ഭക്ഷ്യകിറ്റ് നിര്‍ത്തുമെന്ന സൂചനയുമായി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് തുടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കുമെന്ന സൂചനയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. നിയമസഭയില്‍ എം. വിന്‍സെന്റിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുകൊണ്ടാണ് സംസ്ഥാനത്ത് അതിജീവനക്കിറ്റ് വിതരണം ചെയ്തത്. എന്നാല്‍ ആ അവസ്ഥ മാറിവരുന്ന സാഹചര്യത്തില്‍ സൗജന്യ കിറ്റ് വിതരണം തുടരണമോ എന്ന കാര്യം ആലോചിക്കേണ്ടതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മിഷന്‍ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ നല്‍കാനാവില്ല. അതൊരു സേവനമായി കാണണം.
റേഷന്‍കടകളിലൂടെ പലവ്യഞ്ജനസാധനങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി റേഷന്‍ കടകളുടെ പശ്ചാത്തലസൗകര്യം വികസിപ്പിക്കും.
ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതുമായി ബന്ധപ്പെട്ട് പി.ടി തോമസ് ഉന്നയിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 15വരെ പിഴകൂടാതെ സറണ്ടര്‍ ചെയ്യാം. അതിനുശേഷം കണ്ടെത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."