ഏറ്റവും വലിയ സമ്പത്ത്
മുഹമ്മദ്
എതിരേ വന്ന ബൈക്കില്‍ തട്ടി വൃദ്ധയായ ആ മാതാവ് നിലത്തുവീണു. ഒന്നും പറ്റാത്തത് ഭാഗ്യം. പക്ഷേ, ബൈക്കോടിച്ച യുവാവിന്റെ സമീപനം കാടത്തമായി. നിലത്തുവീണു കിടക്കുന്ന വൃദ്ധയെ എഴുന്നേല്‍പ്പിക്കേണ്ടേ. അതുണ്ടായില്ല. എന്നാല്‍ ഒരു ക്ഷമാപണം നടത്തുക; അതും ഉണ്ടായില്ല. പകരം അവനാ വൃദ്ധയെ പരിഹസിച്ചു. പുച്ഛത്തോടെ നോക്കി തന്റെ വഴിക്കു പോയി. ക്രൂരമായ ആ പോക്ക് കണ്ടപ്പോള്‍ വൃദ്ധ വിളിച്ചുപറഞ്ഞു:
'മോനേ, നിന്നില്‍നിന്ന് എന്തോ ഒന്ന് ഇവിടെ വീണുപോയിട്ടുണ്ട്'.
അതുകേട്ടപ്പോള്‍ അവന്‍ തിരിച്ചുവന്നു. സംഭവസ്ഥലത്ത് വല്ലതും നഷ്ടപ്പെട്ടോ എന്നറിയാന്‍ അവിടമാകെ അരിച്ചുപെറുക്കി. ഒന്നും കിട്ടിയില്ല. വൃദ്ധയോട് ചോദിച്ചു: 'എന്താണ് നഷ്ടപ്പെട്ടത്?'
വൃദ്ധ പറഞ്ഞു: 'അതു പുറത്തുനോക്കിയാല്‍ കാണില്ല. നിന്റെ അകത്തേക്കു നോക്കണം... നിന്റെ സദ്‌സ്വഭാവമാണത്'.
എല്ലാറ്റിനെക്കാളും വലിയ കുറവ് സ്വഭാവശുദ്ധിയുടെ കുറവാണ്. സ്വഭാവം വികലമായാല്‍ അതിന്റെ സങ്കടം കാലം ചൊല്ലുംതോറും കൂടിക്കൊണ്ടിരിക്കുകയാണു ചെയ്യുക.
ശരീരത്തിന് അസുഖം ബാധിച്ചാല്‍ അസുഖബാധിതനു മാത്രമേ അതിന്റെ വേദനയും യാതനയുമുണ്ടാകൂ. സ്വഭാവത്തിനു അസുഖം ബാധിച്ചാല്‍ കൂടെയുള്ളവര്‍ക്കാണ് അതിന്റെ ദുരിതങ്ങളുണ്ടാവുക. ശാരീരികരോഗം ഭേദമാക്കാന്‍ ആതുരാലയങ്ങള്‍ കണക്കിലേറെയുണ്ട്. അതിനേക്കാള്‍ പ്രാധാന്യത്തോടെ നിര്‍മിക്കേണ്ടതാണ് സ്വഭാവത്തില്‍ വരുന്ന രോഗങ്ങള്‍ മാറ്റാനുള്ള ആതുരാലയങ്ങള്‍.
അന്നാസു അജ്‌നാസ് എന്നൊരു ചൊല്ലുണ്ട്. ജനം പല ജാതി എന്നര്‍ഥം. എല്ലാ കഴിവുകളും എല്ലാവരിലും ഉണ്ടാകണമെന്നില്ല. അതിനാല്‍ എല്ലാ കഴിവുകളും ഒരാള്‍ ആര്‍ജിച്ചെടുക്കാന്‍ ശ്രമിക്കേണ്ടതില്ല. അവനവന്റെ കഴിവേതെന്നു കണ്ടെത്തി അതു വികസിപ്പിച്ചെടുത്താല്‍ മാത്രം മതി. എന്നാല്‍ എല്ലാവരിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് സ്വഭാവശുദ്ധി. അതിന്റെ കുറവുണ്ടെങ്കില്‍ എത്രയും വേഗം അതു നികത്തപ്പെടണം.
പരസ്പരാശ്രിതരായതിനാല്‍ ഏതൊരാളെയും എപ്പോഴെങ്കിലും ആവശ്യമായി വരും. എന്നാല്‍ ആര്‍ക്കും ആവശ്യമില്ലാത്ത ഒരാള്‍ ദുസ്വഭാവിയാണ്. അവന്റെ കടയില്‍ കയറുന്നവര്‍ കുറവായിരിക്കും. ആരോട് പണം ചോദിച്ചാലും അവനോട് ചോദിക്കില്ലെന്നാണു പറയുക. എന്റെ കുഞ്ഞുങ്ങളെ അവന്‍ പഠിപ്പിക്കേണ്ടെന്നു രക്ഷിതാക്കള്‍ പറയും. സഹയാത്രികന്‍ അവനാണെന്നു കണ്ടാല്‍ ആളുകള്‍ പിന്‍മാറും. അവനാണ് അധികാരിയെങ്കില്‍ ജനം പിന്തുണ പിന്‍വലിക്കും.
ജനങ്ങളെ കൂടുതലും സ്വര്‍ഗസ്ഥരാക്കുന്ന രണ്ടു കാര്യങ്ങള്‍ ദൈവഭക്തിയും സല്‍സ്വഭാവവുമാണ്. ആരാധനാകര്‍മങ്ങളില്‍ കുറവുവന്നാലും സല്‍സ്വഭാവത്തിലൊട്ടും കുറവു വരരുത്. സ്വഭാവം നന്നല്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടെന്ത്? സ്വഭാവം നന്നെങ്കില്‍ മറ്റെന്തില്ലെങ്കിലെന്ത്?
സാംസ്‌കാരികമായി മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യത്തേക്കാള്‍ ഉന്നതം. മനുഷ്യര്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്നവന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; സല്‍സ്വഭാവി. മനുഷ്യര്‍ക്കിടയില്‍ ഏറ്റവും അധഃപതിച്ചവന്‍ ആരെന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ; ദുസ്വഭാവി. ആദ്യം മനുഷ്യനാകണം. എന്നിട്ടുമതി പണവും പ്രതാപവും പ്രശസ്തിയുമെല്ലാം. മനുഷ്യത്വമില്ലാത്തവന്റെ കൈയില്‍ പണമെത്തുന്നത് സമൂഹത്തിനുതന്നെ ഭീഷണിയാണ്. അവന്റെ കൈയില്‍ അധികാരം കിട്ടുന്നത് ഒരു ജനതയുടെ നാശഹേതുകമാണ്. അവനു വിദ്യാഭ്യാസം ലഭിക്കുന്നത് ആഗോളദുരന്തമാണ്. ദുസ്വഭാവിക്കു കിട്ടിയ വിദ്യാഭ്യാസമാണ് പല നിരപരാധികളുടെയും ജീവനെടുത്തത്. ദുസ്വഭാവിക്കു കിട്ടിയ അധികാരമാണ് പല ദുര്‍ബലരെയും അടിമകളാക്കിയത്. ദുസ്വഭാവിക്കു ലഭിച്ച പണമാണ് പലരെയും ദരിദ്രനാരായണന്മാരാക്കിത്തീര്‍ത്തത്. മനുഷ്യത്വമുള്ളവന്റെ കൈയിലാണ് പണമെത്തുന്നതെങ്കില്‍ സമൂഹം രക്ഷപ്പെടും. അവന്റെ കൈയില്‍ അധികാരം കിട്ടുമ്പോള്‍ ജനതയ്ക്കു ശോഭനഭാവിയുണ്ടാകും.
ഒരു സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിഭവങ്ങളുടെ ദൗര്‍ലഭ്യതയല്ല, ആവശ്യസാധനങ്ങള്‍ക്കു വില വര്‍ധിക്കുന്നതുമല്ല. സമൂഹത്തിന്റെ സ്വഭാവനിലവാരം താഴേക്കു പോകുന്നതാണ്. ഭൗതിക വികസനമല്ല, ആന്തരിക വികസനമാണ് അത്യാവശ്യമായി വേണ്ടത്. ഭൗതിക വികസനങ്ങളില്ലാത്ത കാലത്തും മനുഷ്യന്‍ സമാധാനത്തോടെ ജീവിച്ചിട്ടുണ്ട്. ഭൗതിക വികസനങ്ങള്‍ മാത്രമായ ഇക്കാലത്ത് മനുഷ്യന് സമാധാനം നഷ്ടപ്പെട്ടു!
മക്കളെ സമ്പന്നരാക്കുന്നതിനു കുഴപ്പമില്ല. അതിനു മുമ്പ് അവരെ മനുഷ്യരാക്കാതിരിക്കുന്നത് കുഴപ്പം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."