എല്ലാം ഊഹാപോഹങ്ങള്‍, ആ അജ്ഞാതശബ്ദത്തിന് പിന്നില്‍ ഇതാണ്; കാരണം കണ്ടെത്തി ഭൗമശാസ്ത്ര വകുപ്പ്
കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് വീട്ടിനുള്ളിലെ അജ്ഞാതശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി. പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിന് കാരണം സോയില്‍ പൈപ്പിങ് കുഴലീകൃത മണ്ണൊലിപ്പ്). സ്ഥലത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സഹായത്തോടെ ഭൗമശാസ്ത്ര വകുപ്പാണ് കാരണം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തും. വീട് നില്‍ക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകള്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിര്‍മ്മാണം എന്നും പരിശോധിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ഥലം എം. എല്‍. എയും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റവന്യൂ മന്ത്രി വിദഗ്ദ സംഘത്തെ അയച്ചത്.
സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് & റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്, ജിയോളജി ഹസാര്‍ഡ് അനലിസ്റ്റ് അജിന്‍ ആര്‍.എസ്. എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുഴക്കത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണ്.
വീട് നില്‍ക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പുറത്ത് വിടുന്ന മര്‍ദ്ദം, ഖനനം തുടങ്ങിയവയാണ് ശബ്ദം കേള്‍ക്കാനുള്ള മറ്റ് കാരണങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറികള്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. ഫയര്‍ഫോഴ്‌സും ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."