തെരുവു നായയുടെ കടിയേറ്റ് നാലു വയസുകാരിക്ക് പരുക്ക്
മാനന്തവാടി: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരിയെ തെരുവു നായ കടിച്ചു കൈവിരലിന് മുറിവേറ്റു. പാതിരിച്ചാല്‍ കുന്നത്ത് സുനിലിന്റെ മകള്‍ അന്സ്മരിയക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കരച്ചില് കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മാതാപിതാക്കള്‍ ഓടിപ്പോകുന്ന തെരുവ് നായയെയും കൈവിരലില്‍ പരുക്കേറ്റ കുട്ടിയെയും കണ്ടത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. വലതുകൈയിലെ രണ്ട് വിരലുകള്‍ക്കാണ് പരുക്കേറ്റത്.
മാനന്തവാടിയില്‍ ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. താലൂക്ക് ഓഫിസിലെ ജീവനക്കാരന്, അപ്പപ്പാറയിലെ ഒരു വീട്ടമ്മ, പതിനൊന്ന് വയസുകാരി പെണ്‍കുട്ടി എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് നായയുടെ കടിയേറ്റത്. എന്നാല്‍ നാള്‍ക്ക് നാള് വര്‍ധിച്ചുവരുന്ന തെരുവ് നായശല്യം പരിഹരിക്കാന്‍ ഇത് വരെയും യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."