യു.എ.പി.എ ; എത്ര കേസെന്ന് വെളിപ്പെടുത്തില്ല: കേരളം
യു.എം മുഖ്താര്‍
തിരുവനന്തപുരം: യു.എ.പി.എ കേസുകളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ കേരളത്തിന്റെ ഒളിച്ചുകളി. ഓരോ വര്‍ഷവും എടുത്ത യു.എ.പി.എ കേസുകളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.
കഴിഞ്ഞവര്‍ഷം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡിയാണ് യു.എ.പി.എ കേസുകളുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്.
2015നെ അപേക്ഷിച്ച് 2019ല്‍ യു.എ.പി.എ കേസുകളില്‍ 72 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. 2015, 2016, 2017, 2018, 2019 കാലയളവില്‍ യഥാക്രമം 897, 922, 901, 1182, 1226 എന്നിങ്ങനെയാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ യു.എ.പി.എ പ്രകാരം എടുത്ത കേസുകള്‍. ആകെ 5,099 പേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ജമ്മുകശ്മിര്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ എന്‍.ഐ.എയും സംസ്ഥാന പൊലിസും രജിസ്റ്റര്‍ ചെയ്ത കേസുകളുണ്ടെന്നും കേന്ദ്രം അറിയിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരേയാണ് യു.എ.പി.എ നിയമപ്രകാരം കേസെടുത്തതെന്നും ഇവരുടെ വിവരങ്ങളും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും നല്‍കണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമയാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്.
ഇതിനാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന മറുപടി. വിവാദമായ യു.എ.പി.എ കേസുകളില്‍ ഇടതുപക്ഷം ദേശീയതലത്തില്‍ സ്വീകരിക്കുന്ന നിലപാടിന് ഘടകവിരുദ്ധമാണ് മുന്നണി കേരളത്തില്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കെ.കെ രമയുടെ ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തത്.
അതേസമയം രമയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറാവാതിരുന്ന ദിവസംതന്നെയാണ് കേരളത്തിലെ ഇടതുപക്ഷം ഏറെ പ്രതിരോധത്തിലായ പന്തീരാങ്കാവ് യു.എ.പി.എ കേസ് റദ്ദാക്കി ഇത്തരം കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."