അന്‍വറിന്റെ പെട്ടിക്കട പരാമര്‍ശം: വെട്ടിലായി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
നെടുമ്പാശ്ശേരി: സംസ്ഥാനത്ത് ഇനി ഒരു പെട്ടിക്കട പോലും തുടങ്ങില്ലെന്ന പ്രമുഖ വ്യവസായിയും ഭരണപക്ഷ എം.എല്‍.എയുമായ പി.വി അന്‍വറിന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെ തിരിഞ്ഞുകുത്തുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ ശക്തമായ പ്രചാരണം നടത്തുന്നതിനിടയിലാന്ന് ഭരണകക്ഷി എം.എല്‍.എ തന്നെ ഇതിനനുകൂലമായി പ്രതികരിച്ചത്.
ഈയിടെ സമാന രീതിയിലുള്ള പ്രസ്താവന നടത്തിക്കൊണ്ടാണ് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ് പുതിയ സംരംഭമാരംഭിക്കാന്‍ തെലുങ്കാനയിലേക്കു പോയത്. ഇതിനിടെ കേരളത്തില്‍ വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ യാതൊരു പിന്തുണയും ലഭിക്കില്ലെന്ന ധാരണയാണ് അന്‍വറിന്റെ പ്രസ്താവന കൂടി പുറത്തുവന്നതോടെ ശക്തിപ്രാപിക്കുന്നത്. ഇത് സംസ്ഥാനത്തേക്ക് വരാനാഗ്രഹിക്കുന്ന പുറത്തുള്ള വ്യവസായികളെ നിരുത്സാഹപ്പെടുത്താനിടയാക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വ്യവസായ സൗഹൃദ റാങ്കിങ് സംബന്ധിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും വിവാദമുയരുന്നത്. നിലവില്‍ 28ാം റാങ്കിലുള്ള കേരളത്തെ ഇത്തവണ ആദ്യ പത്തിനുള്ളിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2015 ല്‍ പട്ടികയില്‍ 18ാം സ്ഥാനത്തായിരുന്ന കേരളം ആറു വര്‍ഷത്തിനിടെ 28ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഈ നാണക്കേടൊഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ എം.എല്‍.എ തന്നെ സംസ്ഥാനത്ത് ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും അനുകൂല സാഹചര്യമില്ലെന്ന രീതിയില്‍ പ്രസ്താവന നടത്തിയത്. തന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള, നിയമവിരുദ്ധമായി നിര്‍മിച്ച തടയണ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അന്‍വറിന്റെ പെട്ടിക്കട പരാമര്‍ശത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."