വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് പരസ്പരം മാറി: യാത്രക്കാര്‍ ദമാമിലും ദുബൈയിലും കുടുങ്ങി
ദമാം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പാസ്‌പോര്‍ട്ട് പരസ്പരം മാറിയതറിയാതെ യാത്ര ചെയ്തവര്‍ ദമാമിലും ദുബൈയിലും കുടുങ്ങി. മാറിയ പാസ്‌പോര്‍ട്ടുമായി ദമാം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറം സ്വദേശിയും ദുബൈ വിമാനത്താവളത്തില്‍ എത്തിയ മറ്റൊരാളുമാണ് ഇരുവിമാനത്താവളങ്ങളിലേയും എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞദിവസം ദമാമിലേക്ക് യാത്രതിരിച്ച മലപ്പുറം അരീക്കോട് അരഞ്ഞികുണ്ടന്‍ അബ്ദുല്‍ മുനീറാണ് ദമാം വിമാനത്താവളത്തില്‍ നിന്ന് പുറത്തു കടക്കാനാകാതെ സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ കഴിയുന്നത്.
കരിപ്പൂര്‍ വിമാത്താവളത്തില്‍ നിന്നാണ് അബ്ദുല്‍ മുനീറിന്റെയും മറ്റൊരാളുടേയും പാസ്‌പോര്‍ട്ട് പരസ്പരം മാറിയത്. കഴിഞ്ഞ ദിവസം രാത്രി 11.40 ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് മുനീര്‍ ദമാമില്‍ എത്തിയത്. എന്നാല്‍, പുറത്തുകടക്കുന്നതിനായി എമിഗ്രേഷന്‍ കൗണ്ടറില്‍ നടപടിക്രമങ്ങള്‍ക്കായി എത്തിയപ്പോഴാണ് കൈയിലുള്ളത് മറ്റൊരാളുടെ പാസ്‌പോര്‍ട്ടാണെന്ന കാര്യം മുനീര്‍ തിരിച്ചറിഞ്ഞത്.
ഇതേത്തുടര്‍ന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിമാന അധികൃതരും മറ്റും യാത്ര പുറപ്പെട്ട കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പാസ്‌പോര്‍ട്ട് മാറിയ വിവരം അറിയുന്നത്.
അബ്ദുല്‍ മുനീറിന്റെ പാസ്‌പോര്‍ട്ടുമായി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടയാള്‍ ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന വിവരവും അപ്പോഴാണ് അറിയുന്നത്. വിമാനത്താവളത്തിലെ സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രത്യേക കേന്ദ്രത്തിലാണ് ഇപ്പോള്‍ മുനീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."