വരൂ നമുക്കും ഭക്ഷിക്കാം
ഷാഫി കടമേരി
അയാള്‍ സ്റ്റാര്‍ബക്‌സ് ഷോപ്പില്‍ കയറി.
മഴപെയ്ത് ചെറുതായി നനഞ്ഞ ഷൂ
ചവിട്ടിയില്‍ അമര്‍ത്തിത്തുടച്ചു.
നീങ്ങിപ്പോയ നൂലിനടിയില്‍നിന്ന്
പിഞ്ചുകുഞ്ഞിന്റെ മൃതശരീരം
ഒരു നോക്കുകണ്ടു.
തലയ്ക്കു മീതെ തണുപ്പ്
പരത്തിക്കൊണ്ടിരിക്കുന്ന
എ.സിയില്‍നിന്ന് ചോരയുടെ
വാസന അടിച്ചുവീശി.
ഓര്‍ഡര്‍ ചെയ്തു വരുത്തിയ
ബര്‍ഗറിന്റെയുള്ളില്‍നിന്ന്
ഒരു കുട്ടിയുടെ കൈയും
മാസം തികഞ്ഞ ഒരു ഗര്‍ഭപാത്രവും
പുറത്തേക്കു തെറിച്ചുനില്‍ക്കുന്നു.
ചോദിച്ചുവാങ്ങിയ കോക്കോകോളയുടെ
നിറം കടുംചുവപ്പായിരിക്കുന്നു.
ഇളംചോരയുടെ മത്തുപിടിക്കുന്ന മണവും.
അയാള്‍ എല്ലാം ആസ്വദിച്ചുകഴിച്ചു.
ബില്‍ കൊണ്ടുവന്നു.
കുട്ടിയുടെ കൈയുടെ
ആകൃതിയുള്ള ബില്ലില്‍ പേനകൊണ്ട്
അയാളുടെ പേര് തെളിഞ്ഞുകണ്ടു.
കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരാണെന്ന്
ഉറപ്പു വരുത്തിയശേഷം അയാള്‍ പറഞ്ഞു:
ഫലസ്തീനില്‍ നിന്ന് ഇറക്കുമതിചെയ്ത
വിഭവങ്ങള്‍ വളരെ നന്നായിരുന്നു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."