സ്‌കൂള്‍ തുറക്കല്‍ കെ.എസ്.ആര്‍.ടി.സി 650 സര്‍വിസുകള്‍ കൂടി നടത്തും
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി 650 ബസ് സര്‍വിസുകള്‍ കൂടി ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു. നിലവില്‍ 3,300 സര്‍വിസാണ് നടത്തുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ ബസിന്റെ എണ്ണം നാലായിരമാകുമെന്നും കുട്ടികളുടെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 22,718 സ്‌കൂള്‍ ബസുകളാണുള്ളത്. എന്നാല്‍ 2,828 ബസുകള്‍ മാത്രമാണ് ക്ഷമതാ പരിശോധനയ്ക്ക് തയാറായിട്ടുള്ളത്. ഇതില്‍ 1,022 ബസുകള്‍ക്ക് ക്ഷമതാ സര്‍ട്ടിഫിക്കറ്റും നല്‍കി. സ്‌കൂള്‍ ബസുകള്‍ക്ക് രണ്ടുവര്‍ഷത്തെ നികുതി പൂര്‍ണമായി ഒഴിവാക്കി കൊടുത്തു. ഇതിന്റെ ഉത്തരവ് ഉടന്‍ ഇറങ്ങും. സ്‌കൂള്‍ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്‌ഷോപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.
ബസ് ഓണ്‍ ഡിമാന്‍ഡ് പ്രകാരം സംസ്ഥാനത്തെ ആയിരത്തിലേറെ സ്‌കൂളുകളില്‍ നിന്നും സര്‍വിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നിലവില്‍ മാനേജ്‌മെന്റുകള്‍ ഈടാക്കുന്നതിന്റെ മൂന്നിലൊന്ന് പണത്തിന് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കും. സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
കുട്ടനാട് പോലുള്ള മേഖലകളില്‍ സ്‌കൂള്‍ സമയം ക്രമീകരിച്ച് ബോട്ടുകള്‍ ഓടിക്കുന്നതിനായി ജലഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച തെര്‍മല്‍ സ്‌കാനറുകള്‍ കലക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത് സ്‌കൂളുകള്‍ക്ക് എത്തിക്കുന്നതിനായി ആരോഗ്യവകുപ്പുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."