എസ്.ബി.ടി ജീവനക്കാരുടെ ദേശീയ സമ്മേളനത്തിന് തുടക്കം
മലപ്പുറം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് യൂനിയന്റെ ദേശീയ ജനറല്‍ കൗണ്‍സിലിന്റെ ദ്വിദിന സമ്മേളനത്തിന് മലപ്പുറത്തു തുടക്കം.പ്രതിനിധി സമ്മേളനം ബാങ്ക് യൂനിയന്‍ ഐക്യവേദി സംസ്ഥാന കണ്‍വീനറും എ ഐ ബി ഇ എ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി. ഡി. ജോസ്സന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരുടെയും അതാതു സംസ്ഥാന സര്‍ക്കാറുകളുടെയും കനത്ത ചെറുത്തു നില്പ്പിനെ അവഗണിച്ചുകൊണ്ട് അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന് നിരക്കാത്തതുമാണെന്ന് ജോസ്സന്‍ അഭിപ്രായപ്പെട്ടു.
തെറ്റായ സാമ്പത്തിക നയം തിരുത്തും വരെ പോരാട്ടം തുടരുമെന്നും ഈ ആവശ്യം കൂടി ഉന്നയിച്ചുകൊണ്ട്, ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി നടത്തുന്ന സെപ്തംബര്‍ രണ്ടിലെ പണി മുടക്കില്‍ എ ഐ ബി ഇ എ, എ ഐ ബി ഒ എ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും അണിചേരുമെന്നു ജോസ്സന്‍ അറിയിച്ചു. എസി ബി ടി ഇ യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് അനിയന് മാത്യു അധ്യക്ഷനായി. ട്രഷറര്‍ പി വി പ്രസാദ് കണക്ക് അവതരിപ്പിച്ചു.
വൈകുന്നേരം കോട്ടപ്പടി ഫെഡറല്‍ ബാങ്ക് പരിസരത്തു നിന്നും ആരംഭിച്ച ജീവനക്കാരുടെ പ്രകടനം, ബാങ്ക് ലയന നീക്കത്തിനെതിരായ ശക്തമായ താക്കീതായി മാറി. ടൗണ്‍ഹാളില്‍ നടന്ന പൊതു സമ്മേളനം തദ്ദേശ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. സേവ് എസ് ബി ടി ഫോറം സംസ്ഥാന കണ്‍വീനര്‍ പന്ന്യന്‍ രവീന്ദ്രന്, പി ഉബൈദുള്ള എം എല്‍ എ, എ ഐ ബി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഡി. ഗോപിനാഥ്, എസ് ബി ടി ആര് എ ജനറല്‍ സെക്രട്ടറി സി. ഗോപിനാഥന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ബി കെ പ്രദീപ് നന്ദി പറഞ്ഞു. വൈകീട്ട് ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി. പ്രതിനിധി സമ്മേളനം നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."