ഉംറ വിസ ഇനി മൊബൈൽ ആപിൽ ബയോമെട്രിക് രജിസ്റ്റർ ചെയ്തു കരസ്ഥമാക്കാം, പുതിയ സംവിധാനം അവതരിപ്പിച്ച് സഊദി
സ്മാർട്ട്‌ഫോണുകളിൽ ബയോമെട്രിക്സ് വിസ രജിസ്ട്രേഷൻ അനുവദിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സഊദി
മക്ക: ഫിംഗർ പ്രിന്റ് ഉപയോഗിച്ച് സ്വയം ഉംറ വിസ നേടാവുന്ന സംവിധാനം സജ്ജീകരിച്ച് സഊദി അറേബ്യ. ഇത്തരത്തിൽ ഇ-വിസ ഇഷ്യു ചെയ്യുന്ന ആദ്യ രാജ്യമായി ഇതോടെ സഊദി അറേബ്യ മാറി. മൊബൈൽ ഫോണിലൂടെ പ്രത്യേക ആപ്ലിക്കേഷൻ മുഖേന ബയോമെട്രിക്സ് രജിസ്റ്റർ ചെയ്തു വിസ ലഭ്യമാകുന്നതിനാൽ ഇനി മുതൽ വിസ നൽകുന്ന കേന്ദ്രങ്ങളെ സമീപിക്കാതെ ഹജ്ജ്, ഉംറ വിസകൾ അതത് രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി ലഭ്യമാകും. തീർഥാടകരുടെ സ്മാർട്ട്ഫോണുകളിലൂടെ ബയോമെട്രിക് സ്വയം രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ കര, കടൽ, വ്യോമ തുറമുഖങ്ങളിൽ തീർത്ഥാടകർ എത്തുന്ന സമയത്ത് ബയോമെട്രിക്സ് താരതമ്യം ചെയ്തു ഉറപ്പ് വരുത്തുമെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ സംവിധാനം ആരംഭിച്ചതോടെ, ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിനായി സ്മാർട്ട് ഫോണുകൾ വഴി ബയോമെട്രിക്സ് രജിസ്റ്റർ ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമായി സഊദി അറേബ്യ മാറി.
ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് സാധ്യമായ ഏറ്റവും മികച്ച സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഇരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായാണ് പുതിയ സേവനം സജ്ജീകരിച്ചത്. ബയോമെട്രിക്സ് സേവനത്തിന്റെ സ്വയം രജിസ്ട്രേഷൻ സഊദി കമ്പനി ഫോർ വിസ ആൻഡ് ട്രാവൽ സൊല്യൂഷൻസ് മുഖേനയാണ് നടപ്പാക്കുന്നത്.
പുതിയ സേവനം ഹജ്ജ്, ഉംറ വിസ അപേക്ഷകർക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ നിയുക്ത ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം അവരുടെ രാജ്യങ്ങളിൽ നിന്ന് അവരുടെ ബയോമെട്രിക്സ് രജിസ്റ്റർ ചെയ്യാൻ പ്രാപ്തമാക്കും. തുടർന്ന് ഈ വിസ ലഭ്യമാകുന്ന സംവിധാനമായിരിക്കും സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ ഇനി വിസ നൽകുന്ന കേന്ദ്രങ്ങളിലേക്ക് ഹജ്ജ്, ഉംറ വിസ അപേക്ഷകർക്ക് പോകേണ്ടതില്ല.
ആപ്പ് ലോഞ്ചിംഗ് ചടങ്ങിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി: വലീദ് അൽ ഖുറൈജി, എക്സിക്യൂട്ടീവ് അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൽ ഹാദി അൽ മൻസൂരി, കോൺസുലർ അഫയേഴ്സ് വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അംബാസഡർ തമീം അൽ ദോസരി എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."