രതീഷിന്റെ ഇരട്ടിശമ്പളം: ഉത്തരം തേടുന്ന ചോദ്യങ്ങള്‍
ടി.കെ ജോഷി
ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥന്റെ ശമ്പളവര്‍ധന മുന്‍ ധനകാര്യമന്ത്രി മരവിപ്പിച്ചത് പുനഃസ്ഥാപിക്കാന്‍ ഇപ്പോഴത്തെ വ്യവസായ മന്ത്രി തീരുമാനമെടുക്കുമ്പോള്‍ നികുതിയടക്കുന്ന സാധാരണക്കാരന് ഉണ്ടാകുന്ന ചില സംശയങ്ങളെങ്കിലും ദൂരീകരിക്കാന്‍ ശ്രമിക്കണമായിരുന്നു. ശമ്പളവര്‍ധന മരവിപ്പിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍നിന്ന് ഇപ്പോള്‍ എന്തുമാറ്റം വന്നു? ആ ഉദ്യോഗസ്ഥന്റെ പേരിലുണ്ടായിരുന്ന കേസിലോ ആരോപണത്തിലോ ഏതെങ്കിലും തരത്തിലുള്ള തീര്‍പ്പുണ്ടായോ? സര്‍ക്കാരിന്റെയോ സ്ഥാപനത്തിന്റെയോ സാമ്പത്തികസ്ഥിതിയില്‍ വലിയ മാറ്റം വന്നോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെയാണ് കശുവണ്ടി ഇറക്കുമതിക്കേസില്‍ ഒന്നാം പ്രതിയായ ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വിവാദത്തെ തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് മരവിപ്പിച്ച ശമ്പള വര്‍ധനയാണിത്. ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിനു ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത് ഖാദി ബോര്‍ഡ് സെക്രട്ടറിയായ രതീഷിന്റെ ശമ്പളം അഡീഷണല്‍ സെക്രട്ടറിയുടെ സ്‌കെയിലിലേക്ക് മാറ്റാനാണ്. 1,23,700-1,66,800 രൂപയാണ് അഡീഷണല്‍ സെക്രട്ടറിയുടെ ശമ്പള സ്‌കെയില്‍. ഇതിനു പുറമേ മറ്റ് അലവന്‍സുകളും ലഭിക്കും. നിലവില്‍ രതീഷിന് 70,000 രൂപയാണ് ശമ്പളം.
തന്റെ ശമ്പളം 1.75 ലക്ഷം രൂപയായി സ്വയം വര്‍ധിപ്പിച്ചു രതീഷ് കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരവിറക്കിയെങ്കിലും ധനവകുപ്പ് അനുവദിച്ചിരുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിലെ വ്യവസായ മന്ത്രി പച്ചക്കൊടി കാണിച്ച ഇപ്പോഴത്തെ ശമ്പളവര്‍ധന ധനവകുപ്പ് എതിര്‍ക്കാനിടയില്ല. അങ്ങനെയെങ്കില്‍ രതീഷിന് ഒരു വര്‍ഷത്തിന് ശേഷമാണെങ്കിലും 'സ്വയം തീരുമാനിച്ച' ഇരട്ടി ശമ്പളം വാങ്ങാം. രതീഷിനെ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ച് വിവാദമാകുമ്പോള്‍ വ്യവസായ വകുപ്പ് പറഞ്ഞിരുന്ന വിചിത്ര ന്യായം സി.ബി.ഐ അന്വേഷണം നേരിടുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നതായിരുന്നു. ശമ്പളം ഇരട്ടിയാക്കാന്‍ വീണ്ടും തീരുമാനമാകുമ്പോള്‍ ഈ വിവരം ഇപ്പോഴെങ്കിലും വ്യവസായ വകുപ്പിന് അറിയാമോയെന്ന ചോദ്യവും പ്രസക്തമാണ്.
സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് മഹാമാരി തകര്‍ത്ത കുടുംബ ബജറ്റില്‍ സാധാരണക്കാരുടെ ജീവിതം ഉഴലുമ്പോഴും ആരോപണവിധേയമായ ഒരു ഉദ്യോഗസ്ഥന്റെ ശമ്പളം ഇരട്ടിയാക്കാന്‍ എന്തുകൊണ്ട് ഭരണതലത്തില്‍ തീരുമാനമുണ്ടാകുന്നു. കശുവണ്ടി കോര്‍പറേഷനില്‍ എം.ഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേട് കണ്ടെത്തിയ കേസില്‍ സി.ബി.ഐ തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണിപ്പോഴും രതീഷ്. രതീഷിന്റെ ഖാദി ബോര്‍ഡിലെ നിയമനംതന്നെ വിവാദമായിരുന്നു. എന്നാല്‍ അന്നെല്ലാം നിശബ്ദമായിരുന്നു പ്രതിപക്ഷവും. സര്‍ക്കാര്‍ ധൂര്‍ത്തിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശനും മൗനത്തിലാണ്. ഇതിനു കാരണം സി.ബി.ഐ കേസിലെ പ്രതിപ്പട്ടിക തന്നെയാണ്. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രതീഷിനു പുറമെ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. രതീഷ് എല്‍.ഡി.എഫിനും ചന്ദ്രശേഖരന്‍ യു.ഡി.എഫിനും വേണ്ടപ്പെട്ടവരായതാണ് ഒരു വലിയ അഴിമതിക്കേസ് ഇപ്പോഴും വിചാരണ കാത്ത് കഴിയാന്‍ കാരണം. ഇവര്‍ക്കെതിരേയുള്ള വിചാരണയ്ക്കുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതിനെതിരേയുള്ള ഹരജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്തും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ആദ്യകാലത്തുമായാണ് തോട്ടണ്ടി അഴിമതി നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരും തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാരും അന്വേഷണത്തെ ഇല്ലാതാക്കാന്‍ ശ്രമം നടത്തിയെങ്കിലും കോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തു. കോണ്‍ഗ്രസ് തങ്ങളുടെ നേതാവിനെ സംരക്ഷിക്കാനും തങ്ങള്‍ക്കു വേണ്ടപ്പെട്ട കെ.എ രതീഷ് എന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരും കൈകോര്‍ത്തതോടെ സി.ബി.ഐയ്ക്ക് കേസ് അന്വേഷിക്കാനുള്ള പ്രോസിക്യൂഷന്‍ അനുമതി പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രോസിക്യൂഷന്‍ അനുമതിക്കായി പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുമ്പോഴാണ് രതീഷിനെ സര്‍ക്കാര്‍ ഉയര്‍ന്ന പദവികളിലേക്ക് പറിച്ചുനട്ടത്. ഇപ്പോള്‍ ഇരട്ടി ശമ്പളം നല്‍കി കൂറ് വ്യക്തമാക്കുന്നതും.
അഴിമതിയാരോപണത്തെ തുടര്‍ന്നു കശുവണ്ടി വികസന കോര്‍പറേഷനില്‍നിന്നു മാറ്റിയ രതീഷിനെ പിന്നെ ഇടതുസര്‍ക്കാര്‍ പല സുപ്രധാന തസ്തികകളിലും നിയമിച്ചു. മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ഒത്താശയോടെയാണ് ഈ നിയമനങ്ങളെങ്കിലും വിവാദങ്ങളെ തുടര്‍ന്നു ചിലപ്പോഴൊക്കെ പിന്‍മാറേണ്ടി വന്നു. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒണ്‍ട്രപ്രനര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ 80,000 രൂപ ശമ്പളമുള്ളപ്പോള്‍ രതീഷിനെ ഇന്‍കെലിന്റെ മാനേജിങ് ഡയരക്ടര്‍ സ്ഥാനത്ത് എത്തിച്ചു. വ്യവസായ വകുപ്പിലെ പരിശീലന സ്ഥാപനമായ കീഡിന്റെ സി.ഇ.ഒ ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് വന്‍കിട പദ്ധതികള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്ന ഇന്‍കെലിന്റെ എം.ഡിയാക്കി. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് അന്ന് രതീഷിന് മാസശമ്പളം 3.75 ലക്ഷം രൂപയായിരുന്നു നല്‍കിയത്. കേരളാ ചീഫ് സെക്രട്ടറിയുടെ മാസശമ്പളം 2.25 ലക്ഷം രൂപയായിരിക്കുമ്പോഴാണ് ഈ വഴിവിട്ട സഹായം. സര്‍ക്കാര്‍ തലത്തില്‍നിന്നുതന്നെ ചില എതിര്‍പ്പുകള്‍ വന്നതോടെ രതീഷിനെ മൂന്നു മാസത്തിനുള്ളില്‍ തന്നെ ഇന്‍കെലില്‍നിന്ന് മാറ്റേണ്ടിവന്നു. എന്നാല്‍ വ്യവസായ വകുപ്പില്‍ തന്നെ ഖാദി ബോര്‍ഡ് സെക്രട്ടറിയായി വീണ്ടും നിയമനം. ഇതിനിടെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാന്‍ നീക്കം നടന്നിരുന്നുവെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. ഇതിനിടെ മാസശമ്പളം ഇരട്ടിയാക്കി രതീഷ് തന്നെ ഫയല്‍ വ്യവസായ വകുപ്പിന് നല്‍കി അംഗീകരിപ്പിച്ചുവെങ്കിലും ധനവകുപ്പ് മരവിപ്പിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ ആ ഇരട്ടി ശമ്പളവും പുനഃസ്ഥാപിച്ചു.
കണ്ണൂര്‍ ഇരിണാവില്‍ 50 കോടി ചെലവില്‍ ഖാദി ബോര്‍ഡ് സ്വകാര്യ പങ്കാളിത്വത്തോടെ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന് കേരള ബാങ്കില്‍നിന്ന് വായ്പ തരപ്പെടുത്തി കൊടുക്കണമെന്നാവശ്യപ്പെട്ടു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന് രതീഷ് കത്തെഴുതിയത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദമായിരുന്നു. ഖാദി ബോര്‍ഡ് അനുമതി കൊടുക്കാത്ത ഒരു പദ്ധതിക്കാണ് ബോര്‍ഡോ വൈസ് ചെയര്‍പേഴ്‌സണോ പോലും അറിയാതെ പൊതുസ്ഥാപനത്തിന് വായ്പ തരപ്പെടുത്തി കൊടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത്. ഒരു ഉദ്യോഗസ്ഥന്റെ ഈ നടപടിക്കെതിരേ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്നാര്‍ക്കുമറിയില്ല.
കേരളത്തിന്റെ പൊതുകടം വീണ്ടും ഉയരുകയും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്യുമ്പോഴാണ് ഇത്തരം ധൂര്‍ത്തുകളും സ്വജനപക്ഷപാതവും തുടരുന്നത്. അടുത്തിടെയാണ് പൊലിസിന് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത്. ഇരുപത്തിരണ്ടര കോടിയാണ് കൊവിഡ് കാലത്തും സര്‍ക്കാര്‍ അതിന്റെ വാടകയിനത്തില്‍ ധൂര്‍ത്തടിച്ചത്. വളരെക്കുറച്ചു പറന്ന്, ആ ഹെലികോപ്റ്റര്‍ പൊതുഖജനാവില്‍നിന്ന് കോടികള്‍ ധൂര്‍ത്തടിച്ചതല്ലാതെ കാര്യമായ ഗുണമുണ്ടായില്ല. വാടക കാലാവധി ഏപ്രിലില്‍ അവസാനിച്ചതോടെ ഈ ധൂര്‍ത്ത് ഒഴിവാകുമെന്ന കരുതിയിടത്താണ് പുതിയ ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനുള്ള ഡി.ജി.പിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത്. രതീഷിന്റെയും ഹെലികോപ്റ്റര്‍ കമ്പനിയുടെ അക്കൗണ്ടിലേക്കുമെല്ലാം മാസാമാസം ഒഴുകുന്ന തുകകള്‍ സാധാരണക്കാരന്‍ ഖജനാവിലേക്ക് നല്‍കുന്നതാണെന്ന ധാരണ സര്‍ക്കാരിന് ഉണ്ടാകേണ്ടതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."