നൊബേലില്‍ തിളങ്ങുന്ന നാലാംതൂണ്‍
റഫീഖ് റമദാന്‍
ഒടുവില്‍ 86 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായി സമാധാന നൊബേല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന് വെളിച്ചമേകിയ രണ്ടുപേര്‍ക്ക്. ഫിലിപ്പൈന്‍സിലെ റാപ്പ്‌ലര്‍ ന്യൂസ് പോര്‍ട്ടല്‍ സ്ഥാപകരിലൊരാളായ മരിയ രെസ്സയും റഷ്യയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പടവാളായ നൊവായ ഗസെറ്റ സഹസ്ഥാപകന്‍ ദിമിത്രി മുറാട്ടോവും. പരിസ്ഥിതി രംഗത്തെ കൗമാരവിസ്മയമായ ഗ്രേറ്റ തന്‍ബര്‍ഗ്, മാധ്യമ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍സ്, കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ദരിദ്രരാജ്യങ്ങള്‍ക്കു വാക്‌സിന്‍ ഉറപ്പാക്കുന്ന കൊവാക്‌സ് പദ്ധതിയുമായി രംഗത്തുവന്ന ലോകാരോഗ്യ സംഘടന എന്നിവയെയെല്ലാം മറികടന്ന് ഇരുവരും നേടിയ പുരസ്‌കാരത്തിന് തിളക്കമേറെയാണ്.
1935നു ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാന നൊബേല്‍ ലഭിക്കുന്നത് ആദ്യമായാണ്. ഒന്നാം ലോകയുദ്ധത്തിനുശേഷം നാസി ജര്‍മനിയെ വീണ്ടും നശീകരണ ആയുധങ്ങള്‍ അണിയിക്കാനുള്ള അഡോള്‍ഫ് ഹിറ്റ്‌ലറുടെ പദ്ധതി ലോകത്തെ അറിയിച്ചതാണ് അന്ന് കാള്‍ വോണ്‍ ഒസെറ്റ്‌സ്‌കി എന്ന ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഒസെറ്റ്‌സ്‌കിയെ 1933 വരെ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ അടച്ചിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഫ്രഞ്ച് എഴുത്തുകാരന്‍ റുമെയ്ന്‍ റോളണ്ട് തുടങ്ങിയ പ്രതിഭകളാണ് അദ്ദേഹത്തെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തത്. ഇത്തവണത്തെ സമാധാന നൊബേല്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപിലേക്കാകട്ടെ എന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ ഈ രാജ്യദ്രോഹിക്ക് പുരസ്‌കാരം നല്‍കി ജര്‍മന്‍ ജനതയെ പ്രകോപിപ്പിക്കരുതെന്ന് നൊബേല്‍ കമ്മിറ്റിയെ ഭീഷണിപ്പെടുത്തിയതും ഒരു പത്രമായിരുന്നു. നാസികളുടെ ദേശീയ മാധ്യമം. 40,000 ഡോളറിന്റെ പുരസ്‌കാരത്തുക വോണിന് നല്‍കിയതോടെ ജര്‍മനിയെ പുരസ്‌കാര സമിതി അപമാനിച്ചതായി ജര്‍മന്‍ മാധ്യമങ്ങള്‍ എഴുതി. വോണിനെ ഒറ്റുകാരനെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇത് ജര്‍മനിയും
നോര്‍വെയും തമ്മിലെ നയതന്ത്രബന്ധം തകരാനുമിടയാക്കി. ജര്‍മന്‍ വിദേശകാര്യമന്ത്രി നൊബേല്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുക വരെ ചെയ്തു. ഇനിമുതല്‍ ജര്‍മനിക്കാര്‍ക്ക് നൊബേല്‍ സമ്മാനം വേണ്ടെന്ന് ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഹിറ്റ്‌ലര്‍ യുഗത്തിന് അന്ത്യംകുറിച്ച രണ്ടാം ലോകയുദ്ധം സമാപിക്കുന്നതുവരെ നൊബേല്‍ പുരസ്‌കാരങ്ങള്‍ക്കര്‍ഹരായ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ക്ക് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന ലോകത്ത് പോരാടുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളാണ് മരിയയും മുറാട്ടോവുമെന്നാണ് സമാധാന നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞത്. ലോകത്തെ രണ്ട് കരുത്തരായ സ്വേച്ഛാധിപതികളുടെ നാട്ടിലാണ് ഇരുവരും സ്വതന്ത്രമാധ്യമപ്രവര്‍ത്തനം നടത്തുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. എതിര്‍ശബ്ദങ്ങളെ അരിഞ്ഞുതള്ളുന്ന വ്‌ളാദിമിര്‍ പുടിന്റെ റഷ്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഭീഷണികള്‍ മറികടന്ന് പോരാടുന്ന മുറാട്ടോവിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ. കാല്‍നൂറ്റാണ്ടായി നൊവായ ഗസെറ്റ എഡിറ്റര്‍ ഇന്‍ ചീഫാണ് ഇദ്ദേഹം. പുടിന്‍ വിമര്‍ശകനായ അലക്‌സി നെവാല്‍നി ജയിലില്‍ കിടക്കുമ്പോഴാണിത്. നെവാല്‍നിയും സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. പുടിന്‍ ഭരണത്തിലെ കൊള്ളരുതായ്മകളും അഴിമതിയും പുറത്തുകൊണ്ടുവന്ന നൊവായ ഗസെറ്റ ഉക്രൈനിലെ സംഘര്‍ഷങ്ങളും നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആറുവര്‍ഷം മുമ്പ് റോയിട്ടേഴ്‌സ് പ്രതിനിധി ദിമിത്രിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഓഫിസിലെ ഹാള്‍ ചുവരില്‍ 2001ല്‍ കൊല്ലപ്പെട്ട ആറ് നൊവായ ഗസെറ്റ മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോകളാണ് കണ്ടത്. അതില്‍ ചെച്‌നിയന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത അന്ന പോളിറ്റ്‌കോവസ്‌കയയുടെ ചിത്രവുമുണ്ടായിരുന്നു. 2006 ഒക്ടോബര്‍ ഏഴിനാണ് അവര്‍ വെടിയേറ്റു മരിച്ചത്. അന്നയുടെ രക്തസാക്ഷ്യത്തിന് 15 വര്‍ഷം തികയുമ്പോഴാണ് മുറാട്ടോവിലൂടെ സമാധാന നൊബേല്‍ റഷ്യയിലെത്തുന്നത്. 1990ല്‍ മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിലൂടെ റഷ്യയിലെത്തിയ സമാധാന നൊബേല്‍ വീണ്ടും അവിടെയെത്തുന്നത് 59കാരനായ മുറാട്ടോവിലൂടെയാണ്. ഗോര്‍ബച്ചേവ് തനിക്ക് ലഭിച്ച സമ്മാനത്തുക നൊവായ ഗസെറ്റയ്ക്ക് നല്‍കുകയായിരുന്നു.
മയക്കുമരുന്ന് മാഫിയ വിലസുന്ന ഫിലിപ്പൈന്‍സിലാണ് 58കാരിയായ മരിയ രെസ്സയുടെ തട്ടകം. റാപ്പ്‌ലര്‍ ന്യൂസ് പോര്‍ട്ടലിലൂടെ 2012 മുതല്‍ റോഡ്രിഗോ ദത്തേര്‍ത ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരേ അവര്‍ പോരാടുന്നു. 'ഒരു സര്‍ക്കാരിനോട് പോരാടുകയെന്നത് ബുദ്ധിശൂന്യതയാണ്. എന്നാല്‍ എന്റെ ജോലി അതിനെന്നെ നിര്‍ബന്ധിക്കുന്നു'- ഡിസംബറില്‍ മരിയ ഫിനാന്‍ഷ്യല്‍ ടൈംസിലെഴുതിയത് ഇങ്ങനെയായിരുന്നു. അധികാരികള്‍ക്കെതിരേ തുറന്നെഴുതിയതിന് പലതവണ ജയിലിലടയ്ക്കപ്പെട്ടത് അവരെ തളര്‍ത്തിയില്ല. ഓഗസ്റ്റിലാണ് രെസ്സെയ്‌ക്കെതിരായ കേസ് ഫിലിപ്പൈന്‍സ് കോടതി തള്ളിയത്. ഫിലിപ്പൈന്‍സില്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരേ ശബ്ദിച്ച അവരെ 2018ല്‍ ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു.
ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവേശമേകുന്നതാണ് ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം. സമൂഹത്തോടുള്ള പ്രതിബദ്ധത കാണിക്കാനായി ജോലിചെയ്യുന്നതിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അശ്രുപൂജ. അഫ്ഗാനില്‍ താലിബാന്‍ സേനയുടെ വെടിയേറ്റു മരിച്ച ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖി നമ്മുടെ മുമ്പിലുണ്ട്. അതുപോലെ എത്രയോ പേര്‍. സമൂഹത്തിന് വെളിച്ചമേകാന്‍ സാഹസികമായി കര്‍മനിരതരായ മാധ്യമപ്രവര്‍ത്തകര്‍. ഒടുവില്‍ കൊല്ലപ്പെട്ട് ഒരു കോളം വാര്‍ത്തയിലൊതുങ്ങുന്നവര്‍. അവരുടെ പ്രയത്‌നങ്ങളുടെ മഹത്വം മനസിലാക്കാന്‍ ഈ പുരസ്‌കാരം ഉപകരിച്ചേക്കും.
1992നും 2021നുമിടയില്‍ ജോലിക്കിടെ കൊല്ലപ്പെട്ടത് 1,416 മാധ്യമപ്രവര്‍ത്തകരാണ്. ഈ വര്‍ഷം മാത്രം 18 പേര്‍. അനിഷ്ടകരമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് കഴിഞ്ഞവര്‍ഷം തോക്കിനിരയായത് 21 മാധ്യമപ്രവര്‍ത്തകരാണ്. ഇതുകൂടാതെ 45 പേര്‍ വേറെയും. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് മെക്‌സിക്കോയിലാണ്. എട്ടുപേര്‍. എന്നാല്‍ സത്യം വിളിച്ചുപറയുന്ന നാവുകള്‍ പിഴുതെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും മുന്നിലാണ്.
2014ല്‍ അധികാരമേറ്റെടുത്ത് ഒരുമാസത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് സംസാരിക്കാനും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാനും സാധിക്കുന്നില്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്നായിരുന്നു. എന്നാല്‍ ആറുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം തകര്‍ച്ച നേരിടുകയാണ്. കഴിഞ്ഞവര്‍ഷം ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ 142ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 180 രാജ്യങ്ങളേ പട്ടികയിലുള്ളൂ എന്നിരിക്കെയാണിത്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ യു.പി ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി സവര്‍ണരുടെ കാമവെറിക്കിരയായി മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നു പോയതായിരുന്നു അദ്ദേഹം. 274 മാധ്യമപ്രവര്‍ത്തകരാണ് 2020ല്‍ ലോകത്ത് വിവിധ രാജ്യങ്ങളിലായി ജയിലിലടയ്ക്കപ്പെട്ടത്. ഇതില്‍ 67 പേര്‍ തടവിലായത് ഇന്ത്യയിലാണ്. എല്ലാവരെയും അറസ്റ്റ് ചെയ്തത് തൊഴിലുമായി ബന്ധപ്പെട്ടാണ്. 10 വര്‍ഷത്തിനിടെ 154 മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ഇതില്‍ 40 ശതമാനവും കഴിഞ്ഞവര്‍ഷമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."