വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് ഭരണഘടനാബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വന്യജീവി ആക്രമണം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ആക്രമത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് മോട്ടോര്‍ ആക്‌സിഡന്റ് ഇന്‍ഷുറസ് പോലെ സംവിധാനം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി നടത്തുന്ന ആക്രമണത്തിന് വെടിവയ്പ് പരിഹാരമല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ മറുപടി നല്‍കി. ഈ ആക്രമണത്തിന്റെ പേരില്‍ അനിയന്ത്രിതമായി വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുമതിയാണ് തേടുന്നത്. അത് നല്‍കാനാവില്ല.
കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ 504 കാട്ടുപന്നികളെയാണ് വെടിവച്ചത്. താന്‍ വന്യമൃഗസംരക്ഷണത്തിന്റെ മന്ത്രി കൂടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഓരോപ്രദേശത്തിന്റെയും പ്രത്യേകതകള്‍ കൂടി പരിശോധിച്ച് സമഗ്രമായ കര്‍മപദ്ധതി രൂപീകരിക്കുന്നതിന് ആസൂത്രണബോര്‍ഡ് ഒരു സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതുകൂടി പരിഗണിച്ച് ഇതിന് ശാശ്വതപരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് ലൈസന്‍സുള്ള തോക്കുള്ളവര്‍ക്കെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.
വന്യജീവികളെ സംരക്ഷിക്കുക തന്നെ വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും അഭിപ്രായപ്പെട്ടു. അതേസമയം, മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. കാലാകാലങ്ങളായി വനവിസ്തൃതിയില്‍ വന്ന കുറവാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.
വനത്തിന്റെ വിസ്തൃതി കുറയുകയും വന്യജീവികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. വനാതിര്‍ത്തിയില്‍ വന്യജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കൃഷിരീതി മാറണമെന്നും ആനത്താരകള്‍ പൂര്‍ണമായും സംരക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രി ഇത് അംഗീകരിച്ചതിനെത്തുടര്‍ന്ന് ഇറങ്ങിപ്പോക്ക് ഒഴിവാക്കി പ്രതിപക്ഷം സഹകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."