വിപിഎൻ ഉപയോഗിക്കുന്ന പ്രവാസിയാണോ?; പിടിവീണാൽ 10 ലക്ഷം റിയാൽ പിഴയടക്കേണ്ടി വരും
വിപിഎൻ ഉപയോഗിക്കുന്ന പ്രവാസിയാണോ?; പിടിവീണാൽ 10 ലക്ഷം റിയാൽ പിഴയടക്കേണ്ടി വരും
റിയാദ്: വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) ഉപയോഗിച്ച് നിരോധിത വെബ് സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്നവരെ പിടികൂടാൻ നടപടിയുമായി സഊദി അറേബ്യ. പൊലിസോ മറ്റു അധികാരികളോ ഫോണിൽ വിപിഎൻ കണ്ടെത്തിയാൽ കനത്ത നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓർമപ്പെടുത്തുകയാണ് അധികൃതർ. പിടിക്കപ്പെട്ടാൽ 10 ലക്ഷം റിയാൽ ( രണ്ടേകാൽ കോടിയോളം ഇന്ത്യൻ രൂപ) പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
സഊദിയിൽ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉള്ള പ്രവാസികളിൽ പലരും വിപിഎൻ ഉപയോഗിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ ഇത്തരം ആപ്പുകൾ ഉടൻ ഒഴിവാക്കിയില്ലെങ്കിൽ കോടികൾ തന്നെ പിഴ അടക്കേണ്ട ശിക്ഷ ലഭിക്കും. നിലവിൽ ഉള്ള ജോലി പോകാനും രാജ്യത്ത് നിന്ന് നാട് കടത്താൻ ഉൾപ്പെടെ ഇത്തരം നടപടികൾ കാരണമാകും. സഊദിയിലെ കമ്യൂണിക്കേഷൻ, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (സിഐടിസി) ആണ് രാജ്യത്തിന്റെ പാരമ്പര്യത്തിനും സാമൂഹികവും മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും എതിരായിട്ടുള്ളതും രാജ്യസുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നത്.
വിപിഎൻ ഉപയോഗിച്ച് നിരോധിക്കപ്പെട്ട വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാൻ കഴിയും എന്നതിനാൽ പ്രവാസികൾ ഇത് ഉപയോഗിച്ച് വരുന്നത്. സഊദിയിൽ വാട്സ്ആപ്പിൽ ഓഡിയോ വീഡിയോ കാളിങിന് നിരോധനമുണ്ട്. അത് മറികടക്കാൻ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലുമുള്ള പലതരം വിപിഎൻ ഇൻസ്റ്റാൾ ചെയ്താണ് പ്രവാസികൾ വീഡിയോ ഓഡിയോ കോൾ ഉപയോഗിച്ച് നാട്ടിലേക്ക് വിളിക്കുന്നത്.
നിയമചട്ടങ്ങളെയും ശിക്ഷയെക്കുറിച്ചും മതിയായ തിരിച്ചറിവില്ലാതെയാണ് മിക്കവർക്കും സ്വന്തം ഫോണിൽ ഇവ ഉപയോഗിക്കുന്നത്. ഇൻസ്റ്റാൾ ചെയ്ത് മൊബൈലിൽ ഹൈഡ് ചെയ്ത് ഉപയോഗിച്ചാലും പൊലിസ് പരിശോധനയിൽ വളരെ എളുപ്പത്തിൽ ഇവ കണ്ടുപിടിക്കാനാവും. പരിശോധനയിൽ നിരോധിക്കപ്പെട്ട ഏതേലും വെബ്സൈറ്റ് തുറന്നതായി തെളിയുന്ന പക്ഷം സൗദി ആന്‍റി സൈബർ കുറ്റകൃത്യ നിയമം ചട്ടം മൂന്ന് അനുസരിച്ച് അഞ്ച് ലക്ഷം റിയാൽ പിഴശിക്ഷ ലഭിക്കും.
അർധ നഗ്നത വെളിവാക്കുന്ന സൈറ്റുകൾ, ലൈംഗീക ന്യൂനപക്ഷ(എൽജിബിടി) അവകാശങ്ങളും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകൾ, ഡേറ്റിങ് ആപ്പുകളും സൈറ്റുകളും, രാജ്യത്തിനും സർക്കാർ നയങ്ങൾക്കും എതിരായ ഉള്ളടക്കങ്ങളുള്ള വാർത്താ പോർട്ടലുകൾ, സ്വദേശി ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നതും അസ്ഥിരതയും അരാജകത്വും അതിക്രമങ്ങളും വിഭാഗീയതയും സൃഷ്ടിക്കുന്നതുമായ ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകൾ എന്നിങ്ങനെ നിരോധനമുള്ള ഏത് സൈറ്റ് ഉപയോഗിച്ചാലും പിടിവീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."