൂട്ടത്തിലാണ് കരീന കപൂറിന്റെ പേരില്‍ മുംബൈയില്‍ 2007 ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറും ഉള്‍പ്പെടുന്നത്. ഒരു വര്‍ഷമായി ചേര്‍ത്തല പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്നു നശിക്കുകയാണ് ഈ കാറുകള്‍. മഹാരാഷ്ട്ര ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന പഴയ ആഡംബരകാറുകള്‍ കുറഞ്ഞവിലയ്ക്ക് വാങ്ങി വീടിന് മുന്നില്‍ നിരത്തിയിട്ടു താന്‍ സമ്പന്നനാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് മോന്‍സണിന്റെ രീതിയായിരുന്നു. കരീന കപൂര്‍ ഉപയോഗിച്ചിരുന്ന കാര്‍ മോന്‍സണിന്റെ പേരിലേക്ക് മാറ്റിയതായി രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ല.
ഇപ്പോഴും വാഹനരജിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ കരീന കപൂറിന്റെ മുംബൈയിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. പിടിച്ചെടുത്ത് പൊലിസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുന്ന 20 ഓളം കാറുകളുടെ രേഖകളോ വിശദാംശങ്ങളോ മോന്‍സണ്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് മാത്രമല്ല അതുസംബന്ധിച്ച് അന്വേഷിക്കാന്‍ പൊലിസ് തയാറായിട്ടുമില്ല. വാഹനങ്ങള്‍ ആരുടെ ഉടമസ്ഥയിലുള്ളതാണെന്നോ മോഷ്ടിക്കപ്പെട്ടവയാണോയെന്ന കാര്യങ്ങളിലൊന്നും ചേര്‍ത്തല പൊലിസിന് വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."