മണ്ണിനടിയില്‍ പുതഞ്ഞ് തലയും കൈയും; ഞെട്ടല്‍ മാറാതെ ജിന്‍സ്
കൂട്ടിക്കല്‍ (കോട്ടയം): പ്ലാപള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തിയ ജിന്‍സ് ജോസഫിന് ദുരന്തത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ആറ്റുചാലില്‍ ജോമിയുടെ വീടും മോഹന്റെ ചായക്കടയും ഉരുള്‍ കവര്‍ന്നെടുത്തതിന് പിന്നാലെ ഓടിയെത്തിയത് ജിന്‍സും രണ്ടു അയല്‍വാസികളുമായിരുന്നു.
ഉച്ചയ്ക്ക് 12 നോട് അടുത്ത് വീട്ടില്‍ ഇരിക്കുകയായിരുന്നു ജിന്‍സ്. പെട്ടെന്ന് വലിയ ശബ്ദം കേള്‍ക്കുകയും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു.
പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത് വീടുകളുടെ ഇടയിലൂടെ വെള്ളം കുത്തിയൊലിച്ച് എത്തുന്നതാണ്. ജോബിയുടെ വീടു പൂര്‍ണമായും മോഹന്റെ വീടിനോട് ചേര്‍ന്ന പലചരക്കുകടയും ചായക്കടയും താഴേക്ക് ഒലിച്ചു പോകുന്നതും കണ്ടു. എല്ലാം ഒരു നിമിഷത്തില്‍ അവസാനിച്ചു.
ഇതോടെ അയല്‍വാസികളായ രണ്ടു പേരേയും കൂട്ടി ചെളി നിറഞ്ഞ പ്രദേശത്ത് കൂടി ജിന്‍സ് താഴേക്ക് ഇഴഞ്ഞിറങ്ങി. ജീവനോടെ ആരെങ്കിലും ഉണ്ടെങ്കില്‍ രക്ഷിക്കുകയായിരുന്നു ലക്ഷ്യം.
താഴേക്ക് ഇറങ്ങിയപ്പോള്‍ ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ഒരു മനുഷ്യന്റെ തലഭാഗം പുറത്തു കണ്ടു. മറ്റൊരിടത്ത് മണ്ണില്‍ പുതഞ്ഞു ഉയര്‍ന്നു നില്‍ക്കുന്ന ഒരു കൈയും. ഇവയൊന്നും പുറത്തെടുക്കാനാവാതെ വൈകിട്ട് അഞ്ചു വരെ ജിന്‍സും അയല്‍വാസികളും ജീവനോടെ ആരെയെങ്കിലും കണ്ടെത്താനാവുമോയെന്ന പ്രതീക്ഷയില്‍ തിരച്ചില്‍ നടത്തി.
വൈദ്യുതി ബന്ധം നിലച്ചു പുറം ലോകവുമായി ബന്ധപ്പെടാനാവാതെ രാത്രിയോടെ കുടുംബത്തോടൊപ്പം കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാംപിലേക്ക് പോന്നു. നടന്നു വരുന്നതിനിടെ മകനെ പാമ്പു കടിച്ചു. മകനുമായി കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലാണിപ്പോള്‍. കൂട്ടിക്കലില്‍ വെള്ളിയാഴ്ച നടന്ന, ദുരന്തത്തില്‍ മരിച്ച റോഷ്‌നിയുടെ കൊച്ചുമകളുടെ മാമോദീസയില്‍ പ്ലാപള്ളിയിലെ കുടുംബങ്ങള്‍ ഒത്തുച്ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."