ദാരിദ്ര്യംകൊണ്ട് ജീവിതം തുന്നിയവര്‍
റഹീം വാവൂര്‍
പഴയകാല തലമുറയിലെ നഗ്ന ജീവിതങ്ങള്‍ക്ക് മുകളില്‍ കൊടുക്കാവുന്ന ഒരു തലവാചകം ഏതായിയിരിക്കും? ആദ്യം ചോദിച്ച ചോദ്യം ഇതാണ്. 'മണ്ണ് മണക്കുന്ന മനുഷ്യന്മാര്‍' എന്നതുപോലെ ഒരു വാക്കായിരിക്കില്ലേ എന്നായിരുന്നു മറുപടി. ചെളിപ്പാടങ്ങളിലെ ചേറിലമര്‍ന്നതായിരുന്നു അവരുടെ ജീവിതം. മണ്ണില്‍ നിന്ന് ജീവിതം പടുത്തവരുടെ കാലത്തിലേക്ക് ഒട്ടേറെ പാലങ്ങളുണ്ട്. ഇടനാഴികയും ഇടവഴിയും കടന്ന് ഉമ്മറത്തെ ചൂടുള്ള കട്ടന്‍ ചായയില്‍ ചെന്നുനില്‍ക്കുന്ന ഓര്‍ത്തു പറച്ചിലുകളാണ് അതില്‍ ഒരു പാലം. അനുഭവങ്ങളുടെ തീക്ഷ്ണവെയില്‍ വീണ പാലം. അനുഭവങ്ങളെ തൊടാന്‍ അനുഭവസ്ഥനായ ഒരാള്‍ക്കൊപ്പം ചെന്നിരിക്കേണ്ടതുണ്ട്.
ജീവിതത്തിന്റെ മര്‍മം തൊട്ടവരായിരുന്നു നമ്മുടെ പൂര്‍വപിതാപരമ്പയിലെ ഓരോ കണ്ണികളും. ഇന്നത്തെ മില്‍ക്ക് ബോയ് സൊസൈറ്റിയിലെ പേരക്കിടാങ്ങള്‍ക്ക് അതിശയം കൂറാനും ആലോചിച്ച് ചിരിക്കാനും മാത്രം കുറെയധികം കഥാമുഹൂര്‍ത്തങ്ങള്‍ അവരുടെ ജീവിതത്തിലുണ്ട്. കാലിഞ്ച് ദൂരം സഞ്ചരിക്കാനും കാറില്‍ തന്നെ കയറണമെന്ന് വാശി പറയുന്ന നമുക്ക് വാറുപൊട്ടിയ പാദരക്ഷകള്‍ കൊണ്ട് കാലത്തെ മുറിച്ചു കടന്നവരെക്കുറിച്ച് ഓര്‍ക്കാന്‍പോലും എന്തധികാരം.
ഇന്നത്തെ ആവോലിക്കാരന്റെ വല്ല്യുപ്പ കാട്ടുപന മുറിച്ച് പനച്ചോര്‍ അന്നമാക്കിയിരുന്നു. വിരലും മുഴവും അളന്ന് ചീട്ടിത്തുണിയില്‍ നിന്നും ചീന്തിക്കീറിയ ഉടയാടകളായിരുന്നു അന്ന് അവരുടെ ഔറത്ത് മറച്ചത്. മേല്‍മുണ്ട് ഉണങ്ങുന്നതുവരെ കീഴ്മുണ്ടുടുത്തു. ശേഷം അതലക്കി അയലില്‍ തോരാനിട്ടു. രണ്ട് നീളന്‍ തുണികൊണ്ടവര്‍ ജീവിതം മറച്ചു. മൂന്നാമത്തേതിന്ന് മരണംവരെ കാത്തിരുന്നു.
മഴയെപ്പേടിച്ച
മേല്‍ക്കൂരകള്‍
കുറ്റിയിടാന്‍ വാതിലുകളുണ്ടായിരുന്നില്ലന്ന്. പേടി ഇല്ലാത്ത മനസായിരുന്നു അന്നത്തെ വാതില്‍പൂട്ട്. പാഠപുസ്തകം മറിച്ച് സാക്ഷരത പഠിക്കേണ്ട പ്രായത്തില്‍ പള്ളിക്കൂടങ്ങളിലേക്ക് പോവേണ്ടതിന്ന് പകരം ഞങ്ങളന്ന് വെയില്‍ കത്തുന്ന പാടത്തേക്ക് വയറ്റുവിശപ്പിന്ന് മരുന്ന് തേടിപ്പോയി. വിശക്കുന്നവന്റെ ദൈവം വറ്റാണെന്ന സത്യം ജീവിതത്തിന്റെ പാഠശാലയില്‍ നിന്ന് ചൊല്ലിപ്പടിച്ചു. പരീക്ഷകള്‍ക്കിരുക്കാതിരുന്നിട്ടും ജീവിതത്തില്‍ വിജയിച്ചു. അന്നാന്നത്തെ ചോറും ചാറും എന്നതിനപ്പുറത്തേക്ക് ജീവിതത്തിന് അഭിലാഷങ്ങള്‍ ഇല്ലായിരുന്നു. വിശപ്പില്‍ നിന്ന് നിറഞ്ഞ വയറിലലേക്ക് അറ്റുവീഴുന്ന മോഹങ്ങളെ അന്നുണ്ടായിരുന്നുള്ളൂ.
ചീടി മിനുക്കിയ ചുമരും കരി തേച്ച നിലവും. അതായിരുന്നു വീടിന്റെ പത്രാസ്. എവിടെലും കിണര്‍ കുഴിക്കുന്നൂന്ന് കേട്ടാല്‍ അങ്ങോട്ട് പോവും. വീട്ടുകാരനോട് സമ്മതമാക്കി ചീടിമണ്ണെടുത്ത് മടങ്ങും. ഓല മേഞ്ഞതായിരുന്നു ഭൂരിപക്ഷ വീടുകളും. മഴ കനക്കുമ്പോള്‍ അകവും നനയും. വെള്ളം ചോരുന്ന ഇടത്തില്‍ ചോറ്റുപാത്രം കൊണ്ടുവയ്ക്കും. പലയിടങ്ങളിലായി പെയ്യുന്ന ഇടങ്ങളുണ്ടാവും. കുട്ടികള്‍ മണ്‍പാത്രങ്ങള്‍ക്കരികിലിരിക്കും. ആദ്യം ഏത് നിറയുമെന്ന് മത്സരിക്കും. നിറഞ്ഞ പാത്രങ്ങള്‍ വീട്ടിലെ പെണ്ണുങ്ങള്‍ മുറ്റത്ത് കൊണ്ടൊഴിക്കും. കാറ്റ് കടുപ്പം കാട്ടുന്ന രാത്രികളില്‍ ഉള്ളിലെ ഭയപ്പാട് കൂടിക്കൂടി വരും. മേല്‍ക്കൂര ഇളകും. ഇടിമിന്നല്‍ അകത്തേക്ക് വന്ന് പേടിപ്പിക്കും. പ്രാര്‍ഥന പുതച്ച് കിടക്കും.
പണിപ്പാടത്തെ ചേറും
ഉച്ചക്കഞ്ഞിയിലെ
ചാറും
കാലിച്ചായയും കുടിച്ചാണ് പണിപ്പാടത്തേക്കുള്ള നടത്തം. പച്ചപ്പായിരുന്നു അന്നത്തെ നാട്ടിടവഴികളുടെ തളിരും തൂമ്പും. പുഴ, കാട്, കുന്ന്, തോട്, കുളങ്ങള്‍, നീര്‍ച്ചാലുകള്‍... സദാ കുളിച്ചൊരുങ്ങി നില്‍ക്കുന്ന പ്രകൃതി. മനുഷ്യന് വേണ്ടതൊക്കെയും മണ്ണായിരുന്നു തന്നത്. മണ്ണിന്റെ വിസ്തൃതി കൂടുന്നതിനനുസരിച്ചായിരുന്നു മനുഷ്യന്റെ വിശാലതയും. ഉള്ളവന്‍ ഉള്ളവനായും ഇല്ലാത്തവന്‍ അങ്ങനെതന്നെയും തുടരുന്ന കാലം.
ചുറ്റുവട്ടങ്ങളിലെ പാടത്തും പറമ്പിലൊമൊക്കെയായിരുന്നു പണി. രാവിലത്തെ കാലി കുടിച്ചിറങ്ങിയാല്‍ പിന്നെ പണി നിര്‍ത്തുന്നത് വൈകുന്നേരമാണ്. ഉച്ചവെയില്‍ പഴുത്തുകിടക്കുന്ന നേരത്ത് ആകാശത്തിന് തൊട്ടുചോട്ടിലെന്നപോലെ നിന്ന് മോന്തിയാവോളം പറമ്പ് കിളച്ചാല്‍ ഞങ്ങള്‍ക്കന്ന് കിട്ടുന്നത് എട്ടണയോ പന്ത്രണ്ടണയോ ഒക്കെയാണ്. ഒരു രൂപ മുതിര്‍ന്നവര്‍ക്കുള്ളതാണ്. ഒരു രൂപക്ക് അന്ന് രണ്ട് കിലോ അരികിട്ടും. പണിക്ക് പോയില്ലെങ്കില്‍ വിശപ്പുണങ്ങാത്ത കാലം. പട്ടിണിയുടെ പൊറുതിക്കേടുകള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അനുഭവിച്ചറിഞ്ഞിരുന്നു.
വീടിനകത്തെ നിശബ്ദ നിലവിളികളാണ് പ്രായത്തിന്റെ പാകത എത്തും മുന്‍പേ കൈക്കോട്ടു പണിക്കാരനാക്കിയത്. വിശപ്പ് വീടകങ്ങളില്‍ പ്രശ്‌നക്കുരുക്ക് തീര്‍ക്കുമ്പോള്‍ വീട്ടിലുള്ളവര്‍ പരിഹാരക്രിയ മുതിര്‍ന്നവരില്‍ നിന്നാണല്ലോ പ്രതീക്ഷിക്കുക. നിസഹായതയുടെ സമയങ്ങളില്‍ അകത്തുള്ളവര്‍ നിര്‍ബന്ധിത രക്ഷാകര്‍തൃത്വം കല്‍പിച്ചു തരുമ്പോള്‍, മുതിരും മുന്‍പേ ബാപ്പയാവേണ്ട കുട്ടികളാണ് പരാധീന കുടുംബങ്ങളിലെ വലിയ ആണ്‍കുട്ടികള്‍.
വാല്യക്കാരനായ മാനുട്ടി മിടുക്കില്‍ മുതിര്‍ന്നവരെ തോല്‍പിച്ചു. പണിക്കാര്യങ്ങളിലെ ഉശിര് കണ്ട് ചിലര്‍ ദൂരെ ദിക്കിലേക്ക് കൂടെക്കൂട്ടി. വയനാട്, നിലമ്പൂര്, പുതുപ്പാടി, പമ്പ, പാലക്കാട്, കൊച്ചി... എന്നിവിടങ്ങളിലെല്ലാം അലഞ്ഞു. പല പണികളും അന്ന് ചെയ്തു. മരപ്പണി, റോഡ് നന്നാക്കല്‍, പാചകം, കുരുമുളക് പറി... എടുക്കാത്ത പണികളും പോവാത്ത ദൂരങ്ങളും കുറവാണ്.
ഉച്ചച്ചോറ് തിന്ന് വൈകുന്നേരച്ചായക്ക് വിദേശത്തെത്തുന്ന വിമാനങ്ങള്‍ പറക്കുന്ന കാലമായിട്ടും എനിക്കിപ്പഴും കാല്‍വണ്ടിയാണിഷ്ടം. അങ്ങാടിയിലേക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ചെട്ട് പ്രാവശ്യമെങ്കിലും ഞാനിപ്പഴും പോവാറുണ്ട്. ഓരോരോ തോന്നലിന് ഓരോരോ ഇറക്കങ്ങളാണ്. ബേജാറുപിടിച്ച് നടന്നുതീര്‍ത്ത അന്നത്തെ നെട്ടോട്ടങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ല. ഇന്നാര്‍ക്കും നടക്കാന്‍ വയ്യാണ്ടായി. മടിയാണ് മനുഷ്യനെ നടത്തുന്നത്. നടത്തം കുറഞ്ഞപ്പോ മനുഷ്യന്മാര്‌ടെ ആരോഗ്യവും മോശായി. അന്ന് നാടാകെ നാട്ടിടവഴികളായിരുന്നു. എവിടേക്കും എങ്ങനെയും പോയിവരാവുന്ന വരമ്പും വയലും. അന്നത്തെ മനുഷ്യന്മാരുടെ മനസുപോലെ...
നാട് വിട്ട് പണിക്ക് പോയപ്പോള്‍ മരപ്പണിക്കാര്‍ക്ക് കഞ്ഞിവയ്ക്കലായിരുന്നു ആദ്യം. മുതലാളിയുടെ പിരിശം പറ്റി ചിലയിടങ്ങളില്‍ നിന്ന് അധിക കൂലിയും കിട്ടിത്തുടങ്ങി. നേരവും കാലവും നോക്കാതെയുള്ള അലച്ചിലായിരുന്നു അന്നത്തെ വിനോദം. പണി തേടി പലപല നാടുകളിലേക്കുള്ള അലച്ചില്‍ എനിക്കന്ന് ഹരംപോലെ തോന്നിയിരുന്നു. ദൂരേക്ക് പോയാല്‍ താമസവും ചെലവും ഫ്രീ കിട്ടും ആഴ്ചയിലും മാസത്തിലുമായി തിരിച്ചുപോരുമ്പോള്‍ പണിക്കൂലി കൂട്ടിവാങ്ങാം. അന്നന്ന് വാങ്ങുമ്പോള്‍ അതങ്ങനെ തീര്‍ന്നുപോകും.
വിശപ്പായിരുന്നു
വലിയ വിഷയം
നൈരാശ്യത്തിന്റെ പാകമായ വേവാണ് അന്നത്തെ അടുക്കളകള്‍. വൈകാരികത മുനിഞ്ഞുകത്തുന്ന ഇടമാണ് അന്നുള്ളവരുടെ ജീവിതത്തില്‍ അടുക്കളക്കുള്ള സ്ഥാനം. ഉമ്മറംപോലെ അടുക്കളയും അലങ്കാരമായി മാറിയ ഇക്കാലത്ത് അന്നത്തെ അടുക്കളക്കഥകള്‍ പറയുമ്പോള്‍ മനസില്‍ കരിഞ്ഞ പുക നിറയുന്നപോലെ തോന്നുന്നു. പെണ്ണുങ്ങള്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥമായി നടന്ന ഇടം അടുക്കളകളിലാണ്. അടുക്കളയില്‍ നടന്നു തീര്‍ത്തത്ര വീടിന്റെ ചുറ്റിടങ്ങളില്‍ അവര്‍ നടന്നിട്ടുണ്ടാവില്ല. വേവിക്കാന്‍ എന്തുണ്ടെന്ന വേദനയുടെ പിടിയലമര്‍ന്ന അന്നത്തെ പെണ്ണുങ്ങളുടെ ദീര്‍ഘവും നിരന്തരവുമായ അടുക്കള സഹനം ഓര്‍മക്കുറിപ്പുകളില്‍ നിന്ന് വെട്ടിമാറ്റാനാവുന്നതല്ല.
നേരം വെളുക്കുമ്പോഴേ ഉമ്മാക്ക് ഉള്ളിലൊരു വിങ്ങലാണ്. ഞങ്ങളുണരുമ്പോള്‍ എന്തു വേവിച്ച് തരുമെന്ന ആവലാതിയുമായി മണ്‍കലം തുറന്നു നോക്കുമ്പോള്‍ വറുക്കാനുള്ള അരി തീര്‍ന്നുപോയിട്ടുണ്ടാകും. അരി വറുത്തതാണ് അന്നത്തെ മിക്ക വീടുകളിലേയും രാവിലെച്ചായക്കുള്ള കൂട്ട്. മുതിര വറുത്ത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് വേറൊന്ന്. തൊടിയില്‍ പോയി ഉമ്മ പൂള പറിച്ചു കൊണ്ടുവന്ന് ചെറുതായി അരിഞ്ഞ് നട്ടുച്ചവെയിലില്‍ ഉണക്കാന്‍ വയ്ക്കും. ഉണക്കപ്പൂള ഇടിച്ചു പൊടി പരിവത്തിലാക്കും. അതെടുത്ത് പൂളപ്പതിരിയുണ്ടാക്കും.
തൊടിയിലെ കാവുത്ത് പറിച്ച് ചെറിയ കഷ്ണങ്ങളാക്കി കഞ്ഞിവച്ചു തരും. അരി കുത്തുമ്പോള്‍ കിട്ടുന്ന പ്രത്യേകതരം തവിടുണ്ട്, അതുകൊണ്ട് കഞ്ഞിവെക്കും. ചുരുക്കത്തില്‍ രണ്ടുനേരം കഞ്ഞി കിട്ടും. ബാക്കിയൊക്കെ ഭാഗ്യം പോലെ സംഭവിക്കാനുള്ളതാണ്. ജീവിതത്തിന്റെ കിണറില്‍ നിന്ന് എപ്പോഴും വിശപ്പിനെ കോരിയെടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍.
കല്യാണപ്പുരകളാണ് അന്നത്തെ മുന്തിയ അടുക്കള. വയറിന്റെ വീതിയും വിശാലതയും ആകേയറിയുന്ന എണ്ണം പറഞ്ഞ നാളുകളില്‍ ഒന്നാണന്ന്. രാക്കല്യാണങ്ങളാണ് അന്നേറെയും. വിളിച്ച വിളിയുടെ വിളമ്പിവച്ച വിരുന്നിലേക്കല്ല അന്ന് ആളുകള്‍ പോയിരുന്നത്, വിളിക്കാത്ത കല്യാണങ്ങള്‍ക്കാണ്. വിശപ്പിന്റെ തീര്‍ത്തും നിഷ്‌കളങ്കമായ പുറപ്പെട്ടലുകളായിരുന്നത്. ഒരുങ്ങിയിറങ്ങുന്ന പുതിയാപ്ല കൂട്ടത്തില്‍ മുതിര്‍ന്നവരറിയാതെ കുട്ടികള്‍ കയറിക്കൂടും.
റാന്തലും ചൂട്ടൊക്കെ ഞാന്‍ പിടിക്കാം എന്ന ഉപായം പറഞ്ഞ് കൂട്ടത്തില്‍ കൂടാന്‍ നോക്കും. അതിന് സമ്മതം കിട്ടിയില്ലെങ്കില്‍ പുതിയാപ്ലക്കൂട്ടം ഇറങ്ങുന്നതിന് മുന്നേ അവരെത്തേണ്ട ഇടത്തിലെ ഇരുട്ടില്‍ ആരും കാണാതെ ഒളിച്ചിരിക്കും. അവരെത്തുമ്പോള്‍ ആരുമറിയാതെ കൂട്ടത്തില്‍ ഒരാളാവും. പേരുകേട്ട തറവാട്ടില്‍ മുന്‍പ് നടന്ന കല്യാണപ്പന്തലില്‍ വച്ച് ആദ്യമായി ബിരിയാണി ബെയ്ച്ചത് ഓര്‍ക്കുമ്പോള്‍ പോലും മനസില്‍ ഉമിനീരിറങ്ങും.
നിരത്തിയിട്ട കസേരകളില്‍ ഒന്നില്‍ ഓടിപ്പോയിരുന്ന് തിന്നു തീര്‍ത്ത ആ പടച്ചോന്‍ ചോറിന്റ രുചി ഇന്നും ഓര്‍മയിലുണ്ട്. വീട്ടിലെ പലകയിലിരുന്ന് വസിയില്‍ ഉമ്മ വിളമ്പിത്തരുന്നത് മാത്രം തിന്നു പരിചയിച്ച അന്നത്തെ തലമുറക്ക് കല്യാണച്ചെമ്പിലെ ചോറും ചാറും പടച്ചവന്റെ വിരുന്നു സല്‍ക്കാരങ്ങളായിരുന്നല്ലോ. തിന്നുന്നതൊന്നും ഉണ്ടാക്കുകയോ, ഉണ്ടാക്കിയാതൊക്കെ തിന്നുകയോ ചെയ്യാത്ത ഇക്കാലത്ത് ഇതൊക്കെ പറഞ്ഞ് കേള്‍ക്കും മന്‍ഷന്മാര് വിശ്വസിക്കോന്നറിയൂല.
വിശപ്പായിരുന്നു വലിയ വിഷയം. നിവൃത്തികേടുകൊണ്ട് ആരാന്റെ പറമ്പില്‍ കയറി അവരറിയാതെ ചിലര്‍ പൂളയും ചക്കയുമൊക്കെ എടുത്തു കൊണ്ട് പോവും. കാലിന് മുടന്തുള്ള ആളുടെ മണ്ണിലമര്‍ന്ന കാല്‍പാടുകള്‍ കണ്ട് ആളെപ്പിടിച്ച സംഭവൊക്കെ ഉണ്ടായിട്ടുണ്ട്. മക്കള്‍ വിശന്നു കരഞ്ഞിട്ടാണ്, നിവൃത്തി ഇല്ലാഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞ് ആ മനുഷ്യന്‍ കരഞ്ഞു. വിചാരണക്ക് പോയവര്‍ പുക പൊന്താത്ത അവരുടെ അടുക്കള കണ്ടു മടങ്ങി. അടുപ്പുകല്ലിലേക്ക് എടുത്തുവയ്ക്കാന്‍ അരിവക ഇല്ലാത്തതു കാരണം, കാലിയായി കിടക്കുന്ന കഞ്ഞിപ്പാത്രം അവരുടെ മുറ്റത്ത് കിടപ്പുണ്ടായിരുന്നു. ജീവിതമെന്ന മതില്‍ക്കെട്ടിനകത്ത് ദാരിദ്ര്യമെപ്പോഴും ഒറ്റക്ക് നിന്ന് മഴകൊണ്ട വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവരുടെ കണ്ണിലും സങ്കടം നനവ് പാറ്റുന്നുണ്ടായിരുന്നു.
ഓത്തുപള്ളിക്കാലം
മതം പറഞ്ഞും പഠിപ്പിച്ചിച്ചും മലയാളക്കര നേടിയെടുത്ത അഭിമാനത്തിന്റെ കഥകളിലെ തുറന്നുവച്ച ആദ്യ അധ്യായം ഓത്തുപള്ളികളുടെതാണ്. ഓത്തു പള്ളികളില്‍ നിന്നാണ് അന്നത്തെ മനുഷ്യര്‍ അലിഫിന്റെ പൊരുളിനെ കണ്ടെത്തിയത്. എഴുത്താണി പിടിച്ച് താളിയോലയിലെഴുതിയ കാലം, ചൂണ്ടുവിരല്‍ പിടിച്ച് ഉണക്കമണലിലെഴുതിയ പഴയ ഓത്തുപുര പഠനകാലം. ഓത്തുപലകയിലാണ് അക്ഷരമെഴുത്ത്. ചീടിമണ്ണ് തേച്ച പലക വെയിലില്‍ വച്ചുണക്കണം. അക്ഷരങ്ങള്‍ തെളിഞ്ഞുകിട്ടാനുള്ള സൂത്രപ്പണിയാണിത്. ഉണങ്ങിയ അതിന്റെ പ്രതലത്തില്‍ മഷിയില്‍ മുക്കിയ കലമുക്കൊണ്ടെഴുതും. ആകാശത്ത് മഴവില്ലെന്നപോലെ വക്കുപൊട്ടിയ ഓത്തുപലകയിലപ്പോള്‍ വാക്കുകള്‍ തെളിഞ്ഞുകാണും.
ഫാത്തിഹ എഴുതി പൂര്‍ത്തിയാവുന്ന അന്ന് പെരുന്നാളാണ്. അകത്തും പുറത്തും അതിന്റെ കലപിലകള്‍ കേള്‍ക്കാം. കുട്ടികളൊക്കെയും അന്ന് പതിവില്‍ കൂടുതല്‍ ഉല്ലാസരായിരിക്കും. അറബി അക്ഷരമാലകള്‍ എഴുതിപ്പടിച്ചതിന് തൊട്ടുടനെയാണ് ഫാത്തിഹ എഴുതിത്തുടങ്ങുക. അന്ന് ചീരണിയുണ്ടാവും. ചക്കരയും തേങ്ങാപൂളുമാണ് ചീരണിയായി കിട്ടുക. ചീരണി കിട്ടുമല്ലോ എന്ന പൂതിയിലാണ് അന്ന് ഞങ്ങള്‍ ഫാത്തിഹ പൂര്‍ത്തിയാക്കിയത്.
പഴയ കാലത്ത് മലബാറിലെ നാട്ടിമ്പുറങ്ങളില്‍ കാര്യസാധ്യത്തിന് വേണ്ടി നേര്‍ച്ചനേരലുകള്‍ സജീവമായിരുന്നു. അവരവരുടെ നാട്ടില്‍ ഖബറടക്കപ്പെട്ട പുണ്യാത്മക്കള്‍ക്ക് പ്രതിഫലം കിട്ടാനായി അവര്‍ നേര്‍ച്ച നേരുന്നത് പോലെത്തന്നെ വീട്ടില്‍ ആര്‍ക്കെങ്കിലും വയ്യായ്ക വന്നാല്‍ യതീം കുട്ടികള്‍ക്കും ഓത്തു പഠിക്കുന്നവര്‍ക്കും ഭക്ഷണം നേര്‍ച്ചയാക്കും. പ്രാര്‍ഥനയേക്കാള്‍ വലിയ മരുന്നോ പടച്ചവനേക്കാള്‍ വലിയ ഭിഷഗ്വരനൊ ഇല്ലെന്ന വിശ്വാസത്തില്‍ ബലപ്പെട്ടലായിരുന്നു അത്തരം നേര്‍ച്ചകള്‍. അത്തരം ദിവസങ്ങളില്‍ നേര്‍ച്ചവീടുകളില്‍ കുട്ടികളെ കൊണ്ടുപോകും. വിശപ്പ് മാറുവോളം തിന്നാനുള്ളത് കിട്ടും. വീടുകളിലെ നേര്‍ച്ചയും കുട്ടികള്‍ക്കുള്ള ചോറും സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു.
ഓത്തുപള്ളിക്ക് ശേഷമാണ് പള്ളിദര്‍സുകള്‍ സജീവമാകുന്നത്. ഓത്തുപഠിച്ച കുട്ടികള്‍ക്ക് ഓതിപഠിക്കാനുള്ള ഇടമാണ് പള്ളിദര്‍സുകള്‍. ദാരിദ്ര്യം കാരണമായി പട്ടിണി ഇല്ലാതെ ജീവിച്ചോട്ടെ എന്ന നിയ്യത്തില്‍ പള്ളിദര്‍സില്‍ മക്കളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളായിരുന്നു ഭൂരിഭാഗവും. ദര്‍സ് പഠനം ഒരു ഉപജീവനോപാധിയായി മാറിപ്പോയതിന് ദാരിദ്ര്യമാണ് കാരണം. പൊതുവേ മതപഠിതാക്കളുടെ അക്കാലത്തെ മുഖമുദ്ര നിരാലംബതയായിരുന്നു. ഏതളവില്‍ പഠിച്ചവരും ഒരേ വിലാസത്തില്‍ അറിയപ്പെട്ടു. പള്ളിദര്‍സില്‍ ഉറങ്ങിയുണര്‍ന്ന് കാലം തീര്‍ന്നവനും അറിവിന്റെ ആകാശങ്ങള്‍ താണ്ടിയവനും ഒരേ വേഷമണിഞ്ഞു, മോല്യാരുട്ടി.
ദാരിദ്ര്യത്തിന്റെ മരുഭൂവാസക്കാലത്താണ് ഓത്തുപഠിച്ചത്. നെയ്‌ച്ചോറും നെയ്യില്‍ പൊരിച്ചതുമൊന്നും പെരുന്നാളിന്ന് പോലും കിട്ടാത്തൊരു കാലം. കപ്പയും കറുമൂസയും, ചക്കയും ചക്കക്കുരുവും മാത്രം അടുക്കളയില്‍ വന്ന് കയറുന്ന പകലുകള്‍.
കിതാബോതി പഠിക്കുന്ന മുസ്‌ലിയാര്‍ കുട്ടിക്ക് കൊടുക്കാനുള്ള അരിമാത്രം കഞ്ഞിക്കലത്തിലേക്കിട്ട് വറ്റ് മോല്യാര്‍ക്കും കഞ്ഞിവെള്ളം വീട്ടരും കുടിച്ച് വിശപ്പടക്കി. ചെലവുകുടിയിലെ കഞ്ഞിക്കലത്തിലാണന്ന് മാപ്പിളയുടെ ദീന്‍ വെന്തുപാകമായത്.
പള്ളി ചെരുവിലെ മൂലയിലിരുന്ന് കിതാബോതി പഠിച്ച വയോധികരായ പഴയകാല പണ്ഡിതന്മാര്‍ക്ക് കഞ്ഞിയും മുളക് ചുട്ടതും കൂട്ടി അല്‍ഫിയ മന:പാഠമാക്കിയ കാലത്തെക്കുറിച്ച് പറയുമ്പോള്‍ കണ്ണ് നിറഞ്ഞ് പോവുന്നതിന്റെ കാരണം അന്ന് വിശപ്പിനെ സ്‌നേഹംകൊണ്ട് ഊട്ടിയ ചെലവ് വീട്ടിലെ ഉമ്മാമയെ ഓര്‍ത്തുപോവുന്നത് കൊണ്ടാണ്. പങ്കപ്പാടിന്റെ ആകാശത്തിന് ചുവട്ടില്‍ ജനിച്ചുവളര്‍ന്നത് കൊണ്ടാവണം അതിന്റെയൊരു തെളിമ അവരുടെ വ്യക്തി ജീവിതത്തിലുമുണ്ടായിരുന്നു. പുതിയ കാലത്തിരുന്ന് പഴയ കാലത്തെ ഓര്‍മിച്ചെടുക്കുമ്പോള്‍ മനസിലേക്കൊരു വേദന വേച്ചുവേച്ച് വരും. ഓര്‍മയില്‍ നിന്ന് രൂപപ്പെടുന്ന കൈത്തോട് പല ചിന്തകളിലൂടെ സഞ്ചരിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. കാരണം മനുഷ്യ മഹത്വത്തെ മഹനീയമായി കണ്ട പഴയ കാലമണ് മനസിനെ തൊടുന്ന നല്ല അനുഭവങ്ങള്‍ നമുക്ക് തന്നത്.
ഓര്‍മയുടെ വെളിച്ചക്കടലുകള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന എത്രയോപേര്‍ നമുക്കിടയിലുണ്ട്. കാഴ്ചയില്‍ കൂട്ടത്തിലൊരാളായി ജീവിക്കുമ്പഴും, ഭൂതകാലത്തിന്റെ ഇരമ്പുന്ന ഓര്‍മകളാല്‍ അവര്‍ സമ്പന്നരായിരിക്കും. ജീവിതം എന്ന യാഥാര്‍ഥ്യത്തോടൊപ്പം ഒറ്റക്കുള്ള ഓട്ടപ്പാച്ചിലിലായിരിക്കും അവരെപ്പോഴും. തണലിടങ്ങളില്‍ വിശ്രമജീവിതം നയിക്കുന്ന വെയിലും വേനലുമുള്ള മനുഷ്യരുടെ ജീവിതം ഉള്ളിലിട്ട് കുടയുമ്പോള്‍ കിട്ടുന്ന ഉള്‍കാഴ്ചകളാണ്, വേറെത്തന്നെയായി നില്‍ക്കുന്ന മനുഷ്യരുടെ ജീവിതം നമുക്ക് തരുന്ന സ്‌നേഹസമ്മാനം. കാലത്തിന്റെ ഛായാചിത്രങ്ങള്‍ ഓര്‍മയില്‍ തൂക്കിവച്ചു നടക്കുന്നവരെ കേള്‍ക്കാതിരിക്കുന്നു എന്നതാണ് നമ്മോട് നാം ചെയ്യുന്ന തെറ്റ്. ഓര്‍മയുടെ താളവേഗങ്ങളെ പുണര്‍ന്നുനില്‍ക്കുന്ന ഈ മനുഷ്യനെ ഓര്‍മയുടെ ഉമ്മറം എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."