ഡാം തുറക്കല്‍:അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും
തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.
വെള്ളത്തിന്റെ അളവ് നോക്കിയാണ് തീരുമാനമെടുക്കുക. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. അതേസമയം, ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണം.
നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീര്‍ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കും. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമാണ്. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. കോളജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റും. തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."