HOME
DETAILS
MAL
കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് സുസ്മിത ഫിലിപ്പ്
backup
October 06 2021 | 03:10 AM
കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്ന് എക്സൈസ്. കൂടുതല്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സുസ്മിതയെ എക്സൈസ് കസ്റ്റഡിയില്‍ വാങ്ങും. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വില്പനയുടെ സൂത്രധാര സുസ്മിത ഫിലിപ്പായിരുന്നുവെന്നും എക്സൈസ് പറയുന്നു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയായ സുസ്മിതയാണ് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതും പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്കിയിരുന്നതും. ആദ്യം ചോദ്യം ചെയ്തു വിട്ടയച്ച ഇവരെ കഴിഞ്ഞ 30 നാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ലഹരി മരുന്നിന്റെ ഉറവിടവും സംഘത്തിലെ പ്രധാനികളെയും കണ്ടെത്താമെന്ന കണക്കുകൂട്ടലിലാണ് എക്സൈസ്.
കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് ഒന്നേകാല്‍ കിലോ എം.ഡി.എം.എയുമായി അഞ്ചുപേരെ എക്സൈസും കസ്റ്റംസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അന്നുതന്നെ സുസ്മിതയെ പിടികൂടിയെങ്കിലും നായ്ക്കളുടെ സംരക്ഷക എന്ന് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. നിലവില്‍ കേസിലെ പന്ത്രണ്ടാം പ്രതിയാണ് സുസ്മിത ഫിലിപ്പ്. അതേസമയം, സുസ്മിത ഫിലിപ്പിനെ കോടതി മൂന്നു ദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."