'കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്റ്'; വിവാദങ്ങള്‍ പ്രതിപക്ഷം ഉണ്ടാക്കിയതെന്ന് പി.വി അന്‍വര്‍
മലപ്പുറം: പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് പി.വി അന്‍വര്‍ എം.എല്‍.എ. വിവാദങ്ങള്‍ പ്രതിപക്ഷം ഉണ്ടാക്കിയതാണെന്ന് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ. സി വേണുഗോപാല്‍ ബി.ജെ.പി ഏജന്റാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ് വേണുഗോപാലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'എന്നെ തെരഞ്ഞല്ല കോണ്‍ഗ്രസ് ടോര്‍ച്ചടിക്കേണ്ടത്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അകത്തേക്കാണ്. ഇന്ത്യയില്‍ ആകമാനം കോണ്‍ഗ്രസ് തകര്‍ന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെ.സി വേണുഗോപാല്‍. വെറുതെ പറയുകയല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയതും വേണുഗോപാലാണ്. ഏറ്റവും അവസാനമായി പഞ്ചാബ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയും പോലുള്ള കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കന്മാരെ പൂര്‍ണമായും ഒഴിവാക്കി വേണുഗോപാല്‍ കോണ്‍ഗ്രസിനെ നയിക്കുകയാണ്. അദ്ദേഹം ആരാണെന്ന് മുന്‍ കോണ്‍ഗ്രസുകാരനായ എനിക്കും പത്രപ്രവര്‍ത്തകര്‍ക്കും അറിയാം.' അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."