അജയ് മിശ്ര അഥവാ നാട്ടുകാരുടെ 'മഹാരാജ്'; ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണപ്രീതിക്കായി മോദി ഇറക്കിയ തുറുപ്പ് ചീട്ട്
ലഖിംപൂര്‍ ഖേരിയും കര്‍ഷക കൊലക്കുമൊപ്പം പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര മന്ത്രിയുമായി അജയ് മിശ്രയും നിറയുകയാണ് വാര്‍ത്തകളില്‍. വിവാദങ്ങള്‍ക്ക് ഒട്ടും പിന്നിലല്ല അജയ് മിശ്രയും. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇനിയും വിധി പറയാത്ത ഒരു വധക്കേസില്‍ പ്രതി കൂടിയാണ് അജയ് മിശ്ര.
തേനി മഹാരാജ് എന്ന മഹാരാജ്
ഉത്തര്‍പ്രദേശില്‍ നിന്ന് കേന്ദ്രമന്ത്രി സഭയില്‍ എത്തിയ ഏക ബ്രാഹ്മണ പ്രതിനിധിയാണ് മിശ്ര. ക്രിമിനല്‍ പശ്ചാത്തലമുണ്ടായിട്ടും മന്ത്രിസ്ഥാനം മിശ്രയെ തേടിയെത്തിയതും മറ്റൊന്നും കൊണ്ടല്ല. ഠാക്കൂര്‍ വിഭാഗക്കാരനായ യോഗി ആദിത്യ നാഥിനോട് ബ്രാഹ്മണര്‍ക്കുള്ള എതിര്‍പ്പിനെ മറികടക്കാന്‍ കണ്ടെത്തിയ പോംവഴിയായിരുന്നു മിശ്ര. നാട്ടുകാര്‍ക്ക് അജയ് മിശ്ര മഹാരാജ് ആണ്. ബ്രാഹ്മണ സമുദായത്തില്‍ പെട്ടയാലായതിനാലാണ് നാട്ടുകാര്‍ മിശ്രയെ അങ്ങിനെ വിളിക്കുന്നത്.
മഹാരാജില്‍ നിന്ന് എം.പിയിലേക്ക്
2010ല്‍ ബി.ജെ.പി ജില്ലാ പരിഷത്തിലാണ് അജയ് മിശ്ര തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ബി.ജെ.പി ജില്ലാ ഓഫിസ് ഭാരവാഹിയും ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. അവിടെ നിന്ന് നേരെ എം.എല്‍.എ പട്ടത്തിലേക്ക് കുതിട്ടു കയറ്റമായിരുന്നു. 2012ല്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. ലഖിംപൂര്‍ ഖേരിയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയിച്ച ഒരേ ഒരു മണ്ഡലമായിരുന്നു അത്. ഇത് മിശ്രയെ ലോക്‌സഭയിലെത്തിച്ചു. 2014ലും 2019ലും എം.പിയായി.
സര്‍പ്രൈസായി മന്ത്രി പദം; ബ്രാഹ്മണപ്രീതിക്കായി മോദി ഇറക്കിയ തുറുപ്പ് ചീട്ട്
ഒ.ബി.സിയില്‍ പെട്ട കുര്‍മി വംശത്തിന്റെ കുത്തക തകര്‍ത്തുകൊണ്ടായിരുന്നു മിശ്രയുടെ വിജയം. 1962ന് ശേഷം ആദ്യമായിട്ടായിരുന്നു ഇവിടെ നിന്ന് ഒരു ബ്രാഹ്മണന്‍ ജയിച്ചു കയറുന്നത്.
തികച്ചും അപ്രതീക്ഷിതമായാണ് മിശ്രയെത്തേടി മന്ത്രി സ്ഥാനമെത്തുന്നത്. അതുവരെ ദേശീയ രാഷ്ട്രീയത്തില്‍ മുന്‍നിരയില്‍ മിശ്രയുടെ പേരു പോലുമുണ്ടായിരുന്നില്ല. എന്നിട്ടും ജൂലൈയിലെ മന്ത്രിസഭാ വികസനത്തില്‍ എല്ലാവരേയും ഞെട്ടിച്ച് മിശ്ര മന്ത്രിയായി. ഉന്നത സമുദായത്തില്‍ പെട്ട മറ്റു പലരേയും തള്ളിയായിരുന്നു മഹാരാജയുടെ സ്ഥാനാരോഹണം. ഇതെങ്ങിനെ സംഭവിച്ചെന്നറിയില്ല ലഖിംപൂര്‍ ഖേരി ബി.ജെ.പിയിലെ ഒരു നേതാവ് പറയുന്നു.
ദലിതരേയും സിഖുകാരേയും കയ്യിലെടുത്തു
ചെറിയചെറിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മണ്ഡലത്തിലെ സിഖുകാരേയും താഴ്ന്ന വിഭാഗത്തില്‍ പെട്ടവരേയും ഒരുപോലെ കയ്യിലെടുത്തു മിശ്ര. മിശ്ര ജനകീയനായിരുന്നുവെന്ന് ഒരുപോലെ പറയുന്നു അവര്‍.
കര്‍ഷക കൊല തിരിച്ചടിയാവുമോ
ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊല ബി.ജെ.പിക്ക് തിരിച്ചടിയാവുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രതിപക്ഷവും പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവരും ഒരുപോലെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തതും പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."