HOME
DETAILS
MAL
ഇക്വഡോര്‍ ജയിലില്‍ സംഘര്‍ഷം; മരണം 116 ആയി
backup
October 01 2021 | 04:10 AM
ക്വിറ്റോ: ഇക്വഡോറിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലില്‍ 116 പേര്‍ കൊല്ലപ്പെട്ടു. ജയിലിനുള്ളിലും പുറത്തും വെടിവയ്പും സ്‌ഫോടനങ്ങളും മറ്റ് ആക്രമണങ്ങളുമുണ്ടായതോടെ രാജ്യത്ത് ജയില്‍മേഖലയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഗ്വായാക്വില്‍ നഗരത്തിലെ ജയിലില്‍ ചൊവ്വാഴ്ചയാണ് സംഘര്‍ഷം ആരംഭിച്ചത്. തടവിലുള്ള മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രണാതീതമാകുകയായിരുന്നു. വെടിയേറ്റും സ്‌ഫോടനങ്ങളിലുമായാണ് നൂറിലേറെപേര്‍ കൊല്ലപ്പെട്ടത്. പത്തോളം മൃതദേഹങ്ങള്‍ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്നാണ് വിവരം. 80ലേറെ പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുമുണ്ട്.
രാജ്യം കണ്ട ഏറ്റവും വലിയ ജയില്‍ സംഘര്‍ഷമാണ് ഗ്വായാക്വിലില്‍ നടന്നതെന്ന് ഇക്വഡോര്‍ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് ജയില്‍മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് രംഗത്തെത്തിയത്. ജയിലുകള്‍ക്കുള്ളില്‍ സൈന്യത്തെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കു സര്‍ക്കാരിന് അനുവാദം നല്‍കുന്നതാണ് ഈ തീരുമാനം.രാജ്യാന്തര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള കുറ്റവാളികളാണ് ഈ ജയിലിലുള്ളത്. ജയിലില്‍ ആധിപത്യം നേടാന്‍ ഇവരിലെ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണ് ഇത്രയും വലിയ സംഭവങ്ങളിലേക്കു നയിച്ചതെന്നാണ് വിവരം. ആക്രമണം തുടര്‍ന്നതോടെ ജയിലില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."