ബേബി ഡാമിലെ മരംമുറി ഉത്തരവ് സർക്കാർ ആദ്യം ൈകമലർത്തി; പിന്നാലെ മരവിപ്പിച്ചു
തിരുവനന്തപുരം
മുല്ലപ്പെരിയാറിലെ ബേബിഡാം പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്ന വിവാദ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞ സർക്കാർ പിന്നാലെ മരവിപ്പിച്ച് തടിയൂരി.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിന് തുരങ്കംവയ്ക്കുന്നതായിരുന്നു വിവാദ ഉത്തരവ്. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിന് നന്ദി അറിയിച്ച് ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ചർച്ചയായത്. അപകടം മണത്ത സർക്കാർ വൻ പ്രതിഷേധത്തിന് ഇടയാക്കുമായിരുന്ന ഉത്തരവ് ഇന്നലെ രാവിലെയാണ് മരവിപ്പിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികൾക്കായി 15 മരങ്ങൾ മുറിക്കാൻ അനുമതിനൽകിയാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തരവിറക്കിയത്. സ്റ്റാലിന്റെ നന്ദിപറച്ചിൽ വാർത്തയായതോടെ ഒന്നുമറിയില്ലെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി ശനിയാഴ്ച രാത്രി തന്നെ വനം മന്ത്രി വാർത്താക്കുറിപ്പിറക്കിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ മാധ്യമങ്ങളെ കണ്ട വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉത്തരവ് മരവിപ്പിച്ചതായി അറിയിക്കുകയായിരുന്നു. ഉത്തരവിറക്കിയത് സർക്കാർ അറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും മന്ത്രി വിശദീകരിച്ചു. വീഴ്ചയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇന്നലെ ഉച്ചയോടെ വനംവകുപ്പ് ഇതുസംബന്ധിച്ച റിപ്പോർട്ട് മന്ത്രിക്ക് നൽകി. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."