ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വ്യാപകമായി തെങ്ങുകളില്‍ കാറ്റു വീഴ്ച രോഗം
കഞ്ചിക്കോട്: താലൂക്കില്‍ കൂടുതല്‍ പ്രദേശത്തേക്ക് തെങ്ങിന്റെ കാറ്റുവീഴ്ച പടരുമ്പോഴും ഫലപ്രദമായ നടപടി കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കൊഴിഞ്ഞാമ്പാറ മുതല്‍ പൊള്ളാച്ചിവരെയുള്ള ഭാഗത്താണ് കാറ്റുവീഴ്ച വ്യാപകം. മാര്‍ച്ചില്‍ 250 ഹെക്ടറില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന രോഗബാധ ഇപ്പോള്‍ മുന്നൂറിലേറെ ഹെക്ടറിലേക്ക് പടര്‍ന്നു.
മൂന്നുമാസം മുന്‍പ് രോഗനിയന്ത്രണത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് അന്നത്തെ കൃഷിവകുപ്പ് ഡയരക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. മഴക്കാലത്താണ് രോഗം കൂടുതല്‍ പടരുന്നത്. ഇതറിയാമായിട്ടും ജൂണിനു മുന്‍പ് പ്രതിരോധ നടപടിയൊന്നും കൈക്കൊള്ളാന്‍ കൃഷിവകുപ്പിനായില്ല.
രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റാന്‍ 1,500 രൂപയോളം ചെലവു വരും. നാളികേരവില ക്രമാധീതമായി ഇടിഞ്ഞതുമൂലം സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകര്‍ ഇതിനുപോലും വഴിയില്ലാത്ത സ്ഥിതിയിലാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് കാലിവളര്‍ത്തലും മറ്റു കൈത്തൊഴിലുകളും ചെയ്യുകയാണിപ്പോള്‍ ഇവര്‍. 18 ലക്ഷം തെങ്ങുകളുള്ള ചിറ്റൂര്‍ മേഖലയില്‍ രോഗം പടരുന്നത് വന്‍ ദുരന്തമാകുമെന്ന് കൃഷിയുദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
രോഗം ബാധിച്ച തെങ്ങ് ഒരു വര്‍ഷത്തിനകം പൂര്‍ണമായും നശിക്കുന്നതായാണ് കര്‍ഷകരുടെ അനുഭവം. മൂങ്കില്‍മട, മൂലക്കട ഭാഗങ്ങളില്‍ ഭൂരിപക്ഷം തെങ്ങുകളും രോഗബാധിതമായിക്കഴിഞ്ഞു.
എത്ര തെങ്ങുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ കൃഷിവകുപ്പ് തയ്യാറാകണമെന്ന് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്‍രാജ് ആവശ്യപ്പെട്ടു. ഒപ്പം സര്‍ക്കാരിന്റെ ഇടപെടലും ഉണ്ടാകണം. രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിന് കൃഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കണം. വലിയ നഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്കായി ഇതരകൃഷിയും മൃഗ സംരക്ഷണവുമുള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം.
രോഗനിയന്ത്രണത്തിന് കര്‍ഷകര്‍ക്കിടയില്‍ ബോധവത്കരണം നടത്തിയതായും വിവരം കൃഷി ഡയറക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം.ഡി. തിലകന്‍ അറിയിച്ചു.
കേരഗ്രാമം പദ്ധതിയുടെ ഫണ്ടുപയോഗിച്ച് രോഗനിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിറ്റൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി. ഗിരീഷ് കുമാറും പറഞ്ഞു.
തെങ്ങ് മുറിച്ചുനീക്കാന്‍ 500 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇപ്പോള്‍ കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളിലാണ് സ്‌കീമുള്ളത്. ഇത് സമീപ പഞ്ചായത്തുകളിലും ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."