കർഫ്യൂനഗരത്തിനുള്ളിലെ നഗരം
ഡൽഹി നോട്സ്
കെ.എ സലിം
കശ്മിർ കർഫ്യൂവിൽ മുങ്ങിനിന്ന 2010 ഒാഗസ്റ്റിലൊരു ദിവസം സുഹൃത്ത് ഷാഹിദ് ശ്രീനഗർ ഡൽഗേറ്റിലെ ഗലിയിലെ ഇടവഴി കാട്ടിത്തന്നു. ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ് കശ്മിർ. രണ്ടു ദിവസമായി ശ്രീനഗറിൽ കടകളൊന്നും തുറന്നിട്ടില്ല. ഇനിയെന്ന് തുറക്കുമെന്നറിയില്ല. ഇടവഴിയിൽ ഗലികൾ പലവഴികളായി തിരിയുന്നിടത്ത് മറ്റൊരു ഇടവഴികൂടിയുണ്ട് അതിലൂടെ പലവഴികൾ മുന്നോട്ടുനടന്നു. അതിനപ്പുറത്ത് പിറകിലേക്ക് തുറന്നിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ. ഏതൊരു കർഫ്യൂവിനെയും അതിജീവിക്കാൻ കശ്മിരിന് അവർക്ക് മാത്രമറിയുന്ന ചില വഴികളുണ്ട്. അതിലൊന്നാണ് നഗരത്തിനുള്ളിലെ നമുക്ക് കാണാനാവാത്ത മറ്റൊരു നഗരം. രണ്ടുനാളത്തെ വിശപ്പിന് ശേഷം വയറു നിറയെ ഭക്ഷണം കഴിച്ചത് അവിടെ നിന്നാണ്. കുറെ ഇടവഴികൾ മാറി തിരിച്ചുനടന്നാൽ വീണ്ടും ഡൽഗേറ്റിലെത്താം. അവിടെ തെരുവുകൾ ശൂന്യമാണ്. എപ്പോഴുമുണ്ടാകുന്ന ഷിക്കാറക്കാർ പോലും അപ്രത്യക്ഷമായിരിക്കുന്നു. സിഗരറ്റ് പുകച്ച് കൂട്ടംകൂടിയിരിക്കുന്ന കുറച്ച് സൈനികർ മാത്രമേയുള്ളൂ.
കശ്മിരിലെത്തിയിട്ട് അന്നേക്ക് നാലാം ദിവസമായിരുന്നു. നോഹട്ട വെടിവയ്പ്പിന്റെ പിറ്റേ ദിവസമായിരുന്നു അന്ന്. വെള്ളിയാഴ്ചയായിരുന്നു നോഹട്ടയിൽ വെടിവയ്പ്പ് നടന്നത്. കർഫ്യൂ ലംഘിച്ച് ജുമുഅക്കായി ഒത്തുകൂടുമെന്ന് കശ്മിരി സംഘടനകൾ പ്രഖ്യാപിച്ചു. എന്നാൽ അത് റിപ്പോർട്ട് ചെയ്യാൻ നോഹട്ടയിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഹുരിയത്ത് നേതാവ് മീർവായിസ് ഉമർഫാറൂഖാണ് നോഹട്ടയിൽ ജുമുഅക്ക് നേതൃത്വം നൽകാറ്. ലാൽചൗക്ക് പാലത്തിൽ സുരക്ഷാസൈനികർ മുൾവേലി കൊണ്ട് വലയം തീർത്തിരിക്കുന്നു. നോഹട്ടയിലേക്കുള്ള പ്രധാന വഴികളെല്ലാം സൈന്യം അടച്ചിരിക്കുന്നു. കുപ് വാരയിൽ രണ്ടുപേർ വെടിയേറ്റു മരിച്ചതായി വാർത്തവന്നു. രോഷാകുലരായ യുവാക്കൾ തെരുവിലിറങ്ങി. പള്ളികളിൽ നിന്നു തക്ബീറുകളും മുദ്രാവാക്യങ്ങളും മുഴങ്ങി. തെരുവിൽ വീണ്ടും അലമുറകളുയർന്നു. ഡൽഗേറ്റിൽ നിന്ന് മറ്റൊരു ഇടവഴിയിലൂടെ നോഹട്ടയിലെത്താമെന്ന് ആരോ പറഞ്ഞു. അയാൾ അവിടെ എത്തിച്ചുതരാമെന്ന് ഉറപ്പുപറഞ്ഞു. വഴിയിൽ രോഷാകുലരായ ഒരുപറ്റം യുവാക്കൾ വാഹനം തടഞ്ഞു. അവിടെയും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ കഴിഞ്ഞതേയുള്ളൂ. മുന്നോട്ടുപോവാനാവില്ല. തൊട്ടടുത്ത് ഏറ്റുമുട്ടൽ നടക്കുകയാണ്. വാഹനത്തിനപ്പുറത്ത് കല്ലുകൾ വന്നു വീണു. പത്രക്കാരനാണെന്ന് പറഞ്ഞപ്പോൾ യുവാക്കൾ വഴിയൊഴിഞ്ഞുതന്നു. കല്ലുകളാണ് യുവാക്കളുടെ ആയുധം.
തൊട്ടപ്പുറത്ത് എന്തിനും തയാറായി നിൽക്കുന്ന സുരക്ഷാസൈനികർക്കു നേരെ അവർ കല്ലെറിഞ്ഞു. സൈന്യം മുന്നോട്ടുവരുന്തോറും യുവാക്കൾ ഗലികളിലേക്ക് പിൻവാങ്ങി. എന്നാലവർ പെട്ടെന്ന് കടന്നുവന്ന് കല്ലെറിയും. തൊട്ടപ്പുറത്ത് നോഹട്ടയിലെ ചരിത്രപ്രസിദ്ധമായ പള്ളിയിൽ നിന്നു മുദ്രാവാക്യം മുഴങ്ങി. പള്ളിക്ക് മുന്നിലും വലിയ ജനക്കൂട്ടം. മീർവായിസ് ഉമർ ഫാറൂഖ് പ്രസംഗിക്കാനായി എത്തിയതോടെ മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിലായി. കശ്മിരി ഭാഷയിലായിരുന്നു മീർവായിസിന്റെ പ്രസംഗം. അതിനിടയിൽ ആളുകൾ ഇടയ്ക്കിടെ മുദ്രാവാക്യം വിളിച്ചു. പള്ളിക്ക് മുന്നിലെ ജനക്കൂട്ടം കൂടിവന്നു. നിസ്കാരം കഴിഞ്ഞതോടെ അവർ പ്രകടനമായി മുന്നോട്ടു നീങ്ങി. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമെന്ന് അവർ അലറിവിളിച്ചു. ആർത്തുവരുന്ന പ്രകടക്കാർക്കുള്ളിൽപ്പെട്ട ഞാൻ ആൾക്കൂട്ടത്തെ തള്ളിമാറ്റി ഒരുവിധം പുറത്തുകടന്നു. പ്രകടനക്കാർ തൊട്ടടുത്ത വളവ് തിരിഞ്ഞതേയുള്ളൂ. പെട്ടെന്ന് തെരുവിനപ്പുറത്തെ ബാരക്കിൽ നിന്നു വെടിമുഴങ്ങി.
പ്രകടനക്കാർ ഗലികളിലേക്ക് ചിതറി. ആർക്കൊക്കെയോ വെടിയേറ്റിരിക്കുന്നു. ഗലികളിൽ നിന്ന് അലർച്ച മുഴങ്ങി. വീണ്ടും വെടിയൊച്ച. എന്നിട്ടും ജനക്കൂട്ടം ഗലികളിൽത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. അവർ പിരിഞ്ഞുപോവുന്നില്ല. വെടിയേറ്റവരെ അവർ വേഗം മാറ്റി. പള്ളിയിൽ നിന്നൊഴുകുന്ന ജനക്കൂട്ടത്തിന് കുറവുണ്ടായിരുന്നില്ല. അത് മറ്റൊരു പ്രകടനമായി മാറി. മീർവായിസ് അവരുടെ മുന്നിലുണ്ട്. ഗലികളിലുണ്ടായിരുന്ന ആളുകൾ അവർക്കൊപ്പം ചേർന്നു. ഇത്തവണ ബാരക്കിൽനിന്ന് വെടിവയ്പ്പുണ്ടായില്ല. ആദ്യ വെടിവയ്പ്പിൽ തന്നെ നോഹട്ടയിലന്ന് മരിച്ചത് രണ്ടു യുവാക്കളായിരുന്നു. നോഹട്ടയിൽ നിന്ന് ബുൽവാഡിലേക്കു മടങ്ങുമ്പോൾ ഗല്ലികൾ ശൂന്യമായിരുന്നു. വഴിയിലൊരിടത്തെ തിരിവിൽ വണ്ടി പെട്ടെന്നു നിന്നു. മുന്നോട്ടുള്ള വഴി മുൾവേലി കെട്ടി അടച്ചിരിക്കുന്നു. അകലെ ഒരു കവചിതവാഹനം കിടക്കുന്നു. പെട്ടെന്ന് ഗല്ലിയിൽ നിന്ന് ഒരാൾ ഓടിവന്നു. അയാളുടെ മുഖത്തു നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു. അപ്പുറത്ത് സി.ആർ.പി.എഫും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. സുരക്ഷാസൈനികർ ജനങ്ങൾക്കെതിരേ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നു. അതിനു പകരമായി ഗല്ലികളിൽ നിന്നു തിരിച്ചു കല്ലേറ്. സൈനികരും തിരിച്ചു കല്ലെറിയുന്നുണ്ട്. തൊട്ടപ്പുറത്തെ വീടിന്റെ ചില്ലുകൾ കവണ ഉപയോഗിച്ചു തകർക്കുന്ന സൈനികൻ. ആരൊക്കെയോ ഓടിവരുന്നു. വേഗം വണ്ടിയിൽ കയറാൻ ഡ്രൈവറുടെ നിർദേശം. അല്ലെങ്കിൽ വണ്ടിയുടെ ചില്ലുകൾ അടിച്ചു തകർക്കും. ശ്രീനഗറിൽ കണ്ട പല കാറുകൾക്കും ചില്ലുകളില്ലായിരുന്നുവെന്ന് ഞാനോർത്തു. ഡ്രൈവർ വണ്ടി മറ്റൊരു ഗല്ലിയിലേക്കു തിരിച്ചുവിട്ടു. അപരിചിതമായ വഴികൾ താണ്ടി ബുൽവാഡിലെത്തുമ്പോൾ ബുൽവാഡിലേക്ക് ഡൽഗേറ്റിൽ നിന്നു തിരിയുന്ന ഭാഗം വളഞ്ഞ് സുരക്ഷാസൈനികരുടെ നീണ്ട നിര. ബുൽവാഡ് മാത്രമല്ല, ശ്രീനഗർ മൊത്തം സൈന്യം വളഞ്ഞിരിക്കുന്നു. സമരം ചെയ്യാനല്ലാതെ ജനം പ്രധാന തെരുവിലക്കിറങ്ങിയിരുന്നില്ല. അവരുടെ ജീവിതം ഞാൻ കണ്ട നഗരത്തിലുള്ളിലെ നഗരത്തിലായിരുന്നു.
മൂന്നുനാൾ മുമ്പൊരു ചാറ്റൽമഴയുള്ളൊരു വൈകുന്നേരം ഡൽഹിയിൽ നിന്ന് വന്നിറങ്ങിയത് കർഫ്യൂ വിജനമാക്കിയ ശ്രീനഗർ നഗരത്തിലേക്കായിരുന്നു. എല്ലാം മൂടിവയ്ക്കുന്ന കർഫ്യൂ പക്ഷേ ഒന്നും മറച്ചുവച്ചിരുന്നില്ല. 1990കളിൽ തെരുവുകളിലും ഗ്രാമങ്ങളിലും മുഴങ്ങിയിരുന്ന ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഇവിടെ തിരിച്ചുവന്നിരുന്നു. എപ്പോഴും തിരക്കുണ്ടാകാറുള്ള ലാൽചൗക്ക് തെരുവിൽ അപ്പോഴും സൈനികർ മാത്രമേയുള്ളൂ. മൈസുമയിൽ കമ്പിവേലികൾ നിരത്തിയിട്ടിരിക്കുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. ഏതാനും മെഡിക്കൽ ഷോപ്പുകൾ മാത്രം തുറന്നിട്ടുണ്ട്. ടെലിഫോൺ ബൂത്തുകൾ, ഇന്റർനെറ്റ് കഫേകൾ തുടങ്ങി പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന മാർക്കറ്റ് വരെ അടഞ്ഞുകിടക്കുന്നു. കശ്മിരിൽ വന്നിറങ്ങിയതോടെ മൊബൈൽ ഫോണും നിശ്ചലമായി. യുവാക്കളെ പൊലിസ് കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോകുന്നുണ്ട്. സംഘർഷം നിറഞ്ഞ മൈസൂമയിലേക്ക് പോവരുതെന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ മുന്നറിയിപ്പ്.
ലാൽചൗക്കിലെ ഇടുങ്ങിയ തെരുവാണ് മൈസൂമ. അവിടെ സൈനികർ കൂട്ടംകൂടി നിൽക്കുന്നു. എവിടെയും കമ്പിവേലികളും ബാരിക്കേഡുകളും. എവിടെനിന്നോ വിശന്നുവലഞ്ഞ ഒരു കശ്മിരി വൃദ്ധൻ പ്രത്യക്ഷപ്പെട്ടു. എവിടെ പോവുന്നു? സൈനികന്റെ അലർച്ച. ഭക്ഷണം കഴിക്കാൻ, അയാൾ തൊട്ടപ്പുറത്തെ തെരുവിലേക്ക് കൈ ചൂണ്ടി. പൊലിസുകാരന്റെ ലാത്തി ഉയർന്നു. അടിവീണു. വൃദ്ധൻ എങ്ങോട്ടോ ഓടിമറഞ്ഞു. തൊട്ടപ്പുറത്ത് ലാൽചൗക്ക് പാലത്തിനരികിലെ ഗല്ലിയിൽ ഏതാനും യുവാക്കൾ കൂട്ടംകൂടി നിൽക്കുന്നു. സ്ത്രീകളുമുണ്ട്. അവരുടെ കൈയിൽ കല്ലുകൾ. തോക്കുകളുമായി നിൽക്കുന്ന സുരക്ഷാസൈനികരുമായി ഒരു വാക്കുതർക്കം കഴിഞ്ഞതേയുള്ളൂ. യുവാക്കൾക്ക് തൊട്ടപ്പുറത്തെ തെരുവിലേക്കു പോവണം. പറ്റില്ലെന്നു സൈന്യം. എവിടെ നിന്നോ കല്ലുകൾ വന്നു വീണു. പൊലിസുകാർ ഗല്ലിയിലേക്കു കുതിച്ചു. അപ്പോഴേക്കും കൂടിനിന്നവർ അപ്രത്യക്ഷരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."