സ്‌കൂള്‍ തുറക്കല്‍ ശുചിത്വ പരിപാലനവും വാക്‌സിനേഷനും തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ നിര്‍ദേശിച്ചു. ക്ലാസ്മുറികളും ശൗചാലയങ്ങളും കുടിവെള്ള സ്രോതസും പാചകപ്പുരയും ഭക്ഷണശാലയും വാഹനങ്ങളും സ്‌കൂള്‍ പരിസരവുമൊക്കെ ദൈനംദിനം പരിപാലിക്കേണ്ടത് സംബന്ധിച്ച് അതത് സ്‌കൂള്‍ അധികൃതരുമായി ധാരണയുണ്ടാക്കി മുന്നോട്ടുപോകണം. ശുചിത്വ പരിപാലനവും അണുനശീകരണവും ഉറപ്പുവരുത്താനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പേ തന്നെ എല്ലാ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും ഗസ്റ്റ് അധ്യാപകരടക്കമുള്ളവര്‍ക്കും വിദ്യാര്‍ഥികളുടെ വീടുകളിലുള്ള മറ്റ് അംഗങ്ങള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമായെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. സ്‌കൂള്‍ പി.ടി.എകളും എസ്.എം.സി എക്‌സിക്യൂട്ടീവ് യോഗങ്ങളും വിളിച്ച് ചേര്‍ത്ത് വിശദമായി ചര്‍ച്ച നടത്തണം. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍ നിര്‍ബന്ധമായും ഇത്തരം യോഗങ്ങളില്‍ പങ്കാളികളാകണം. മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിദ്യാര്‍ഥി- അധ്യാപക സംഘടനകളുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറന്ന ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ നടത്താന്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. അതോടൊപ്പം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികള്‍ നടപ്പാക്കാനും നിരീക്ഷിക്കാനും സ്‌കൂള്‍ ആരോഗ്യ നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഈ കമ്മറ്റിയില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്‌കൂള്‍ അധികൃതരുടെ ഒരു യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്നും സ്‌കൂളുകള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."