റൊട്ടേഷന്‍ സമ്പ്രദായപ്രകാരം എത്തിയ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു
നീലേശ്വരം: നഗരത്തിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ നടപ്പിലാക്കിയ റൊട്ടേഷന്‍ സമ്പ്രദായം സംഘട്ടനത്തില്‍ കലാശിച്ചു. ഈ സമ്പ്രദായ പ്രകാരം മാര്‍ക്കറ്റ് ജംഗ്ഷനിലെ സ്റ്റാന്‍ഡില്‍ പാര്ക്കിങിനെത്തിയ കരുവാച്ചേരി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കെ.പ്രദീപനു (43) മര്‍ദ്ദനമേറ്റു. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണു സംഭവം. മഹേഷ്, പ്രകാശന് പള്ളിക്കര, കുഞ്ഞികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം ഓട്ടോ തൊഴിലാളികളാണു മര്‍ദിച്ചതെന്നു പ്രദീപന് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പ്രദീപന് മര്‍ദ്ദിച്ചെന്ന പരാതിയുമായി മഹേഷ് തേജസ്വിനി ആശുപത്രിയിലും അഡ്മിറ്റായിട്ടുണ്ട്.
നഗരസഭാ പരിധിയില്‍ പാര്‍ക്കിങ് നമ്പര്‍ കിട്ടിയ ഭൂരിഭാഗം റിക്ഷകളും സ്റ്റാന്‍ഡില്ലാതെ അലയുന്ന സാഹചര്യത്തിലാണു കഴിഞ്ഞ വര്‍ഷം കോഡിനേഷന്‍ കമ്മിറ്റി റൊട്ടേഷന്‍ സമ്പ്രദായത്തെക്കുറിച്ച് ആലോചിച്ചത്. ഇതിനായി മുഴുവന്‍ തൊഴിലാളികളില്‍ നിന്നും നൂറുരൂപ പിരിക്കുകയും ബാഡ്ജ് നല്‍കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം പിന്നിട്ടിട്ടും ഈ സമ്പ്രദായം നടപ്പിലാവാത്തതില് പ്രതിഷേധമുയര്‍ന്നതോടെയാണു കഴിഞ്ഞ മാസം ആദ്യത്തോടെ സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍ ഒരു വിഭാഗം വീണ്ടും എതിര്‍പ്പുമായി രംഗത്തു വന്നതോടെ ഇത് പരാജയമായി.
ഇതിനിടയില്‍ തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നു കാണിച്ച് ഒരു വിഭാഗം ഡ്രൈവര്‍മാര്‍ കലക്ടര്‍ക്കു പരാതി നല്കി. ഇക്കാര്യത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു പ്രദീപന് മാര്‍ക്കറ്റ് സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്യാനെത്തിയത്. പ്രശ്ന പരിഹാരമായില്ലെങ്കില്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ റിക്ഷകള്‍ നിര്‍ത്തിയിട്ടു സമരത്തിനൊരുങ്ങുകയാണ് ഒരു വിഭാഗം റിക്ഷാ ഡ്രൈവര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."