കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ നിര്‍മാണ ക്രമക്കേട്: ചീഫ് എന്‍ജിനീയര്‍ ആര്‍.ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ നിര്‍മാണക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം. ഗതാഗതമന്ത്രിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.
ക്രമക്കേടുകളെത്തുടര്‍ന്ന് ഇന്ദുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടിയെടുത്തിരുന്നത്.
ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ആര്‍. ഇന്ദുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും ധനകാര്യ പരിശോധനാ വിഭാഗം സമര്‍പ്പിച്ചിരുന്നു.
എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും 12 ബേ ഗാരേജിന്റെയും അടിത്തറയ്ക്ക് ഗുരുതരമായ അപാകതയുണ്ടെന്ന് കണ്ടെത്തിയിട്ടും കരാറുകാരന് ഉദ്യേഗസ്ഥ തുക അനുവദിച്ചു. കെട്ടിടത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ കെ.എസ്.ആര്‍.ടി.സി സിവില്‍ വിഭാഗം മേധാവിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി.
ലൈസന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ചീഫ് എന്‍ജിനിയര്‍ അനുവദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഹരിപ്പാട് ഡിപ്പോയിലെ കരാറുകാരന് ചട്ടവിരുദ്ധമായി കാലാവധി നീട്ടിനല്‍കി.
തൊടുപുഴ ഡിപ്പോയിലെ യാര്‍ഡ് നിര്‍മാണ കാലാവധി ആറുമാസത്തില്‍ നിന്ന് 11 മാസം കൂടി നീട്ടിനല്‍കി.
കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമമുറിയും ഓഫിസ് മുറിയും നിര്‍മിച്ച കരാറുകാരനെ സഹായിക്കുന്നതരത്തില്‍ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ അവധിയില്‍പോയ ഉദ്യോഗസ്ഥ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഹൗസിങ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."