കാട്ടാന ശല്യത്തില്‍ കൃഷി ഉപേക്ഷിച്ച കര്‍ഷകര്‍ വീണ്ടും വയലുകളിലേക്ക്
കഞ്ചിക്കോട്: കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടിയ പുതുപ്പരിയാരം പഞ്ചായത്തിലെ നൊച്ചുപ്പുള്ളി നിവാസികള്‍ 10 വര്‍ഷം മുന്‍പ് ഉപേക്ഷിച്ച കൃഷി പുനരാരംഭിക്കുന്നു. വന്യമൃഗ ശല്യം കൊണ്ടു കൃഷിയില്‍ നിന്നു പിന്‍വാങ്ങുന്ന കര്‍ഷകര്‍ക്കും ഇവരെ സഹായിക്കാന്‍ വഴി കാണാതെ കുഴങ്ങുന്ന വനം വകുപ്പ് അധികൃതര്‍ക്കും ഒരു പാഠമാകുകയാണ് നൊച്ചുപ്പുള്ളി പാടശേഖര സമിതി.
കാറിന്റെ ബാറ്ററി, വൈദ്യുതി നിയന്ത്രിക്കാന്‍ സ്റ്റെബിലൈസര്‍, കമ്പിവേലി ഇത്രയുമുണ്ടെങ്കില്‍ കാട്ടാനയെയും കാട്ടുമൃഗങ്ങളെയും തുരത്താമെന്ന നൊച്ചുപ്പുള്ളി പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ സ്വന്തമായി വൈദ്യുതി നിര്‍മിച്ച് കൃഷിടത്തില്‍ പൊന്നുവിളയിക്കുകയാണിവര്. വൈദ്യുതി നല്കുന്ന വീട്ടുകാരുടെ വൈദ്യുതി ബില്‍ സമിതിയുടെ ഫണ്ടില്‍ നിന്നുമടയ്ക്കും.
വേലിയുടെ അറ്റകുറ്റപ്പണി നടത്തുന്നത് കര്‍ഷകര്‍ തന്നെയാണ്. ഓരോ മാസവും ഓരോ കര്‍ഷകനായിരിക്കും ഇതിന്റെ ചുമതല. വേലിയുടെ ചുറ്റുമുള്ള ചെടികളും പുല്ലുകളും പറിക്കുക, തടസങ്ങള്‍ നീക്കുക. എന്നിവയാണു ജോലി. ചെടികള്‍ വൈദ്യുതി വേലിയില്‍ തട്ടിയാല്‍ ഷോര്‍ട്ടായി വൈദ്യുതി നിലയ്ക്കും.
ടൈമര്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ വൈകിട്ട് ആറരയ്ക്കേ വൈദ്യുതി വേലി പ്രവര്‍ത്തിച്ചു തുടങ്ങു. പുലര്‍ച്ചെ 6.30 നു വൈദ്യുതി നിലയ്ക്കും. വൈദ്യുതി പ്രവഹിക്കുന്ന സമയം സംബന്ധിച്ച് മുന്നറിയിപ്പു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
നൊച്ചുപ്പുള്ളിയില്‍ കര്‍ഷകരുടെ കണ്ടുപിടുത്തം മറ്റുഭാഗങ്ങളിലേക്കും പ്രയോഗികമാക്കുന്നതിനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. പലരും ഇത് കണ്ടുപഠിക്കുന്നതിന് എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."