മൂടിവയ്ക്കപ്പെട്ടതാണെങ്കില്‍ തുറക്കപ്പെടണം
മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍ പുറത്തുവരട്ടെയെന്നു പറഞ്ഞ് ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതാണെങ്കില്‍ തുടരന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നാണ് കോടതിവിധി. ബാര്‍കോഴ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി സുകേശന്റെ ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അടച്ച ബാറുകള്‍ തുറക്കുവാന്‍ കെ.എം മാണിക്ക് ഒരുകോടി രൂപ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു വിജിലന്‍സ് ത്വരിതപരിശോധന നടത്തിയതും കേസെടുക്കുവാന്‍ ഉത്തരവ് നല്‍കിയതും.
വിജിലന്‍സ് ഡയരക്ടറായിരുന്ന വിന്‍സന്‍ എം. പോളിന്റെ നിര്‍ദേശപ്രകാരം എസ്.പി സുകേശന്‍ അന്വേഷണം നടത്തുകയും മാണിക്കെതിരേ തെളിവില്ലെന്നു പറഞ്ഞ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കെ.എം മാണി തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയെങ്കിലും അന്വേഷണം നടക്കട്ടെയെന്നു പറഞ്ഞ് ഹൈക്കോടതി മാണിയുടെ ഹരജി തള്ളുകയും, മാണിയെ കുറ്റവിമുക്തമാക്കിയ വിജിലന്‍സ് നടപടിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സീസറുടെ ഭാര്യ പരിശുദ്ധയായാല്‍ മാത്രം പോരാ, ജനങ്ങള്‍ക്ക് അത് ബോധ്യമാവുകയും വേണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയരക്ടര്‍ വിന്‍സണ്‍ എം. പോള്‍ സ്ഥാനമൊഴിയുകയും പകരം വിജിലന്‍സ് ഡയരക്ടറായി ശങ്കര്‍ റെഡ്ഡി സ്ഥാനമേല്‍ക്കുകയും കെ.എം മാണി മന്ത്രിസ്ഥാനം രാജിവച്ചൊഴിയുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശപ്രകാരം വീണ്ടും അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് കെ.എം മാണിക്കെതിരേ കുറ്റപത്രം വേണമെന്ന തന്റെ റിപ്പോര്‍ട്ടില്‍ ശങ്കര്‍ റെഡ്ഡി അട്ടിമറി നടത്തിയെന്നാരോപിച്ചുകൊണ്ടാണിപ്പോള്‍ എസ്.പി സുകേശന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. ശങ്കര്‍ റെഡ്ഡിയുടെ സമ്മര്‍ദത്തിന്റെ ഫലമായി കേസന്വേഷണ റിപ്പോര്‍ട്ടില്‍ പല വെട്ടിത്തിരുത്തലുകള്‍ക്കും താന്‍ നിര്‍ബന്ധിതനായി എന്നാണിപ്പോള്‍ സുകേശന്‍ പറയുന്നത്.
മാറിമാറി വരുന്ന മേലുദ്യോഗസ്ഥരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ കേസന്വേഷണ റിപ്പോര്‍ട്ടുകളില്‍ മാറ്റം വരുത്താന്‍ തുടങ്ങിയാല്‍ എവിടെച്ചെന്നാണ് അഴിമതിയാരോപണ കേസുകള്‍ അവസാനിക്കുക? സമ്മര്‍ദങ്ങളുണ്ടായെങ്കില്‍ ആ സമയത്ത് എന്തുകൊണ്ട് സുകേശന്‍ വെളിപ്പെടുത്തിയില്ല? അധികാര കേന്ദ്രങ്ങളെ അറിയിക്കുവാന്‍ മാര്‍ഗങ്ങളുണ്ടെന്നിരിക്കെ മാറിയ രാഷ്ട്രീയ പരിതസ്ഥിതിയിലായിരിക്കുമോ എസ്.പി സുകേശന്‍ ഇത്തരമൊരു ഹരജിയുമായി വിജിലന്‍സിനെ സമീപിച്ചതെന്ന് ആലോചിക്കേണ്ടതുണ്ട്. കെ.എം മാണി തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ തെറ്റുകാരനെ ആദ്യം സംരക്ഷിക്കാന്‍ കൂട്ടുനിന്ന എസ്.പി സുകേശനും ശിക്ഷയര്‍ഹിക്കുന്നില്ലേ?
ഇപ്പോള്‍ ഹരജിയുമായി വിജിലന്‍സിനെ സമീപിച്ചത് കൊണ്ടുമാത്രം അദ്ദേഹത്തെ സത്യസന്ധനും നിഷ്പക്ഷനുമായ അന്വേഷണ ഉദ്യോഗസ്ഥനായി ഗണിക്കന്‍ കഴിയുമോ? ബിജു രമേശുമായി ഗൂഢാലോചന നടത്തി എന്നതിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിട്ട ഉദ്യോഗസ്ഥനും കൂടിയാണ് എസ്.പി സുകേശന്‍. സുകേശന്റെ വസ്തുതാ വിവരണ റിപ്പോര്‍ട്ടില്‍ പിശകുണ്ടായിരുന്നുവെന്നും സുകേശന്‍ തന്നെയാണ് കേസ് അവസാനിപ്പിക്കാന്‍ പറഞ്ഞതെന്നും ശങ്കര്‍ റെഡ്ഡി പറയുമ്പോള്‍ എവിടെയൊക്കെയോ സത്യം മൂടിവയ്ക്കപ്പെട്ടതുപോലെ. മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.പി സുകേശന്‍ 2014 ജൂലൈ ഏഴിനു വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ പിന്നീട് മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.പി സുകേശന്‍ തന്നെ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അതാണിപ്പോള്‍ സമ്മര്‍ദം പറഞ്ഞ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ സുകേശന്‍ ഹരജി നല്‍കിയത്.
ബാര്‍കോഴ കേസില്‍ ഇപ്പോഴുണ്ടായ നീക്കം ഒരുപക്ഷേ, കെ.എം മാണി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കെ.എം മാണിയുടെ രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ അനന്തരഫലവും കൂടിയാകാം ഇത്. പതിറ്റാണ്ടുകളായി ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുപോന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കെ.എം മാണി യു.ഡി.എഫിന്റെ മൂന്നാം തൂണുമായിരുന്നു. ബാര്‍കോഴ കേസില്‍ യു.ഡി.എഫ് അദ്ദേഹത്തോടൊപ്പം നിന്നു. ഒരിക്കല്‍ പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ല. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുവാന്‍ വരെ യു.ഡി.എഫ് എം.എല്‍.എമാര്‍ അദ്ദേഹത്തിനു കവചമൊരുക്കി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടപ്പോഴും യു.ഡി.എഫിന്റെ കൂടെ പ്രതിപക്ഷത്തിരിക്കുവാന്‍ മാണി വൈമനസ്യം കാണിച്ചില്ല. യു.ഡി.എഫിന്റെ ഭാഗമായി തന്നെ തുടരുകയായിരുന്നു. വിജിലന്‍സ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തതാണ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഒരു കാരണവുമില്ലാതെ കെ.എം മാണി യു.ഡി.എഫിനെ വിട്ടൊഴിയുകയായിരുന്നു. ബാര്‍ന കോഴക്കേസില്‍ മാണിക്കെതിരേ കോണ്‍ഗ്രസിലെ ഒരുവിഭാഗം ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു പിരിഞ്ഞുപോയത്. 34 വര്‍ഷം നീണ്ട ബന്ധമുള്ള യു.ഡി.എഫുമായി പിരിയുവാന്‍ അദ്ദേഹം തെരഞ്ഞെടുത്ത സമയത്തെക്കുറിച്ച് പലവിധ അഭിപ്രായങ്ങള്‍ ഇതിനകം വരികയും ചെയ്തു.
സമദൂര സിദ്ധാന്തത്തിലൂടെ ബാര്‍ കോഴക്കേസില്‍ എല്‍.ഡി.എഫില്‍ നിന്നും വരാവുന്ന ഭീഷണിയെ തടുക്കുവാന്‍ കഴിയുമെന്ന് ഒരുപക്ഷേ, കേരള കോണ്‍ഗ്രസ് കണക്കുകൂട്ടിയിരിക്കാം. ആരോപണം തെറ്റായിരുന്നുവെന്ന് വരുത്തിത്തീര്‍ത്ത് യു.ഡി.എഫിലേക്ക് തിരിച്ചുവരിക. ഇതൊരു സാധ്യതയായിരുന്നു. മറ്റൊരു സാധ്യത, മകന്‍ ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിപദവും. എല്ലാ ആരോപണങ്ങളോടും കെ.എം മാണി പ്രതികരിച്ചത് കേരള കോണ്‍ഗ്രസിനെ എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും കേരള കോണ്‍ഗ്രസ് എന്ന സുന്ദരിയെ വേണമെന്ന സ്വരത്തിലായിരുന്നു. എന്നാലിപ്പോള്‍ മാറിയ പരിതസ്ഥിതിയില്‍ കെ.എം മാണിയോട് സമദൂരം പാലിക്കുവാനാണ് മുന്നണികള്‍ ബദ്ധശ്രദ്ധരാകുന്നത്. രാഷ്ട്ര തന്ത്രജ്ഞതയില്‍ നിപുണനായ കെ.എം മാണിയുടെ രാഷ്ട്രീയ ഭാവിയെയും കേരള കോണ്‍ഗ്രസിന്റെ പ്രസക്തിയെയും ബാധിക്കുന്ന ഒരു വലിയ ചോദ്യമായി പുതിയ തുടരന്വേഷണ ഉത്തരവ് ഉയര്‍ന്നുവന്നിരിക്കുകയാണ്.
യു.ഡി.എഫ് വിട്ടപ്പോള്‍ ഇത്തരത്തില്‍ ഒരു പരിണാമം അദ്ദേഹവും കേരള കോണ്‍ഗ്രസും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എല്ലാവരും കേരള കോണ്‍ഗ്രസിന്റെ പിന്നാലെ വരുമെന്ന് ഉറപ്പിക്കുകയും ചെയ്തു. അമ്മാത്ത് നിന്ന് വിടുകയും ചെയ്തു, ഇല്ലത്ത് എത്തിയതുമില്ല എന്ന പരുവത്തിലാണിപ്പോള്‍ കേരള കോണ്‍ഗ്രസ്. ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാവാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലം നിലനില്‍ക്കുവാനാവില്ല എന്നതാണ് വസ്തുത. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യവും അതാണ്. മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ ഒറ്റകക്ഷിക്കും തനിച്ച് മത്സരിച്ച് ജയിച്ചുകയറുവാന്‍ കഴിയില്ല. ഇത്തരം ഒരവസ്ഥയില്‍ കളങ്കിതനാണെങ്കില്‍ കെ.എം മാണി ഇനി എവിടെ പോകും, ആര് സ്വീകരിക്കും?
നേരത്തെ യു.ഡി.എഫ് അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നിരുന്നുവെങ്കില്‍ ഇന്ന് ഗോദയില്‍ അദ്ദേഹം തനിച്ചാണ്. സഹപ്രവര്‍ത്തകരില്‍ പലരും ഒപ്പം ഉണ്ടായിക്കൊള്ളണമെന്നില്ല. പുതിയ തെളിവുകളുടെയും സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ കെ.എം മാണിക്കെതിരേ അന്വേഷണം നടക്കുകയും അദ്ദേഹം കോഴ വാങ്ങിയതായി തെളിയുകയും ചെയ്താല്‍ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ തിരോധാനമായിരിക്കും സംഭവിക്കുക. അഗ്നിശുദ്ധിവരുത്തി ഗൂഢാലോചനാ അപവാദങ്ങളില്‍ നിന്നും കോണ്‍ഗ്രസിനു പുറത്തുകടക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."