എത്ര നാളെത്തേക്ക് ആ പെണ്‍കുട്ടിയുടെ നിലവിളി നമ്മുടെ മനസുകളിലുണ്ടാകും?
മലപ്പുറം: ഹിബയുടെ സങ്കടക്കരച്ചില്‍ ഇന്നു കേട്ടത് കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ മാത്രമല്ല. മലയാളികള്‍ ഒന്നടങ്കമാണ്. പക്ഷേ എത്ര നാളെത്തേക്ക് ആ പെണ്‍കുട്ടിയുടെ നിലവിളി നമ്മുടെ മനസുകളിലുണ്ടാകും. മലപ്പുറം മമ്പാടുള്ള ഹിബ സ്ത്രീധന പീഡനത്തിന്റെ അവസാനത്തെ ഇരയാകുമോ?
ഗവര്‍ണര്‍ ഇന്നു രാവിലെ പത്ത് മണിയോടെയാണ് അപ്രതീക്ഷിതമായി മമ്പാട്ടുള്ള ഹിബയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ മാസം 23നാണ് ഹിബയുടെ പിതാവ് മൂസക്കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പിതാവിനെ കുറിച്ചും ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും പറയുമ്പോള്‍ ഹിബ ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
ആത്മഹത്യ ചെയ്യും മുമ്പ് ഒരു വീഡിയോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. മകളെ ഒരു അഡ്ജസ്റ്റ്മെന്റിലാണ് ഭാര്യയാക്കിവെച്ചിരിക്കുന്നതെന്ന മരുമകന്റെ വാക്കുകള്‍ മാനസികമായി തകര്‍ത്തുവെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നു. തുടര്‍ന്നായിരുന്നു അയാള്‍ ജീവിതമവസാനിപ്പിച്ചത്.
തുടര്‍ന്ന് ആദ്യം ഇയാളുടെ മകനാണ് വണ്ടൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. പിന്നാലെ സഹോദരി ഹിബയും പരാതി നല്‍കി. പ്രാദേശിക മാധ്യമങ്ങളാണ് ആദ്യമായി ഈ വീഡിയോ വാര്‍ത്തയാക്കിയത്. പിന്നാലെ മറ്റുമാധ്യമങ്ങളും വാര്‍ത്ത നല്‍കി.
സ്ത്രീധന പീഡന മരണങ്ങളും ക്രൂരതകളും അരങ്ങു തകര്‍ക്കുമ്പോഴും പുതിയ സംഭവങ്ങള്‍ക്കൊരു കുറവുമില്ല. മലപ്പുറം മമ്പാട്ടെ മൂസക്കുട്ടിയുടെ ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവ് അബ്ദുല്‍ ഹമീദിപ്പോള്‍ റിമാന്‍ഡിലാണ്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പൊലിസ് പിടികൂടിയത്.
മകളുടെ ഭര്‍ത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നുമായിരുന്നു മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിലുള്ളത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി അബ്ദുല്‍ ഹമീദും ഹിബയും തമ്മിലുള്ള വിവാഹം. വിവാഹ സമയത്ത് ഹിബക്ക് 18 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയിരുന്നു. ഇതു കുറവാണെന്നും കൂടുതല്‍ വേണമെന്നും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതെല്ലാം ഹിബ ഇന്ന് വീണ്ടും മാധ്യമങ്ങള്‍ക്കു മുമ്പിലും ആവര്‍ത്തിച്ചു. ഇടക്കുവെച്ച് പഠനം നിര്‍ത്തിയ ഹിബയോട് ഗവര്‍ണര്‍ തുടര്‍ന്ന് പഠിക്കാനും ഉപദേശിച്ചും കുടുംബത്തെ ആശ്വസിപ്പിച്ചുമാണ് മടങ്ങിയത്.
സ്ത്രീധനത്തില്‍ സമൂഹ മനോഗതി മാറണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണമെന്നും ഇതിനെതിരെ പൊതുജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."