HOME
DETAILS
MAL
ജനസംഖ്യയും മതവും
backup
October 07 2021 | 04:10 AM
കരിയാടന്‍
1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 35 കോടി ജനം മാത്രമുണ്ടായിരുന്ന ഇന്ത്യ, ഇന്നു 138 കോടി ജനങ്ങളുടെ മാതൃഭൂമിയാണ്. അതിനേക്കാള്‍ രണ്ടുകോടി ആളുകള്‍ കൂടുതലുള്ള അയല്‍പ്പക്കരാജ്യമായ ചൈനക്കു മാത്രം പിന്നില്‍. ഇത് ജനസംഖ്യാ വിസ്‌ഫോടനമാണെന്നും ഇങ്ങനെ പോയാല്‍ ഈ ഭൂമിയില്‍ ആളുകള്‍ക്ക് താമസിക്കാന്‍ ഇടമുണ്ടാവില്ലെന്നും നിരീക്ഷിച്ചവര്‍ പലരുമുണ്ടായിരുന്നു. എന്നാല്‍ ഈ ആവാസയോജനയുടെ കാലത്തും ചന്ദ്രന്‍ അടക്കമുള്ള ഗ്രഹങ്ങളിലേക്കും ചേക്കാറാന്‍ സമയമായി എന്നു അവരില്‍ പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു. നീല്‍ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനില്‍ ഇറങ്ങിയിട്ട് അരനൂറ്റാണ്ട് കടന്നെങ്കിലും ചന്ദ്രയാന്‍ ഇന്നും ഒരു ദൗത്യമായി തന്നെ തുടരുന്നു. ജനന നിയന്ത്രണം വരുന്നതോടെ തങ്ങളുടെ മനുഷ്യശക്തിക്ക് കോട്ടം വരുമോ എന്ന ഭയം ചൈനക്കുതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലേക്ക് കടന്നുവന്നതിലും അത്ഭുതമില്ല. എന്നാല്‍ ഇന്ത്യ ആശങ്കപ്പെടുന്നത് മതം തിരിച്ചുള്ള സെന്‍സസ് നോക്കിയാണ്. ലോകശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇന്നും ഹിന്ദുമതവിശ്വാസികള്‍ 80 ശതമാനമുണ്ട്. എല്ലാ മതങ്ങളെയും സ്വീകരിച്ച നാടാണിത്. മറ്റു മതവിഭാഗങ്ങള്‍ എല്ലാം ചേര്‍ന്നു പങ്കുവയ്ക്കുന്ന 20 ശതമാനത്തില്‍ 15.5 ശതമാനം മുസ്‌ലിംകളാണ്. എന്നാല്‍ ഇന്ത്യയെ ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരായു നദിയില്‍ താന്‍ ജലസമാധി നടത്തുമെന്നു പരമഹംസ ആചാര്യ എന്ന സന്ന്യാസിവര്യന്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാം മതവിശ്വാസികളുടെ സംഖ്യ ലോകത്ത് എല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും വളരുന്നുവെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ് വിധ്വംസകശക്തികളുടെ ഹാലിളക്കം.
എന്നാല്‍ അമേരിക്കയില്‍ വാഷിങ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യയില്‍ എല്ലാമതങ്ങളിലും അംഗസംഖ്യ വര്‍ധിച്ചിട്ടുണ്ടെന്നാണ്. 1951ലെ സെന്‍സസില്‍ ഇന്ത്യന്‍ ജനസംഖ്യ 35.4 കോടി ആയിരുന്നത് 2011ല്‍ 120 കോടിയായി എന്നു ഈ പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഹിന്ദുക്കള്‍ 30.4 കോടിയില്‍നിന്നു 96.6 കോടിയായി. മുസ്‌ലിംകള്‍ 3.5 കോടിയില്‍നിന്നു 17.2 കോടി ആയി. ക്രൈസ്തവര്‍ 80 ലക്ഷത്തില്‍നിന്നു 2.8 കോടിയായി എന്നിങ്ങനെയാണ്. അതേസമയം വിശ്വഹിന്ദു പരിഷത്തും ആര്‍.എസ്.എസുമൊക്കെ ആടിനെ പട്ടിയാക്കാനുള്ള ശ്രമത്തിലാണ്. അവര്‍ അതിനായി മതവിദ്വേഷം എന്ന ഹിഡന്‍ അജന്‍ഡ എടുത്തുപയറ്റുന്നു. ബി.ജെ.പി നിയന്ത്രണത്തിലുള്ള കേന്ദ്രഭരണം, പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് ഇങ്ങനെയൊരു തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ പയറ്റിയാണ്. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു അവര്‍ കല്‍പിക്കുന്നു.
മുസ്‌ലിം ജനസംഖ്യ കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യംവച്ചു അയല്‍രാജ്യങ്ങളില്‍ നാം നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അവിടെയുള്ള ഇസ്‌ലാം മതവിശ്വാസികള്‍ ഒഴിച്ചുള്ളവര്‍ക്ക് നിര്‍ബാധം ഇവിടേക്ക് കടന്നുവരാമെന്നും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാമെന്നും വ്യവസ്ഥകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മുത്വലാഖ് നിരോധിച്ചും ഗോവധ നിരോധം ഏര്‍പ്പെടുത്തിയും ഒക്കെ നടത്തിയ പരീക്ഷണങ്ങള്‍ വിചാരിച്ചതോതില്‍ വിജയിക്കാതെ വന്നപ്പോള്‍, മതം മാറിയവരൊക്കെ തിരിച്ചുവരണമെന്ന ഘര്‍വാപസി തന്ത്രവും പയറ്റി നോക്കിയതാണ്. ഇന്നിപ്പോള്‍ സന്ന്യാസം മാറ്റിവച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നില്‍ ബി.ജെ.പി മന്ത്രിസഭയെ നയിക്കുന്ന യോഗി ആദിത്യനാഥ് മുതല്‍ കേരളത്തില്‍ പാലായിലെ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വരെ സ്വന്തം മതവിശ്വാസികള്‍ കൂടുതല്‍ സന്താനങ്ങളെ ഉല്‍പാദിപ്പിക്കണമെന്നു ആഹ്വാനം ചെയ്യുന്നു.
നേരത്തെ ജനസംഖ്യാവിസ്‌ഫോടനം തടയാനെന്ന പേരില്‍ കുടുംബാസൂത്രണമെന്നു പറഞ്ഞു സന്താന നിയന്ത്രണം നടപ്പാക്കി കൈപൊള്ളിയവരാണ് നാം. നാം രണ്ട്, നമുക്ക് രണ്ട് എന്നതായിരുന്നു ആദ്യ മുദ്രാവാക്യം. പിന്നെ അത് നാം ഒന്നു നമുക്കൊന്ന് എന്ന മട്ടില്‍ പുതുക്കി. എന്നിട്ടും ജനനനിരക്ക് കുറഞ്ഞില്ല. മാത്രമല്ല, പലയിടങ്ങളിലും രണ്ടും മൂന്നും കുട്ടികളെ പ്രസവിക്കുന്നതായും വാര്‍ത്തകളുണ്ടായി. അത് എന്താണ് അങ്ങനെ എന്നു ചോദിച്ചപ്പോള്‍ ഒരു രസികന്‍ പറഞ്ഞത്, നാട്ടിലാകെ കൊള്ളയും കലഹവും നടക്കുമ്പോള്‍ തനിച്ചുവരാന്‍ മടിക്കുന്ന കുട്ടികള്‍ പ്രസവത്തില്‍ തന്നെ മറ്റൊന്നിന്റെ കൈപിടിച്ചുവരുന്നതാണ് എന്നാണ്. ഫലത്തില്‍ നാം ഒന്നു നമുക്കൊന്നു എന്നുപറഞ്ഞുവച്ചിടത്ത് നാം ചെന്നെത്തിയത്, നാം ഇല്ല, നമുക്കും ഇല്ല എന്ന നിലയിലായി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട എന്നു നിര്‍ബന്ധിച്ചാല്‍ നാം ഗീതയും ഗീതാഞ്ജലിയും ഇല്ലാത്ത നാട് ആവില്ലേ എന്നു ഏറെക്കാലം ഭരണകക്ഷിയിലും പ്രതിപക്ഷത്തും ഇരുന്നു നാട് ഭരിച്ച സി.എച്ച് മുഹമ്മദ് കോയ എന്ന മുസ്‌ലിംലീഗ് നേതാവ് ചോദിച്ചത് ഓര്‍മവരുന്നു. കൗരവരും പാണ്ഡവരും തമ്മില്‍ കുരുക്ഷേത്രയില്‍ നടന്ന യുദ്ധത്തിലേക്കാണ് അദ്ദേഹം ശ്രദ്ധക്ഷണിച്ചത്. ശ്രീകൃഷ്ണന്റെ തേര് തെളിച്ചിരുന്നത് അര്‍ജുനന്‍ ആയിരുന്നു. ആ ഓട്ടത്തിനിടയില്‍ അര്‍ജുനന്‍ നല്‍കിയ ഉപദേശമാണ് ഭഗവാന്റെ ഗീതം എന്ന അര്‍ഥത്തിലുള്ള ഭഗവത്ഗീതയായി രൂപാന്തരപ്പെട്ടത്. പാണ്ഡവ രാജാവിന്റെ മൂന്നാമത്തെ പുത്രനായിരുന്നു, അര്‍ജുനന്‍. ശ്രീകൃഷ്ണനാകട്ടെ വിഷ്ണുവിന്റെ എട്ടാം അവതാരവും.
നമ്മുടെ ദേശീയഗാനത്തോടൊപ്പം വിശ്വപ്രസിദ്ധമായ ഗീതാഞ്ജലിയുടെയും കര്‍ത്താവായ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നയാളാണ്. എണ്‍പത് വയസുവരെ ജീവിച്ച അദ്ദേഹം 1861-ല്‍ കൊല്‍ക്കത്തയിലാണ് ജനിച്ചത്. ദേവേന്ദ്രനാഥ് താക്കൂറിന്റെയും ശാരദാദേവിയുടെയും പതിമൂന്നു മക്കളില്‍ ഇളയവനായിരുന്നു. സന്താനങ്ങള്‍ രണ്ടില്‍ ഒതുങ്ങിയാല്‍ അര്‍ജുനന്‍ എവിടെ, ടാഗോര്‍ എവിടെ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."