നടപടി വേണം, ഇല്ലെങ്കില്‍ എണ്ണി എണ്ണി തിരിച്ചടിക്കും; കല്യാശ്ശേരിയില്‍ നിന്ന് തുടങ്ങുമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരേയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചില്ലെങ്കില്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി. സതീശന്റെ വാക്കുകള്‍:
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കൊല്ലാന്‍ കരിങ്കല്ലെറിഞ്ഞപ്പോള്‍ അതിനെ ന്യായീകരിച്ച പാര്‍ട്ടി സെക്രട്ടറിയാണ് പിണറായി വിജയന്‍. ഞങ്ങള്‍ പിണറായി വിജയന്റെ പാരമ്പര്യത്തിലുള്ളവരല്ല. ഒരു കടലാസ് പോലും ചുരുട്ടിയെറിയരുതെന്ന് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞവരാണ് ഞങ്ങള്‍. അത് മാറ്റിപ്പറയാന്‍ വേണ്ടിയാണ് ഇന്നത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
പൊലീസിനോടാണ്, ഡിജിപിയോടാണ്, കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടാണ്, കല്യാശ്ശേരി മുതല്‍ കൊല്ലം വരെ ഞങ്ങളെ ഉപദ്രവിച്ച കേസുകളില്‍ ശരിയായ വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം. നിങ്ങളുടെ ഗണ്‍മാന്മാരും ടി.എസ്.ഒമാരും ക്രിമിനലുകളാണ്. അവരെ ആ സ്ഥാനത്തുനിന്ന് പുറത്താക്കണം. ഇതുരണ്ടും ചെയ്തില്ലെങ്കിലും തിരിച്ചടിക്കണം, തിരിച്ചടിക്കും. ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും.
കല്യാശ്ശേരി മുതല്‍ കൊല്ലം വരെ യൂത്ത് കോണ്‍ഗ്രസുകാരെ തെരുവിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലിയവരുടെ പേരുകള്‍ മുഴുവന്‍ ഞങ്ങളുടെ കൈയിലുണ്ട്. വഴിയിലിട്ട് വയര്‍ലെസ് സെറ്റ് വെച്ച് തല്ലിയവരെ, മാരകായുധങ്ങള്‍വെച്ച് ആക്രമിച്ചവരെ, പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നവരെ ആലപ്പുഴയില്‍വെച്ച് ക്രൂരമായി മര്‍ദിച്ചവരെ, പ്രിയപ്പെട്ട അജിമോനെ പുറകില്‍നിന്ന് ചവിട്ടയവരെ, എല്ലാവന്റേയും പേരും മേല്‍വിലാസവും ഞങ്ങളുടെ കൈയിലുണ്ട്.
ഇത് ചെയ്തില്ലെങ്കില്‍ കല്യാശ്ശേരിയില്‍നിന്ന് തന്നെ തുടങ്ങും. അവരെ സംരക്ഷിക്കും. ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍, യൂത്ത് കോണ്‍ഗ്രസിന്റേയും കെ.എസ്.യുവിന്റേയും കുട്ടികളെ സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍, ഉള്ള സ്ഥാനം വലിച്ചെറിഞ്ഞ് സന്ന്യാസത്തിനു പോവും. ഇവരുടെ ചോരവീണ, ചോരച്ചാലുകള്‍ ചവിട്ടി ഞങ്ങള്‍ക്കാര്‍ക്കും അധികാരസ്ഥാനത്തേക്ക് പോവേണ്ട. അധികാരസ്ഥാനത്തേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണ് ഇവര്‍. അവരുടെ ദേഹം നൊന്തിട്ടുണ്ടെങ്കില്‍, നിലവിളിച്ചിട്ടുണ്ടെങ്കില്‍, പരിക്കേറ്റിട്ടുണ്ടെങ്കില്‍, അവരുടെ ചോര ഈ മണ്ണില്‍ വീണിട്ടുണ്ടെങ്കില്‍, നിയമപരമായ നടപടി നിങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഉറപ്പായും തിരിച്ചടിക്കും. അതിന്റെ കൂടെ ഞങ്ങളുണ്ടാവും. പുറത്തുനിന്ന് പറയാനല്ല, കൂടെയുണ്ടാവും.
നടപടി വേണം, ഇല്ലെങ്കില്‍ എണ്ണി എണ്ണി തിരിച്ചടിക്കും; കല്യാശ്ശേരിയില്‍ നിന്ന് തുടങ്ങുമെന്ന് വിഡി സതീശന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."