22 കോടി പൊടിച്ചതിനു പിന്നാലെ വീണ്ടും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍; ടെണ്ടര്‍ ക്ഷണിച്ചു
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. കോടികള്‍ ചെലവഴിച്ച് കഴിഞ്ഞ വര്‍ഷം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ കരാര്‍ അവസാനിച്ചത്. എന്നാല്‍ ഉടനടി കരാര്‍ ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍ക്കിടെയിലാണ് പുതിയ ടെന്‍ഡര്‍.
ആറ് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഹെലികോപ്റ്ററിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ലെന്നും മാസം 20 മണിക്കൂറില്‍ കൂടുതല്‍ പറക്കേണ്ടിവരുമെന്നും പൊലിസ് പുറത്തിറക്കിയ ടെന്‍ഡര്‍ നോട്ടിസില്‍ പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷം ഹെലികോപ്ടര്‍ വാടകയിനത്തില്‍ 22 കോടി ചെലവഴിച്ചെന്ന വിവരം പുറത്തുവന്നത് വിവാദമായിരിക്കെയാണ് വീണ്ടും ഹെലികോപ്ടറിനായി ടെണ്ടര്‍ വിളിക്കുന്നത്.
വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് ഹെലികോപ്ടറിന്റെ ഒരു വര്‍ഷത്തെ വാടക സംബന്ധിച്ച ചെലവ് പുറത്തുവന്നത്. എന്നാല്‍ എന്തിനുവേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമില്ല.
ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ഇതുവരെ ജി.എസ്.ടി ഉള്‍പ്പെടെ 22,21,51,000 രൂപ ചെലവായതായാണ് വിവരാവകാശരേഖപ്രകാരമുള്ള മറുപടി. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.
2020 ഏപ്രിലില്‍ ഡല്‍ഹി ആസ്ഥാനമായ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരും ഉള്‍പ്പെട്ടതായിരുന്നു പാക്കേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."