HOME
DETAILS
MAL
അഫ്ഗാന് 8,715 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് ഇ.യു
backup
October 13 2021 | 02:10 AM
ബ്രസല്‍സ്: അഭയാര്‍ഥി പ്രവാഹം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അഫ്ഗാന് 100 കോടി യൂറോയുടെ (8,715 കോടി രൂപ) സഹായ പാക്കേജ് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂനിയന്‍. അഫ്ഗാനിലെ സാമൂഹിക-സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ജി20 രാഷ്ട്രത്തലവന്മാര്‍ നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് പ്രഖ്യാപനം.
ഇറ്റലി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും റഷ്യന്‍ പ്രസിഡന്റ് പുടിന്റെയും പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
ചര്‍ച്ചയുടെ തുടക്കത്തില്‍ യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോന്‍ ഡെറാണ് സഹായ പാക്കേജ് പ്രഖ്യാപിച്ചത്. നേരത്തെ 30 കോടി യൂറോ (2,613 കോടി രൂപ) അഫ്ഗാന് അടിയന്തര മാനുഷിക ആവശ്യങ്ങള്‍ക്കായി ഇ.യു പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെ 25 കോടി യൂറോയാണ് (2,178 കോടി രൂപ) പുതുതായി പ്രഖ്യാപിച്ചത്. ബാക്കി തുക അഫ്ഗാനില്‍ നിന്ന് ആളുകള്‍ പലായനം ചെയ്ത അയല്‍രാജ്യങ്ങള്‍ക്കാണ് നല്‍കുക.
താലിബാന്‍ സര്‍ക്കാരിനെ ഇ.യു ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ തുക രാജ്യത്തെ അന്താരാഷ്ട്ര സംഘടനകളിലൂടെയാണ് എത്തിക്കുക.
അതേസമയം, അഫ്ഗാനുള്ള യൂറോപ്യന്‍ യൂനിയന്റെ വികസന സഹായം മരവിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി താലിബാന്‍ പ്രതിനിധി സംഘം ഇന്നലെ ഇ.യു, യു.എസ് പ്രതിനിധികളുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് ജി20 യോഗം നടന്നത്. യോഗത്തില്‍ തുര്‍ക്കി, സഊദി പ്രതിനിധികളും പങ്കെടുത്തു.
20 വര്‍ഷം നീണ്ട അധിനിവേശത്തിനു ശേഷം താലിബാന്‍ അധികാരമേറ്റെടുത്തതോടെ അഫ്ഗാനുള്ള അന്താരാഷ്ട്ര സഹായം നിലച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ വിദേശ ബാങ്കുകളിലുള്ള കരുതല്‍ധനവും മരവിപ്പിച്ചിരിക്കുകയാണ്.
ഇതുമൂലം ഭക്ഷ്യവസ്തുക്കളുടെ വിലയും തൊഴിലില്ലായ്മയും വര്‍ധിച്ചിട്ടുണ്ട്. ശൈത്യകാലം അടുത്തിരിക്കെ രാജ്യം കടുത്ത പട്ടിണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."