മിഗ്‌ജോം ഇന്ന് കരതൊടും; കേരളത്തിലും മഴ തുടരുമെന്ന് പ്രവചനം; ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് തുടരുന്നു
മിഗ്‌ജോം ഇന്ന് കരതൊടും; കേരളത്തിലും മഴ തുടരുമെന്ന് പ്രവചനം; ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് തുടരുന്നു
തിരുവനന്തപുരം: ചെന്നൈ നഗരത്തെ പ്രളയത്തില്‍ മുക്കിയ മിഷോങ് ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനോടകം തീവ്രചുഴലിക്കാറ്റായി മാറിയ മിഷോങ് 110 കിലോ മീറ്റര്‍ വേഗതയിലായിരിക്കും കരതൊടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ മറ്റ് രണ്ട് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ചുഴലിക്കാറ്റിന്റെ കെടുതി വ്യാപകമാവാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. എങ്കിലും കേരള തീരത്ത് കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും 05-12-2023 രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ആയതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നുമാണ് നിര്‍ദേശം.
അതേസമയം നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിലായിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടാനിരിക്കെ തമിഴ്‌നാട്ടിലും, ആന്ധ്രയിലും അതീവ ജാഗ്രത നിര്‍ദേശം തുടരുകയാണ്. ഇതുവരെ 5 പേരാണ് മഴക്കെടുതി മൂലം മരണപ്പെട്ടത്. ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചിടും. 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് അവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."