ഏഴാം ക്ലാസുകാരനെ കാണാതായി; എട്ട് മണിക്കൂർ കൊണ്ട് കണ്ടെത്തി ദുബൈ പൊലിസ്, തിരച്ചിലിന് ഡ്രോണും നൂതന സംവിധാനങ്ങളും
ഏഴാം ക്ലാസുകാരനെ കാണാതായി; എട്ട് മണിക്കൂർ കൊണ്ട് കണ്ടെത്തി ദുബൈ പൊലിസ്, തിരച്ചിലിന് ഡ്രോണും നൂതന സംവിധാനങ്ങളും
ദുബൈ: ദുബൈയിൽ ഇന്നലെ വൈകീട്ട് മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് അറേബ്യൻ റാഞ്ചിലെ സഹീൽ ഗേറ്റ് 1 ൽ കാണാതായ വിദ്യാർഥിയെ അർധരാത്രിയോടെയാണ് കണ്ടെത്തി കുടുംബത്തെ ഏൽപ്പിച്ചത്. കുട്ടിയെ കണ്ടെത്തിയ ദുബൈ പൊലിസിനും കുട്ടിക്ക് വേണ്ടി രംഗത്തുവന്ന ദുബൈ നിവാസികൾക്കും കുടുംബം നന്ദി അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായ സംഭവം പൊലിസിൽ വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് പൊലിസ് അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടെത്താൻ ഡ്രോണുകളും സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് അവർ അതിവേഗം തിരച്ചിൽ ആരംഭിച്ചു.
കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തുവിട്ടതോടെ അറേബ്യൻ റാഞ്ചുകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി നിവാസികൾ തിരച്ചിലിൽ സജീവമായി. ദുബൈ സമൂഹം ഒറ്റക്കെട്ടായി കുട്ടിയുടെ ഫോട്ടോയുമായി അയൽപക്കങ്ങളിലൂടെ അശ്രാന്തമായി സഞ്ചരിക്കുകയും കുറ്റിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ഒടുവിൽ അർധരാത്രിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനാൽ കുട്ടി നിരാശനായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു. ഇതേതുടർന്ന് കുട്ടി വീട് വിട്ട് പോവുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി സുരക്ഷിതനാണ്.
കുട്ടിയെ കണ്ടെത്താൻ വേണ്ടി പരിശ്രമിച്ച ദുബൈ പൊലിസിനും നാട്ടുകാർക്കും നന്ദി അറിയിച്ച് കുട്ടിയുടെ കുടുംബം രംഗത്ത് വന്നു. "സഹായിച്ച ഓരോ വ്യക്തിക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി. ഞങ്ങളെ ഒരിക്കലും അറിയാത്ത ആളുകൾ സഹായിക്കാൻ മുന്നോട്ട് വന്നു. നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിൽ നിന്നും എനിക്ക് കോളുകൾ വരുന്നുണ്ട്… ഇതൊരു വികാരനിർഭരമായ നിമിഷമാണ്." - കുടുംബം വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."