കൊവിഡിൽ അനാഥരായി 90 കുട്ടികൾ
അജേഷ് ചന്ദ്രൻ
കണ്ണൂർ
കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അനാഥരായത് 90 കുട്ടികൾ. അനാഥരായ കുട്ടികൾ രണ്ടു തരത്തിലാണ്. അച്ഛനും അമ്മയും കൊവിഡ് ബാധിച്ചു മരിച്ചവർ. മാതാപിതാക്കളിൽ ഒരാളെ നേരത്തേ നഷ്ടപ്പെട്ട്, രണ്ടാമത്തെയാൾ കൊവിഡ് ബാധിച്ചു മരിച്ചവർ. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ 980 കുട്ടികളുമുണ്ട്.
ആരോഗ്യവകുപ്പാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾക്ക് അച്ഛനമ്മമാരെ നഷ്ടമായത്. ഇവിടെ 16 കുട്ടികൾ അനാഥരായി. തിരുവനന്തപുരത്ത് 10. എറണാകുളത്ത് ഒമ്പതും കോട്ടയത്ത് എട്ടും കുട്ടികളുടെയും മാതാപിതാക്കളെ കൊവിഡ് കവർന്നെടുത്തു. ആലപ്പുഴയും പാലക്കാടും കോഴിക്കോടും കാസർകോടും ഏഴുവീതം കുട്ടികൾക്ക് അച്ഛനമ്മമാരില്ലാതായി.
കണ്ണൂർ രണ്ട്, മലപ്പുറം അഞ്ച്, ഇടുക്കി നാല്, പത്തനംതിട്ട മൂന്ന്, കൊല്ലം അഞ്ച് എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്കുകൾ. വയനാട് ജില്ലയിൽ ഇത്തരത്തിലുള്ള കുട്ടികൾ ഇല്ല. ജില്ലാ ശിശു സംരക്ഷണ ഓഫിസർമാർ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്. കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് മൂന്ന് ലക്ഷം രൂപ വീതം അവരുടെ പേരിൽ നിക്ഷേപിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 18 വയസാകുന്നതു വരെ പ്രതിമാസം 2000 രൂപ നൽകുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്കൂൾ വിദ്യാഭ്യാസവും കേന്ദ്രസർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."