കെ.എസ്.ആർ.ടി.സിയെ അവശ്യ സർവിസാക്കുന്നത് പരിഗണിക്കും: മന്ത്രി
തിരുവനന്തപുരം
തൊഴിലാളി യൂനിയനുകൾ പണിമുടക്കി ജനങ്ങളെ വലയ്ക്കുന്ന പ്രവണത തുടർന്നാൽ കെ.എസ്.ആർ.ടി.സിയെ അവശ്യ സർവിസായി പ്രഖ്യാപിക്കുന്നതു പരിഗണിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു.
യൂനിയനുകളുടെ ഈ പ്രവണത കൈയും കെട്ടി നോക്കിനിൽക്കാനാവില്ല. ഇതു തുടരാനാണ് തീരുമാനമെങ്കിൽ സർക്കാർ നിയമനിർമാണത്തിലേക്കു പോകും. അവശ്യ സർവിസായി പ്രഖ്യാപിച്ചാൽ അതു തടയുന്നത് ഗുരുതര കുറ്റകൃത്യമാകും. കൊവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സിയൂനിയനുകൾ നടത്തുന്ന പണിമുടക്ക് അംഗീകരിക്കാനാവില്ല.സർക്കാരിനു 30 കോടി രൂപയുടെ അധികബാധ്യത വരുന്ന ശമ്പള പരിഷ്കരണമാണ് യൂനിയനുകൾ മുന്നോട്ടുവച്ചിരിക്കുന്നത്. അതു ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും യൂനിയനുകൾ നൽകിയില്ല. അതിനാൽ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകളുമായി സർക്കാർ തൽക്കാലം മുന്നോട്ടുപോകുന്നില്ല. കെ.എസ്.ആർ.ടി.സിക്ക് ഒരു രൂപ പോലും വരുമാനമില്ലാത്ത സമയത്തുപോലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകിയിട്ടുണ്ട്. അത്തരത്തിൽ ജീവനക്കാരുമായി നല്ല സഹകരണത്തിലാണ് സർക്കാർ പോകുന്നത്. അങ്ങനെയുള്ള സർക്കാരിനെ മുൾമുനയിൽ നിർത്തി കാര്യം കാണാൻ ശ്രമിക്കുന്നതു ശരിയാണോ എന്നു യൂനിയനുകൾ ചിന്തിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."