പൗരത്വത്തിന് ജനന സര്‍ട്ടിഫിക്കറ്റ് പ്രായോഗികമല്ല
പൗരത്വം നിര്‍ണയിക്കാനുള്ള അടിസ്ഥാന രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മറ്റൊരു പ്രതിസന്ധിയുണ്ടാക്കുമെന്നു മാത്രമല്ല രാജ്യം ഇന്നഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങളില്‍നിന്നു പൊതുശ്രദ്ധമാറ്റാനുള്ള തന്ത്രമാകുക കൂടിയാണ്. നിലവില്‍ പൗരത്വം തെളിയിക്കുന്നതിനായി രാജ്യത്ത് അടിസ്ഥാനരേഖയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജനന സര്‍ട്ടിഫിക്കറ്റിനെ പൗരത്വവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതൊട്ടും പ്രായോഗികമല്ല. ഇതുള്‍പ്പെടെ 60 ഇന പദ്ധതികളില്‍ പഠനം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനകം സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന പൗരത്വ രേഖയായി കണക്കാക്കണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.
ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന പൗരത്വ രേഖയായി സ്വീകരിക്കാമെന്ന തീരുമാനമാണ് ഉണ്ടാകുന്നതെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. അനുബന്ധമായി പല രേഖകളും പിന്നീട് സമര്‍പ്പിക്കേണ്ടി വന്നേക്കാം. അതൊന്നും സാധാരണക്കാരായ ഇന്ത്യക്കാരുടെ പക്കല്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. മുസ്‌ലിംകളടക്കമുള്ള വലിയൊരു വിഭാഗം ജനങ്ങളെയാണ് ഇതു ഗുരുതരമായി ബാധിക്കുക. ഇത് നിയമമായാല്‍ മുസ്‌ലിംകളെ തന്നെയായിരിക്കും ഉന്നംവയ്ക്കുക. അസമില്‍ പൗരത്വം തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ജനന സര്‍ട്ടിഫിക്കറ്റായിരുന്നു പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ജനന സര്‍ട്ടിഫിക്കറ്റില്ലാത്തതിന്റെ പേരില്‍ അസം പൗരത്വ പട്ടികയില്‍നിന്നു നിരവധി മുസ്‌ലിംകളാണ് പുറത്തായത്.
രാജ്യത്തെ ഭൂരിഭാഗം മുതിര്‍ന്നവര്‍ക്കും അഞ്ച് വയസില്‍ താഴെയുള്ള 38 ശതമാനം കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റില്ല എന്നതാണ് വാസ്തവം. ഉള്‍ഗ്രാമങ്ങളില്‍ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. യൂനിസെഫിന്റെ 2019 ലെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഞ്ചു വയസിന് താഴെയുള്ള 24 മില്യന്‍ കുട്ടികളുടെ ജനന തീയതി രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2017ല്‍ 84.9 ശതമാനം ജനനവും 79.6 ശതമാനം മരണവും മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പല രാജ്യങ്ങളിലും കുട്ടികളുടെ ജനന തീയതി രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല.
ഇന്ത്യയിലും പകുതിയിലധികം ജനനവും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഉള്‍ഗ്രാമങ്ങളിലെ ദരിദ്രരായ കുടുംബങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഏറ്റവും അടുത്തുള്ള രജിസ്‌ട്രേഷന്‍ സെന്ററുകളില്‍ എത്തിപ്പെടാന്‍ കഴിയാതെ വരുന്നതും ഇതിന്റെ പ്രധാന കാരണങ്ങളാണ്. ധനികരായ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളുടെ ജനനം വലിയ തോതില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ ദരിദ്രരായ കുട്ടികളുടെ ജനന തീയതി രജിസ്റ്റര്‍ ചെയ്യുന്നത് അവരുടെ രക്ഷിതാക്കള്‍ അറിയാതെ പോകുന്നു. പട്ടികവിഭാഗക്കാര്‍ ഉള്‍പെടുന്ന പിന്നോക്ക വിഭാഗങ്ങളില്‍നിന്നുള്ള അന്‍പത് ശതമാനം പേരും ജനന തീയതി രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് അറിവില്ലാത്തവരാണ്. നിരക്ഷരരായ രക്ഷിതാക്കള്‍ക്ക് അവരുടെ കുഞ്ഞുങ്ങളുടെ ജനന തീയതി രജിസ്റ്റര്‍ ചെയ്യണമെന്നു പോലും അറിയാത്ത ഒരു രാജ്യത്ത് ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വത്തിന്റെ അടിസ്ഥാന രേഖയായി സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായാല്‍ അത് പ്രതിസന്ധിയുണ്ടാക്കും.
ജനന സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് അതുണ്ടാക്കുക എന്നത് ക്ഷിപ്രസാധ്യവുമല്ല. അതിനായി നിരവധി കടമ്പകള്‍ തരണം ചെയ്യണം. എന്നാലും കിട്ടിക്കൊള്ളണമെന്നില്ല. ഇതൊന്നും മുസ്‌ലിം ഇതര മതസ്ഥര്‍ക്ക് ചിലപ്പോള്‍ ബാധിച്ചുകൊള്ളണമെന്നുമില്ല.
1969 ലാണ് കേന്ദ്ര ജനന-മരണ രജിസ്‌ട്രേഷന്‍ നിലവില്‍ വന്നത്. ഇതിനു മുമ്പ് ജനിച്ചവര്‍ ഇപ്പോഴും ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ട്. അവരില്‍ പലര്‍ക്കും സര്‍ട്ടിഫിക്കറ്റില്ല. അവരും പൗരത്വ പട്ടികയില്‍നിന്നു പുറത്തുപോകണോ? 1969ന് ശേഷം ജനിച്ചവരും ഇതു സംബന്ധിച്ച് ബോധവാന്മാരായിരുന്നില്ല. 1980 ന് ശേഷം കുട്ടികളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ടും കുട്ടികള്‍ക്ക് നല്‍കേണ്ട പോളിയോ വാക്‌സിന്‍ തൊട്ടുള്ള രോഗപ്രതിരോധ കുത്തിവയ്പുകള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് അനിവാര്യമായി വന്നതിനെത്തുടര്‍ന്നാണ് വിദ്യാസമ്പന്നരായ ആളുകള്‍ പോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു ജനന സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ തുടങ്ങിയത്. പൗരത്വം തെളിയിക്കാന്‍ എത്രയോ ലളിതമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അതിലേക്കൊന്നും ശ്രദ്ധതിരിക്കാതെ ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വത്തിനുള്ള അടിസ്ഥാന രേഖയായി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പുതിയ നീക്കം മുസ്‌ലിംകളെ മാത്രം ലാക്കാക്കിയുള്ളതാണ്.
രാജ്യം ഇന്ന് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക നില തകര്‍ന്നിരിക്കുന്നു. സമ്പത്ത് മുഴുവന്‍ ഒരു ശതമാനം വരുന്ന കോര്‍പറേറ്റുകള്‍ വരുതിയിലാക്കി. പട്ടിണി രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ എണ്ണപ്പെട്ടു. തൊഴിലില്ലായ്മ രൂക്ഷമായി വര്‍ധിച്ചു. ഇതിനൊന്നും പരിഹാര നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മന്ത്രാലയ സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ 60 ഇന കര്‍മ പരിപാടിയിലൊന്നും പട്ടിണിയും ദാരിദ്ര്യവും മാറ്റാനുള്ള പരിഹാരവുമില്ല. കാര്യമായിട്ടുള്ളത് ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വത്തിന്റെ അടിസ്ഥാന രേഖയായി സ്വീകരിച്ചുകൂടെയെന്ന നിര്‍ദേശം മാത്രമാണ്. നാളെയിത് തീരുമാനമായി വന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ ഒറ്റയടിക്ക് തന്നെ പൗരത്വത്തില്‍നിന്നു പുറത്താകാം. ജനന സര്‍ട്ടിഫിക്കറ്റുള്ളവരാകട്ടെ റവന്യൂ പോലുള്ള അനുബന്ധ രേഖകള്‍ക്കായി നെട്ടോട്ടം ഓടേണ്ടിവരികയും ചെയ്യും. ആത്യന്തികമായി ഇന്ത്യയില്‍ ജനിച്ച മുസ്‌ലിംകളെ തന്നെയാണ് ഈ നീക്കവും ലക്ഷ്യംവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."