പ്ലസ് വണ്‍ അധിക ബാച്ച് ഇല്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ പ്ലസ് വണ്‍ അധിക ബാച്ചിന് അനുമതി നല്‍കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി പാസായ എല്ലാവര്‍ക്കും തുടര്‍പഠനത്തിനാവശ്യമായ സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടിയായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.
വിവിധ ജില്ലകളിലെ സീറ്റുകളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്ന് ജില്ലകളിലെ ഒഴിവുള്ള സീറ്റുകളുടെ എണ്ണമടക്കം വിവരിച്ച് മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലെ കണക്കാണ് മന്ത്രി പറയുന്നതെന്നും ജില്ലാതലത്തില്‍ ഒഴിവുള്ള സീറ്റുകളുകളുടെ കണക്കെടുത്ത് ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് ബാച്ച് അനുവദിക്കുന്ന ശാസ്ത്രീയമായ സമീപനമാണ് വേണ്ടെതെന്നും അടിയന്തരപ്രമേയ നോട്ടിസിന് അനുമതി തേടിയ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. രണ്ടാംഘട്ട അലോട്ട്‌മെന്റിനു ശേഷം സ്ഥിതി വിലയിരുത്തുമെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി മറുപടി നല്‍കി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്ക് അവരുടെ അപേക്ഷയില്‍ വളരെ കുറച്ചു മാത്രം ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയതിന്റെ ഫലമായി ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടാമത്തെ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍ മൂപ്പത്തിമൂവായിരത്തില്‍പരം സീറ്റുകള്‍ മിച്ചം വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."