HOME
DETAILS
MAL
മെഴുകുതിരിവെട്ടത്തിലെ അഞ്ചു ദിവസങ്ങള്‍
backup
October 10 2021 | 02:10 AM
ദിവ്യ ജോണ്‍ ജോസ്
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്നു താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റിനോടു ചേര്‍ന്നുള്ള ചെറിയൊരു പാര്‍ക്കില്‍ ഇടയ്ക്ക് നടക്കാന്‍ പോകാറുണ്ട്. ഇടയ്ക്കിടെ കാണുന്നവര്‍, ദിവസങ്ങള്‍ കഴിയുമ്പോള്‍ പതുക്കേ പരിചയക്കാരെപ്പോലേ സംസാരിക്കാന്‍ തുടങ്ങും. എന്തെങ്കിലുമൊക്കെ ചെറിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയുംചെയ്യും. അങ്ങനെ കണ്ടുപരിചയപ്പെട്ട ഒരു സ്ത്രീയുണ്ടായിരുന്നു. അവര്‍ ഗര്‍ഭിണിയായിരുന്നു. അവരും ഭര്‍ത്താവുംകൂടി കൈകള്‍ കോര്‍ത്തുപിടിച്ച് വേനലിന്റെ ചെറിയ ചൂടുള്ള വൈകുന്നേരങ്ങളില്‍, നീണ്ട നടപ്പാതയിലൂടെ നടക്കും. ചെറിയ കനാലിലൂടെപ്പോകുന്ന താറാവുകളെയും മറ്റു പക്ഷികളെയും, ബോട്ടിലെ സവാരിക്കാരെയും നോക്കിയിരിക്കും. ചില ദിവസങ്ങളില്‍ ആ സ്ത്രീ ഒറ്റയ്ക്കും വരാറുണ്ട്. സംസാരിക്കാനൊക്കെ തുടങ്ങിയ സമയത്ത്, വരാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. അവര്‍ ഒരു നഴ്‌സറി ഒരുക്കിയിരിക്കുന്നു. കുഞ്ഞിനുള്ള കട്ടിലും കളിപ്പാട്ടങ്ങളും ബ്ലാങ്കറ്റുകളും കുഞ്ഞുടുപ്പുകളും നേരത്തേതന്നെ തയ്യാറാക്കിവച്ചുകഴിഞ്ഞു. ഒന്നിലധികം പേരുകള്‍ കണ്ടുവച്ചിട്ടുണ്ടെന്നും കുഞ്ഞിന്റെ മുഖം കാണുമ്പോള്‍മാത്രമേ പേര് ഉറപ്പിക്കൂ എന്നും ലോകത്തെ ഏറ്റവും സന്തോഷവതിയായ സ്ത്രീയെപ്പോലേ അവര്‍ പറയുമായിരുന്നു.
പ്രസവത്തിനുള്ള തീയതിക്ക് ഒരു മാസംമുമ്പേ, എന്തൊക്കെയോ പ്രശ്‌നങ്ങള്‍കൊണ്ട് അവര്‍ക്കു കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നു. കുഞ്ഞ് വളരെ അപകടരമായ ഒരവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നുമാത്രം അറിഞ്ഞു. പിന്നീടവരെ കണ്ടിട്ടില്ല. കുറച്ചു മാസങ്ങള്‍ക്കുശേഷം, അവിടെനിന്നു താമസം മാറി, പോരുകയുംചെയ്തു.
അവര്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് ഓര്‍ത്തു. ജീവന്മരണപോരാട്ടത്തിലായ അവരുടെ കുഞ്ഞിനെക്കുറിച്ചും ഓര്‍ക്കാറുണ്ട്. ആശുപത്രിയില്‍നിന്ന് കളിപ്പാട്ടങ്ങള്‍നിറഞ്ഞ വീട്ടിലെ കൊച്ചുമുറിയിലേക്കു വരുന്ന കുഞ്ഞിന്റെ ചിരി; എത്രയും നിര്‍വൃതിയോടെ കുഞ്ഞിനെ മാറോടടുക്കിപ്പിടിക്കുന്ന അമ്മയുടെ മുഖം അങ്ങനെ നല്ലതുമാത്രം സംഭവിച്ചിട്ടുണ്ടാകാം എന്നോര്‍ത്തു.
ജുംപാ ലഹിരിയുടെ കഥയിലെ ശോഭ, പല അമ്മമാരെയും ഓര്‍മിപ്പിച്ചു. കുഞ്ഞു നഷ്ടപ്പെട്ട ശോഭയുടെ മനസിന്റെ മാറ്റം, ദിനചര്യകളുടെ മാറ്റം, നിര്‍വികാരത, ഉത്സാഹം നഷ്ടപ്പെട്ട ദിവസങ്ങള്‍, വിഷാദംമൂടിയ രാവുകളും പകലുകളും. ഇതൊക്കെ വായിച്ചപ്പോള്‍ വീണ്ടും ആ സ്ത്രീയെ ഓര്‍ത്തുപോയി.
കടിഞ്ഞൂല്‍പ്രസവത്തില്‍ ചാപിള്ളയായ് പിറന്നുവീണ കുഞ്ഞ്, ഇനിയൊരിക്കലും തനിക്ക് അമ്മയാകാന്‍ കഴിയില്ലെന്ന സത്യം, ഇതെല്ലാംകൂടി ശോഭയെ, തികച്ചും മറ്റൊരാളായി മാറ്റിക്കഴിഞ്ഞിരുന്നു.
കോട്ട് ഊരിയാല്‍ ഹാങ്ങറില്‍ തൂക്കിയിടുകയും ഷൂസ് ഊരി അതിന്റെ സ്ഥാനത്തു വയ്ക്കുകയും ബില്ലുകള്‍ വന്നയുടനെ അതടയ്ക്കുകയുംചെയ്തിരുന്ന, ഉത്സാഹവതിയായ ഒരു സ്ത്രീയായിരുന്നു അവര്‍. അപ്രതീക്ഷിതമായ എന്തു കാര്യത്തിനും അവള്‍ തയ്യാറായിരിക്കും. വിരുന്നുകാരില്‍ ആരെങ്കിലും അപ്രതീക്ഷിതമായി വീട്ടില്‍ തങ്ങിയാല്‍, പിറ്റേന്ന് അവര്‍ക്കു പല്ലു തേക്കാനുള്ള ബ്രഷ് മുതല്‍ പാചകത്തിനു വേണ്ട ഒലിവെണ്ണയും ധാന്യയെണ്ണയും മറ്റു സാധനങ്ങളെല്ലാം കൂടുതലായി വാങ്ങി, കരുതിവയ്ക്കുമായിരുന്നു എന്നോര്‍ത്തെടുക്കുന്നത് അവളുടെ ഭര്‍ത്താവ് ഷുകുമാറാണ്. അയാള്‍ ഇന്ത്യയിലെ കാര്‍ഷികവിപ്ലവങ്ങളെപ്പറ്റി പഠനംനടത്തുന്ന, അമേരിക്കയിലെ ഒരു ഗവേഷണവിദ്യാര്‍ഥിയും.
കഴിഞ്ഞ മഞ്ഞുവീഴ്ചയില്‍ എന്തോ തകരാറു സംഭവിച്ച വൈദ്യുതലൈനുകള്‍ നന്നാക്കുവാനായി അഞ്ചു ദിവസത്തേക്ക് ദിവസും ഒരു മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടും എന്നു മുന്നറിയിപ്പു നല്‍കുന്ന ഒരു നോട്ടീസ് കിട്ടുന്നിടത്തുനിന്നാണ് കഥ പറഞ്ഞുതുടങ്ങുന്നത്.
കുഞ്ഞിന്റെ മരണശേഷം, ശോഭയും ഷുകുമാറും രണ്ടു ധ്രുവങ്ങളിലേതെന്നപോലേ അദൃശ്യമായ എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അകന്നുപോയിരുന്നു. ശോഭ, ജോലിയുമായി കൂടുതല്‍നേരം ചെലവഴിക്കുമ്പോള്‍, ഷുകുമാര്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും അയാള്‍ക്കും ശോഭയ്ക്കുമുള്ള ഭക്ഷണം പാചകംചെയ്യുകയും പ്രഭാതങ്ങളില്‍ വളരെ വൈകി എഴുന്നേല്‍ക്കുകയും ദിവസങ്ങളോളം പുറത്തോട്ടിറങ്ങാതെ വീടിനുള്ളില്‍തന്നെ കഴിച്ചുകൂട്ടുകയുംചെയ്തുപോന്നു. പരസ്പരം കണ്ണുകളിലേക്കു നോക്കി, ഭാര്യ ചിരിക്കാതെയായിട്ട് ഒരുപാടു നാളായെന്നും അയാള്‍ കണ്ടെത്തി.
വൈകുന്നേരങ്ങളില്‍ എപ്പോഴെങ്കിലും അവള്‍ അയാളുടെ മുറിയിലെത്തും. ആ സമയം അയാള്‍ വായിച്ചുകൊണ്ടിരിക്കുന്ന നോവല്‍ പൊടുന്നനെ മടക്കി, കമ്പ്യൂട്ടറില്‍ എന്തെങ്കിലും റ്റൈപ്പുചെയ്യാന്‍ തുടങ്ങുകയുംചെയ്യും. അല്‍പനേരം അയാളുടെ തോളില്‍ കൈവച്ചുനിന്നതിന്നുശേഷം, ഉറങ്ങാനായി പോകും. ദിവസത്തിലൊരിക്കല്‍, ആ നിമിഷംമാത്രമാണ് അവള്‍ അയാളെ തിരക്കി എത്തുന്നതെങ്കിലും അതുപോലും പതുക്കേ അയാള്‍ വെറുക്കാന്‍ തുടങ്ങിയിരുന്നു.
താറാവുകളുടെയും മുയലുകളുടെയും ചിത്രങ്ങള്‍ വരച്ച്, മോടിപിടിപ്പിച്ചിരുന്ന മുറിയായിരുന്നു അത്. ഒരു കുഞ്ഞുതൊട്ടിലും ആടുന്ന കസേരയും പിറക്കാന്‍ പോകുന്ന തങ്ങളുടെ കണ്മണിക്കായി അവര്‍ ആ മുറിയില്‍ കരുതിയിരുന്നു. ആശുപത്രിയില്‍നിന്ന് ശോഭ, കുഞ്ഞില്ലാതെ തിരികേ എത്തുന്നതിന്നുമുമ്പേ, അയാള്‍ ചുമരിലെ ചിത്രങ്ങള്‍ ചുരണ്ടിമാറ്റുകയും ബാക്കിയെല്ലാ തയ്യാറെടുപ്പുകളും പൊളിച്ചുമാറ്റുകയുംചെയ്തിരുന്നു!
സാധാരണയായി, അയാള്‍ സ്വന്തം ഭക്ഷണവുമായി വായനമുറിയിലേക്കു പോകുകയും അവള്‍ ടെലിവിഷനു മുന്നിലിരുന്ന് പരസ്പരം മിണ്ടാതെ, കാണാതെ, വൈകുന്നേരങ്ങളിലെ ഭക്ഷണംകഴിപ്പ് തുടര്‍ന്നുപോന്നിരുന്ന ദിവസങ്ങളിലാണ് പവര്‍കട്ടിനെക്കുറിച്ചുള്ള നോട്ടീസ് കിട്ടുന്നത്.
പവര്‍കട്ടിന്റെ ആദ്യത്തെ ദിവസം, അയാള്‍ക്കു കുറച്ചു ബര്‍ത്ത്‌ഡേ മെഴുകുതിരികളാണ് കൈയില്‍ കിട്ടിയുള്ളൂ. അതെല്ലാം കത്തിച്ചുവച്ച് മുഖാമുഖം ഇരുന്നുകൊണ്ടു ഭക്ഷണം കഴിക്കാന്‍ ആ പവര്‍കട്ട് ഒരു നിമിത്തമായി.
പണ്ട് ഇന്ത്യയില്‍വച്ച് വൈദ്യുതി ഇല്ലാതാകുന്ന (കഥ നടക്കുന്നത് അമേരിക്കയിലാണ്) സമയങ്ങളില്‍, എല്ലാവരും ഒരുമിച്ചു കൂടിയിരിക്കാറുള്ളതും എന്തെങ്കിലുമൊക്കെ ഓരോരുത്തരും പറഞ്ഞുകൊണ്ടിരിക്കാറുള്ളതും ശോഭ ഓര്‍ത്തുപറയുന്നു. നമുക്ക് ഈ അഞ്ചു ദിവസം, ഇന്നേവരെ പറഞ്ഞിട്ടില്ലാത്ത എന്തെങ്കിലുമൊക്കെ പരസ്പരം പറയാമെന്നും അവള്‍ പറയുന്നു.
ഒന്നാംദിവസം അവള്‍ പറഞ്ഞിതാണ്.
അവളുടെ പേര്, ഷുകുമാര്‍ അയാളുടെ അഡ്രസ്ബുക്കില്‍ എഴുതിചേര്‍ത്തിട്ടുണ്ടോയെന്ന് അവള്‍ രഹസ്യമായ് തുറന്നുനോക്കി. അതും അയാളുമൊത്ത് അയാളുടെ അപാര്‍ട്ട്‌മെന്റില്‍ പോയ ആദ്യദിവസങ്ങളിലെപ്പോഴോ.
അയാള്‍ക്ക് എന്തു പറയണമെന്നു വലിയ ഗ്രാഹ്യമൊന്നുമില്ലായിരുന്നെങ്കിലും ആദ്യമായി ഡിന്നറിനു പോയ പോര്‍ട്ടുഗീസ് റസ്റ്ററന്റില്‍, വെയ്റ്റര്‍ക്കു ടിപ്പുകൊടുക്കാന്‍ മറന്നുപോയതും പിറ്റേന്ന് ടാക്‌സി പിടിച്ചുപോയി ടിപ്പ് കൊടുത്തതും അയാള്‍ വിവരിച്ചു. ശോഭയെ കല്യാണം കഴിച്ചേക്കുമെന്ന തോന്നലില്‍, ശ്രദ്ധ മാറിപ്പോയെന്നും അങ്ങനെ ടിപ്പ് കൊടുക്കാന്‍ മറന്നതാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാംദിവസം, കൂടുതല്‍ ഉത്സാഹത്തോടെയാണ് ശോഭ വീട്ടിലെത്തിയത്. പവര്‍കട്ടിന്നുമുമ്പേ ഭക്ഷണം കഴിച്ചു. പാത്രങ്ങള്‍ കഴുകാന്‍ ശോഭ സഹായിച്ചു. ആ ദിവസംമുഴുവനും അയാള്‍ ചിന്തിച്ചത് വൈകുന്നേരത്തെ ഒരു മണിക്കൂറിനെക്കുറിച്ചായിരുന്നു. പുതിയ മെഴുകുതിരികള്‍ അയാള്‍ വാങ്ങിവന്നു. അഡ്രസ് ബുക്കു പരിശോധിച്ചുകൊണ്ടുനില്‍ക്കുന്ന ശോഭയെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
രണ്ടാംദിവസം അവര്‍ പുതിയ കഥകള്‍ കൈമാറി. മൂന്നും നാലുംദിവസങ്ങളില്‍ കൂടുതല്‍ അടുപ്പമുള്ളവരെപ്പോലേ പെരുമാറാനായി. മൂന്നാമത്തെ ദിവസം, അവള്‍ അയാളെ ചുംബിക്കുകയും നാലാംദിവസം അവര്‍ ഒരു മുറിയില്‍ കിടന്നുറങ്ങുകയുംചെയ്തു.
അഞ്ചാമത്തെ ദിവസം, പവര്‍കട്ടിന്റെ അവസാനദിവസം, മെഴുകുതിരിവെട്ടത്തില്‍ ഒന്നും സംസാരിക്കാതെയിരുന്ന്, അയാളുണ്ടാക്കിയ ചെമ്മീന്‍വിഭവം അവള്‍ കഴിച്ചു. പിന്നിടാണ് അവള്‍ അയാളോടതു പറയുന്നത്. അവള്‍ക്കു ജോലിസ്ഥലത്തിനോടു ചേര്‍ന്ന് ഒരു വീടു ശരിയായിട്ടുണ്ടെന്നും അവള്‍മാത്രമായ് അങ്ങോട്ടു താമസം മാറ്റുകയാണെന്നുമായിരുന്നു അത്. ഈ ദിവസങ്ങളിലൊക്കെയും അവള്‍ അതിനുവേണ്ടി തയ്യാറെടുക്കുകയുമായിരുന്നുവെന്നും ഈ കഥ പറച്ചില്‍ അതിന്റെയൊരു ഭാഗമായിരുന്നുവെന്നും അയാള്‍ക്കു തോന്നി.
അഞ്ചാംദിവസം, അവളോടിതുവരെ പറയാത്ത എന്തെങ്കിലും പറയുക എന്നതിന് ഊഴമായി എന്നയാള്‍ ഓര്‍ത്തു. അയാള്‍ വീണ്ടും അവരുടെ കുഞ്ഞിനെക്കുറിച്ചോര്‍ത്തു. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊരിക്കല്‍പ്പോലും സ്‌കാനിങ് സമയത്ത് അറിയാനവര്‍ ആഗ്രഹിച്ചിരുന്നില്ല. ഒരു സര്‍പ്രൈസ് രണ്ടുപേരും ആഗ്രഹിച്ചിരുന്നു. സംഭവിച്ചുപോയ നഷ്ടത്തെക്കുറിച്ചു സംസാരിച്ചപ്പോളൊക്കെ, അതറിയാതിരുന്നത് വലിയൊരാശ്വാസമായി എന്ന് ശോഭ പറഞ്ഞിരുന്നു. അയാള്‍ക്കും അതങ്ങനെയാണെന്ന് അവള്‍ കരുതി.
എന്നാല്‍, കുഞ്ഞിനെ ദഹിപ്പിക്കുംമുമ്പ്, അയാള്‍ കുഞ്ഞിനെ കാണുകയും കൈയിലെടുക്കുകയുംചെയ്തിരുന്നതായി അവള്‍ക്കറിവില്ലായിരുന്നു.
'നമ്മുടേത് ആണ്‍കുഞ്ഞായിരുന്നു. നീ ഉറങ്ങുമ്പോള്‍ മുഷ്ടി ചുരുട്ടിപ്പിടിക്കുന്നതുപോലേ അവനും ചെയ്തിരുന്നു'- എന്നും അയാള്‍ പറഞ്ഞു.
ഒരിക്കലും അവളോടു പറയില്ലെന്നു കരുതിയ കാര്യം, രണ്ടുപേര്‍ക്കും ഇപ്പോള്‍ ഒരുപോലേ അറിയാവുന്ന കാര്യം. അവര്‍ രണ്ടു പേരും എന്തായിരിക്കും അതിനുശേഷം ചെയ്തിട്ടുണ്ടാകുക? ഒരുമിച്ചിരുന്ന് ആദ്യമായ് കരഞ്ഞിട്ടുണ്ടാകാം.
ഒന്നിച്ചു തേങ്ങിക്കരയുന്ന അവരെ ഉപേക്ഷിച്ച്, കഥ അവസാനിക്കുന്നു. വായനക്കാര്‍, പലവിധ ഉപാധികളോടെ മുന്നോട്ടുള്ള അവരുടെ ജീവിതത്തിലേക്ക് കണ്ണുമിഴിച്ചുനോക്കിയിരിക്കുന്നു.
ജുംപാ ലാഹിരിയുടെ 'ദി ലോ ലാന്‍ഡ്' (താഴ്‌നിലം) ആണ് ആദ്യം വായിക്കുന്ന കൃതി. 1967ല്‍ ലണ്ടനിലാണ് അവര്‍ ജനിക്കുന്നത്. മാതാപിതാക്കള്‍ ബംഗാളില്‍നിന്നുള്ളവരാണ്. 1999ല്‍ പുറത്തിയ ആദ്യകഥാസമാഹാരമായ 'ഇന്റര്‍പ്രട്ടര്‍ ഓഫ് മലഡീസ്' വ്യാധികളുടെ വ്യാഖ്യാതാവ് എന്നതിലാണ് 'എ ടെംപററി മാറ്റര്‍്', തികച്ചും താത്കാലികം എന്ന കഥയിലൂടെ ശോഭയെയും ഷുകുമാറിനെയും വിവരിക്കുന്നത്. ഈ സമാഹാരത്തിലെ കഥകളെല്ലാംതന്നെ കള്‍ച്ചറല്‍ ഡൈവേഴ്‌സിറ്റിയുടെ പ്രതലത്തില്‍നിന്നു പറയുന്ന കഥകളാണ്. വിവിധ സംസ്‌കാരങ്ങളുടെ, വിവിധ രാജ്യങ്ങളുടെ, വിവിധ മനുഷ്യരുടെ കഥകള്‍.
ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നു ബിരുദം നേടി, റോമിലും താമസമാക്കിയിരുന്നു ഇവര്‍. 2015ല്‍, ഇറ്റാലിയന്‍ഭാഷയില്‍ എഴുതിയ പുസ്തകം, ആ ഭാഷയോടുള്ള അവരുടെ പ്രതിപത്തിയെയും കാണിക്കുന്നു. ഇവരിപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."