ലോക്‌സഭയില്‍ പ്രതിഷേധിച്ചു; കേരളത്തില്‍ നിന്നുള്ള 6 പേര്‍ ഉള്‍പെടെ 14 പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ലോക്‌സഭയില്‍ പ്രതിഷേധിച്ചു; കേരളത്തില്‍ നിന്നുള്ള 6 പേര്‍ ഉള്‍പെടെ 14 പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: സുരക്ഷാ വീഴ്ചക്കെതിരെ ലോക്‌സഭയില്‍ ബഹളം വെച്ച് പ്രതിഷേധിച്ച 14പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്‍,ബെന്നി ബഹനാന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. ആദ്യം അഞ്ചുപേര്‍ക്കെതിരെയായിരുന്നു ലോക്‌സഭയില്‍ നടപടി. പിന്നീട് ഒമ്പത് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കനിമൊഴി, ജ്യോതിമണി, മുഹമ്മദ് ജാവേദ്, പി.ആര്‍ നടരാജന്‍, കെ. സുബ്രഹ്മണ്യം, എസ്.ആര്‍ പ്രതിഭം, എസ്. വെങ്കിടേഷന്‍, മാണിക്യം ടാഗോര്‍ എന്നിവരാണ് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റു എം.പിമാര്‍. വിന്റര്‍ സെഷന്‍ സമാപിക്കുന്ന ഡിസംബര്‍ 22 വരെയാണ് സസ്‌പെന്‍ഷന്‍. സുരക്ഷാ വീഴ്ചയെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയില്‍ ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രിയാനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ മൂന്ന് മണി വരെ നിര്‍ത്തിവെച്ചിരുന്നു. സഭയുടെ അന്തസിന് ചേരാത്തവിധം പ്രതിഷേധിച്ചെന്നതാണ് എം.പിമാര്‍ക്കെതിരായ കുറ്റം. സ്പീക്കറുടെ താക്കീത് വകവെക്കാതെ ചെയറിന് നേരെ മുദ്രാവാക്യം വിളിച്ചതാണ് നടപടിക്ക് കാരണമെന്നാണ് സൂചന. ഗുരുതരമായ അച്ചടക്കലംഘനം, സഭയിലെ തെറ്റായ പെരുമാറ്റം എന്നിവയും ആരോപിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം ലോക്‌സഭ സമ്മേളിച്ചപ്പോള്‍, പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടി വേണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രമേയം സഭ പാസാക്കുകയായിരുന്നു.
ലോക്‌സഭയുടെ സുരക്ഷ തന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും വിശദീകരണം ഇന്നലെ തന്നെ നല്‍കിക്കഴിഞ്ഞെന്നും സ്പീക്കര്‍ ഓംബിര്‍ല വ്യക്തമാക്കി. ഇനിമുതല്‍ പാസ് നല്‍കുമ്പോള്‍ എം.പിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. സുരക്ഷ വീഴ്ച വിലയിരുത്താന്‍ രാവിലെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി ഇന്നലത്തെ സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ സുരക്ഷ ചുമതലയുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."