മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരു പൊലിസുകാരന് പരിക്ക്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്‌നോപ്പാലിലെ മൊറേയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ രണ്ട് വീടുകള്‍ക്ക് തീയിട്ടു. മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.
മെയ് 3ന് തുടങ്ങിയ സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് അതിര്‍ത്തി നഗരമായ മൊറേയില്‍ സംഘര്‍ഷം തുടങ്ങിയത്. മൊറേ ടൗണില്‍ നിന്ന് പട്രോളിംഗ് പോയിന്റിലേക്ക് നീങ്ങുന്നതിനിടെ പൊലീസ് വാഹന വ്യൂഹത്തിന് നേരെ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ അസം റൈഫിള്‍സ് ക്യാംപിലേക്കാണ് മാറ്റിയത്.
ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള മലയോര ജില്ലയായ കാങ്‌പോക്പിയില്‍ ഒരു കൗമാരക്കാരനെ അജ്ഞാതര്‍ വെടിവച്ചു കൊന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു ഇത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. കൗമാരക്കാരന്റെ കൊലപാതകത്തെ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അപലപിച്ചു.
സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് നിര്‍ഭാഗ്യകരമായ സംഭവമാണ്. അപലപിക്കുന്നു. കുറ്റവാളികളെ പിടികൂടാനുള്ള അന്വേഷണം നടക്കുന്നു. കുറ്റക്കാരെ ആരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു.
Content Highlights:Police Commandos Ambushed By Suspected Insurgents In Manipur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."