ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ തുടക്കം : യേശുദാസന്‍ ഇതിഹാസ കാര്‍ട്ടൂണിസ്റ്റുകളുടെ സമകാലികന്‍
കോഴിക്കോട് : വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യനായതോടെയാണ് യേശുദാസന്റെ വരജീവിതത്തിന്റെ തലവര മാറുന്നത് . പിന്നീട് ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു. ഇതിഹാസ കാര്‍ട്ടൂണിസ്റ്റുകളായ അബു ഏബ്രഹാം,കുട്ടി തുടങ്ങിയവരൊക്കെ അക്കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്നു. അവരോടൊത്തുള്ള സഹവര്‍ത്തിത്വം അദ്ദേഹത്തെ മികച്ച കാര്‍ട്ടൂണിസ്റ്റായി രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അശോക എന്ന മാസികയില്‍ 1955ലാണ് ആദ്യമായി അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ അച്ചടിക്കുന്നത്.1960 മുതല്‍ മൂന്ന് വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായിരുന്ന ജനയുഗത്തിന് വേണ്ടി കാര്‍ട്ടൂണുകള്‍ വരച്ചു. പിന്നീട് ചില ഹാസ്യമാസികകളിലായിരുന്നു അദ്ദേഹത്തിന്റെ വരകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 1980കളുടെ തുടക്കം മുതല്‍ കാര്‍ട്ടൂണുകള്‍ നല്‍കി വന്നതിന്റെ തുടര്‍ച്ചയായി 1985ലാണ് അദ്ദേഹം മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റാകുന്നത്. പിന്നീട് മൂന്ന് പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ കേരള രാഷ്ട്രീയത്തെ തന്നെ സ്വാധീനിച്ചു. ഒരു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിലേറ്റുന്നതിന് വരെ യേശുദാസന്റെ കാര്‍ട്ടൂണുകള്‍ വലിയ പങ്ക് വഹിച്ചു. അതോടെ കേരളത്തിലെ ഇടത് മുന്നണി നേതൃത്വത്തിന്റെ വിമര്‍ശന ശരങ്ങള്‍ യേശുദാസനും ഏല്‍ക്കേണ്ടി വന്നു. പത്രത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ യേശുദാസന്റെ വരകളിലൂടെ അനാവൃതമായി. പത്മപുരസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും പത്രത്തിലെ തലമുറ മാറ്റവും യേശുദാസന് മനോരമയില്‍ നിന്ന് പടിയിറങ്ങുന്നതിന് കാരണമായി.പിന്നീട് ദേശാഭിമാനിക്ക് വേണ്ടി കുറച്ച് കാലം അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."