ജില്ലാ വികസന സമിതി യോഗം തീരദേശ മേഖലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം
മലപ്പുറം: ജില്ലയുടെ തീരദേശ മേഖലയില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും ശാശ്വത സമാധാനം നില്‍നിര്‍ത്താനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ പ്രമേയം. പി.വി അബ്ദുല്‍ വഹാബ് എം.പി അവതരിപ്പിച്ച പ്രമേയം ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പ്രമേയത്തിലുണ്ട്. തീരദേശത്ത് വികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും യുവജനങ്ങളുടെ ക്രിയാത്മകതയും സൗഹാര്‍ദ്ദവും വളര്‍ത്തുന്നതിനുതകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രാമ വികസന വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന വി.ഇ.ഒ തസ്തികയില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി. ഉബൈദുള്ള എംഎല്‍എ അവതരിപ്പിച്ച പ്രമേയവും രോഗികളടക്കമുള്ള ധാരാളം യാത്രക്കാര്‍ ആശ്രയിക്കുന്ന രാജ്യറാണി എക്‌സ്പ്രസ് അമൃത എക്‌സ്പ്രസില്‍ നിന്നും സ്വതന്ത്രമാക്കി കൂടുതല്‍ ബോഗികളനുവദിക്കണമെന്നുമാവശ്യപ്പെട്ട് ടി.വി ഇബ്രാഹിം എംഎല്‍എ അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു.
പൊതുമരാമത്ത് - ദേശീയപാത റോഡുകളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനിടുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന കുഴികളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശാ വര്‍ക്കര്‍മാരുടെയും ലാബ് ടെക്‌നീഷ്യന്മാരുടെയും മുടങ്ങിക്കിടക്കുന്ന ശമ്പളം, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകള്‍, വേങ്ങര ബൈപാസ്, മലപ്പുറം - കോട്ടപ്പടി ബൈപാസ്, കഞ്ഞിപ്പുര - മൂടാല്‍ റോഡ് വൈദ്യുതീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന പരിരക്ഷാപദ്ധതി, പ്രതിരോധ കുത്തിവെപ്പ് ബോധവത്കരണം, മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൊതുമരാമത്ത് വിഭാഗം പ്രവര്‍ത്തനം തുടങ്ങല്‍, ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിജ്, ആനക്കയം അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സെന്റര്‍, പൊന്നാനിയില്‍ കൃഷി വകുപ്പ് ജീവനക്കാരുടെ ഒഴിവുകള്‍, നിലമ്പൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പുറമ്പോക്ക് ഭൂമി ഏറ്റെടുക്കല്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം, തിരൂര്‍ നഗരസഭ പ്രദേശത്തെ ജലസ്രോതസുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധന, എടപ്പറ്റ പഞ്ചായത്തില്‍ സോളാര്‍ ഫെന്‍സിങ്, മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പൈപ്പ്‌ലൈന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടപടി ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധ്യക്ഷ നിര്‍ദേശം നല്‍കി.
പി.വി അബ്ദുല്‍ വഹാബ് എം.പി, എംഎല്‍.എമാരായ വി. അബ്ദുറഹിമാന്‍, ടി.എ അഹമ്മദ് കബീര്‍, ടി.വി ഇബ്രാഹിം, സി. മമ്മുട്ടി, എം. ഉമ്മര്‍, പി. ഉബൈദുള്ള, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഇ. അഹമ്മദ് എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ പ്രതിനിധി പി. വിജയന്‍, മന്ത്രി കെ.ടി ജലീന്റെ പ്രതിനിധി പി. മന്‍സൂര്‍, പൊന്നാനി, മഞ്ചേരി, നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍മാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) എന്‍.കെ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."