പ്രതിഫലം ലഭിച്ചിട്ട് മാസങ്ങള്‍; 'ആശ'യറ്റ് കൊവിഡ് മുന്നണിപ്പോരാളികള്‍
കണ്ണൂര്‍: സംസ്ഥാനത്തെ കൊവിഡ് മുന്നണിപ്പോരാളികളായ ആശാവര്‍ക്കര്‍മാര്‍ ദുരിതത്തില്‍. മൂന്നുമാസമായി ഇവരുടെ ഓണറേറിയം മുടങ്ങിയിട്ട്. തുച്ഛമായ ഇന്‍സെന്റീവും കൊവിഡ് റിസ്‌ക് അലവന്‍സും ഇക്കഴിഞ്ഞ ജൂലൈ മുതല്‍ കിട്ടാനുണ്ട്. ജീവന്‍ പണയംവച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പെടെ മുന്നിട്ടിറങ്ങുന്നവരാണ് പ്രതിഫലം മുടങ്ങിയതോടെ പ്രതിസന്ധിയിലായത്.
27000 ആശാവര്‍ക്കര്‍മാരാണ് സംസ്ഥാനത്തുള്ളത്. ആറായിരം രൂപയാണ് ഇവരുടെ ഒരുമാസത്തെ ഓണറേറിയം. ഇതാണ് കഴിഞ്ഞ മൂന്നുമാസമായി കുടിശ്ശികയായത്. രണ്ടായിരം രൂപ വീതമുള്ള പ്രതിമാസ സ്ഥിര ഇന്‍സെന്റീവും കൊവിഡ് അലവന്‍സും മറ്റ് അലവന്‍സുകളും ഇപ്പോള്‍ ലഭിക്കുന്നില്ല. ജൂലൈ മുതലുള്ള അലവന്‍സ് ലഭിക്കാനുണ്ട്.
ഓരോ പഞ്ചായത്തിലും 1000 പേര്‍ക്ക് ഒരു ആശാവര്‍ക്കര്‍ എന്നതാണ് കണക്ക്. ഓരോ കുടുംബത്തിലെയും ആരോഗ്യ വിവരങ്ങള്‍ ഇവര്‍ മുഖേന ശേഖരിച്ചാണ് ആരോഗ്യ വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇവരുടെ ജോലിഭാരം ഇരട്ടിയായി.
മരുന്നു വിതരണം, രോഗികളെ ആശുപത്രിയിലേക്കു മാറ്റല്‍, വാക്‌സിനേഷന് സഹായിക്കല്‍, വീടുകളിലെത്തി വാക്‌സിനേഷന്‍ റജിസ്‌ട്രേഷന്‍ എന്നിങ്ങനെ വിവിധ സേവനങ്ങളാണ് കൊവിഡുമായി ബന്ധപ്പെട്ട് ഇവര്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."